Site iconSite icon Janayugom Online

കോവിഡില്‍ നല്ല വകഭേദം : രോഗവ്യാപന സാധ്യത കുറയ്ക്കുന്നുവെന്ന് പഠനം

കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ രോഗത്തിന്റെ വ്യാപനവും ലക്ഷണങ്ങള്‍ പ്രകടമാകുന്നതിനുള്ള കാലതാമസവും കുറയ്ക്കുന്നതായി പഠനം. കോവിഡ് രോഗബാധിതനാകുന്നത് മുതല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതുവരെ മറ്റുള്ളവരിലേക്ക് രോഗബാധ പടരാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിനുള്ള ഇന്‍ക്യുബേഷന്‍ കാലാവധി കൂടുന്നത് രോഗവ്യാപനം കൂട്ടുമെന്ന് നേരത്തെ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പുതിയ കോവിഡ് വകഭേദങ്ങളില്‍ ഇത്തരം കാലാവധി കുറവാണെന്നാണ് പുതിയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

ചൈനയിലെ പീക്കിങ്, സിന്‍ഹുവ സര്‍വകലാശാലകളാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. 140 പഠനങ്ങളെ ആസ്പദമാക്കിയാണ് ഗവേഷകര്‍ പുതിയ നിഗമനത്തിലേക്ക് എത്തിച്ചേര്‍ന്നത്. മറ്റ് വൈറല്‍ രോഗബാധകളെ അപേക്ഷിച്ച് കോവിഡിന്റെ ഇന്‍ക്യുബേഷന്‍ സമയം കൂടുതലാണ്. കോവിഡിന്റെ ആല്‍ഫ വകഭേദത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ ശരാശരി അഞ്ച് ദിവസമെടുത്തിരുന്നുവെങ്കില്‍ ഒമിക്രോണ്‍ വകഭേദത്തിലെത്തിയപ്പോള്‍ ഇത് 3.42 ദിവസമായി കുറ‍ഞ്ഞുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ജെഎഎംഎ നെറ്റ്‌വര്‍ക്ക് ഓപ്പണ്‍ എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

ഇന്‍ക്യുബേഷന്‍ സമയം കുറഞ്ഞത് ഐസൊലേഷന്‍ കാലാവധി കുറയ്ക്കാന്‍ സഹായിച്ചുവെന്നും പഠനം വ്യക്തമാക്കുന്നു. അതേസമയം ആല്‍ഫ, ഡെല്‍റ്റ, ഒമിക്രോണ്‍ ബാധിതര്‍ മറ്റ് വകഭേദങ്ങളെക്കാള്‍ കൂടുതല്‍ വൈറസുകള്‍ പുറന്തള്ളുന്നുണ്ടെന്ന് മെഡ്ആര്‍സിവില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. പുതിയ വകഭേദങ്ങളില്‍ രോഗവ്യാപനശേഷി കുറഞ്ഞുവരുന്നതായും മേരിലാന്‍ഡ് സര്‍വകലാശാലയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: Lat­est Covid Variants
You may also like this video

Exit mobile version