Site icon Janayugom Online

അവസാനമായി കണ്ടത് 2019ല്‍; അടച്ചിട്ട വീട്ടില്‍ അഞ്ച് അസ്ഥികൂടങ്ങള്‍

ബംഗളൂരില്‍ പൂട്ടിക്കിടന്നിരുന്ന വീട്ടിനുള്ളിൽ അഞ്ചംഗ കുടുംബത്തിന്റെ അസ്ഥികൂടങ്ങൾ കണ്ടെത്തി. കർണാടകയിലെ ചിത്രദുർഗയിലാണ് സംഭവം. റിട്ട പിഡബ്ലുഡി എൻജിനീയർ ജഗന്നാഥ് റെഡ്ഡി (80), ഭാര്യ പ്രേമക്ക (72), മക്കളായ ത്രിവേണി (55), നരേന്ദ്ര (53) കൃഷ്ണ (51) എന്നിവരാണ് മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. 2019ൽ മരണം നടന്നതായാണ് പൊലീസിന്റെ നിഗമനം. എന്നാൽ ഒരു കുടുംബത്തിലെ എല്ലാവരും മരിച്ച് വർഷങ്ങളായിട്ടും അയൽക്കാർ പോലും അറിയാതിരുന്നത് അന്വേഷണം ആരംഭിച്ചു.

ഉപേക്ഷിക്കപ്പെട്ടതായി തോന്നിക്കുന്ന കെട്ടിടത്തിലേക്ക് കടന്ന പ്രദേശവാസിയാണ് മറവ് ചെയ്യാത്ത നിലയിൽ ഒരാളുടെ അസ്ഥികൂടം കണ്ടെത്തിയത്. ഇയാൾ വിവരം നൽകിയ മാധ്യമപ്രവർത്തകനാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് നാല് മൃതദേഹാവശിഷ്ടങ്ങൾ കൂടി കണ്ടെത്തിയത്. നാലുപേരുടേത് ഒരേ മുറിയിലാണ് കണ്ടെത്തിയത്. രണ്ടുപേരുടേത് ബെഡിലും മറ്റു രണ്ടുപേരുടേത് തറയിലുമായിരുന്നു കിടന്നിരുന്നത്.

സാധനങ്ങൾ വാങ്ങാൻ വല്ലപ്പോഴും ജഗന്നാഥ റെഡ്ഡി പുറത്തിറങ്ങുന്നതൊഴിച്ചാൽ മറ്റാരും വീടിന് പുറത്തിറങ്ങാറില്ലായിരുന്നെന്ന് അയൽവാസികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. അയൽക്കാരുമായി ഇവർക്ക് ബന്ധവും ഉണ്ടായിരുന്നില്ല. 2019ലെ കലണ്ടറും അവസാനം അടച്ച വൈദ്യുതി ബില്ലുമെല്ലാം കണ്ടെത്തിയതോടെയാണ് മരണം നടന്നത് ആ വർഷമാണെന്ന നിഗമനത്തിൽ പൊലീസിനെ എത്തിച്ചത്. ബില്ലടക്കാത്തതിനാൽ പിന്നീട് വൈദ്യുതി ബന്ധം വി​ച്ഛേദിച്ചു. ഫോറൻസിക് പരിശോധനയിൽ മാത്രമേ കൂടുതൽ വ്യക്തത വരൂവെന്നും പൊലീസ് അറിയിച്ചു.

മരണകാരണം കണ്ടെത്താനായിട്ടില്ലെങ്കിലും ആത്മഹത്യയോ കൊലപാതകമോ ആകാമെന്നാണ് പൊലീസ് പറയുന്നത്. ജഗന്നാഥിന് ഭാര്യയുടെ ചികിത്സക്കായി ലക്ഷങ്ങൾ ചിലവിടേണ്ടി വന്നിരുന്നു. ഇവരുടെ മറ്റൊരു മകനായ മഞ്ജുനാഥ് 2014ൽ മരിച്ചത്. മറ്റു മൂന്ന് മക്കളും വിവാഹം കഴിച്ചിരുന്നില്ല. മരിച്ച അഞ്ച് പേർക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും മറ്റുള്ളവരുമായി വല്ലപ്പോഴും സംസാരിച്ചിരുന്നത് ജനൽ വഴിയായിരുന്നെന്നും അയൽക്കാർ പറയുന്നു.

Eng­lish Summary;Last seen in 2019; Five skele­tons in a closed house
You may also like this video

Exit mobile version