താന്‍ എഐടിയുസി ജനറല്‍ സെക്രട്ടറിയായിരിക്കെ നിര്‍മ്മാണമാരംഭിച്ച പി എസ് സ്മാരകത്തിലെ നടുത്തളത്തില്‍ ഇന്ന് നിശ്ചേഷ്ഠനായിരുന്നു കാനം. അദ്ദേഹത്തിന്റെ സജീവസാന്നിധ്യമുണ്ടായിരുന്ന തൊട്ടപ്പുറത്തെ പാര്‍ട്ടി സെക്രട്ടറിയുടെ മുറി ഒഴിഞ്ഞുകിടന്നു.
അരനൂറ്റാണ്ടിലേറെക്കാലം കാനമെന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ തട്ടകമായിരുന്നു തലസ്ഥാനം. പ്രവര്‍ത്തന കേന്ദ്രം 1970 മുതല്‍ എംഎന്‍ സ്മാരകം, വഴുതക്കാട്ടെ എഐടിയുസി ആസ്ഥാനമായ സുഗതന്‍ സ്മാരകം, പിന്നീട് തമ്പാനൂരിലെയും തുടര്‍ന്ന് പട്ടത്തെയും പി എസ് സ്മാരകം, 2015 മുതല്‍ സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ വീണ്ടും എം എന്‍ സ്മാരകം. ഒടുവില്‍ എംഎന്‍ സ്മാരകം നവീകരണത്തിനായി അടച്ചപ്പോള്‍ പാര്‍ട്ടി ആസ്ഥാനമായി മാറിയ പി എസ് സ്മാരകത്തില്‍.
പാര്‍ട്ടി ഓഫിസിലും നിയമസഭാ സാമാജികരുടെ മന്ദിരത്തിലും അതിനുശേഷം വിവിധ സ്ഥലങ്ങളിലെ വാടകവീടുകളിലും വാസം. ഐടി സംരംഭകനായ മകന്‍ സന്ദീപും ഭാര്യ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയായ താരയും തിരുവനന്തപുരത്ത് താമസമാക്കിയതിനുശേഷം അവര്‍ക്കൊപ്പം. പേട്ട, ഇലിപ്പോട്, ഇടപ്പഴഞ്ഞി, മരുതംകുഴി.. വാടകവീടുകള്‍ മാറിമാറിയുള്ള താമസത്തിനൊടുവില്‍ രണ്ടു മാസം മുമ്പ് ഇടപ്പഴഞ്ഞി വിവേകാനന്ദ നഗറിലെ മകന്റെ പുതിയ വീട്ടില്‍. സേലത്തുനിന്ന് മകള്‍ സ്മിതയും ഭര്‍ത്താവ് വ്യവസായ സംരംഭകന്‍ സര്‍വേശ്വരനും ഇടയ്ക്കിടെ സന്ദര്‍ശകരായെത്തി.
പുതിയ വീടുമാറ്റത്തിനുശേഷം അവിടെ നിന്നാണ് ചികിത്സാര്‍ത്ഥം കൊച്ചിയില സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നത്. അവിടെ വച്ച് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി വിട. ചേതനയറ്റ് വീണ്ടും പി എസ് സ്മാരകത്തില്‍. പാര്‍ട്ടിപ്രവര്‍ത്തകരും അല്ലാത്തവരുമായ പതിനായിരങ്ങളുടെ അന്ത്യോപചാരം ഏറ്റുവാങ്ങി, നിലവിളികള്‍ക്കും വിതുമ്പലുകള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കുമിടയില്‍ 2.15ഓടെ തിരുവനന്തപുരമെന്ന തട്ടകത്തുനിന്ന് കോട്ടയത്തേക്കും ജന്മനാടായ കാനത്തേക്കുമുള്ള അന്ത്യയാത്ര.