ഇനി നിയമംലംഘിച്ചുകൊണ്ടുള്ള ഡ്രൈവിംങ്ങിന് പണി വീട്ടിലെത്തും. നേരത്തെ പൊലീസ് കൈകാണിച്ച് പിടിച്ചാൽ മാത്രം കിട്ടുന്ന പിഴയാണെങ്കിൽ ഇനി മുതൽ പൊലീസും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടമെന്റും വേണ്ട നിയമലംഘനം പിടികൂടാൻ. നിലവില്‍ പാതകളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ വേഗത മാത്രം നീരിക്ഷിക്കുന്നവയാണെങ്കില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സംവിധാനതോടുകൂടിയുള്ള പുതിയ ക്യാമറകള്‍ എല്ലാമോട്ടോര്‍ വാഹന നിയമന ലംഘനങ്ങളും കയ്യോടെ പിടികൂടും. പുറകെ നിയമ ലംഘനം നടത്തിയ ആളുകള്‍ക്കുള്ള ശിക്ഷ നടപടികള്‍ക്കുള്ള നോട്ടീസ് നേരിട്ട് വീടുകളിലും എത്തും. ആരുടെയും സഹായമില്ലാതെ സ്വന്തമായി പ്രവര്‍ത്തിക്കാൻ കഴിയുന്നവയാണ് എഐ ക്യാമറകള്‍. പുതിയ സുരക്ഷാ നമ്പർ പ്ലേറ്റുകളുടെ സഹായത്തോടെ വാഹനങ്ങളുടെ നമ്പർ മാറ്റി ഓടിയാലും മോഷ്ടിക്കപ്പെട്ട വാഹനങ്ങൾ ക്യാമറ കണ്ണിൽ പെട്ടാലും പിടികൂടാനാകും. സംസ്ഥാനത്ത് 235 കോടി രൂപ മുടക്കി സംസ്ഥാനത്തെ എല്ലാ പ്രധാന പാതകളിലുമായി 726 എഐ ക്യാമറകളാണ് സ്ഥാപിക്കുന്നത്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി റോഡ് സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. ജില്ലയിൽ ഇത്തരത്തിൽ 47 ക്യാമറകളാണ് സ്ഥാപിക്കുന്നത്. ഇതിൽ 16 എണ്ണം സ്ഥാപിച്ചു കഴിഞ്ഞു. ഇതിന്റെ ട്രയൽ റൺ നടന്നു വരികയാണ്. ബാക്കി വരുന്നവ ഒരു മാസത്തിനകം സ്ഥാപിക്കും. ജില്ലയിൽ കറന്തക്കാടുള്ള ആർടിഒ എൻഫോഴ്സ് മെന്റ് ഓഫീസിൽ കണ്‍ട്രോൾ മുറിയും സജ്ജമായി. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നിയന്ത്രണത്തിൽ കെൽട്രോൺ ആണ് ഇവ സ്ഥപിക്കുന്നത്. ദേശീയപാത, സംസ്ഥാന പാത, ജില്ലാ പാത, വിവിധ ടൗണുകൾ എന്നിവിടങ്ങളിലാണ് സ്ഥാപിച്ചത്. ദേശീയപാത വികസനം കാരണം ജില്ലയിൽ ആദ്യം സ്ഥാപിച്ചിരുന്ന മിക്ക ക്യാമറകളും എടുത്ത് മാറ്റേണ്ടി വന്നു. ദേശീയ പാത വികസനം പൂർത്തിയാവുന്നതോടെ ദേശീയപാതയിൽ 20 ക്യാമറകൾകൂടി സ്ഥാപിക്കും. സൗരോർജ്ജം കൊണ്ട് പ്രവർത്തിക്കുന്നതിനാൽ വൈദ്യുതി പ്രശ്നങ്ങൾ ക്യാമറയുടെ പ്രവർത്തനത്തെ ബാധിക്കില്ല. കേബിളോ മറ്റ് ലൈനുകളോ ഇല്ലാതെ സീം കാർഡ് ഉപയോഗിച്ചാണ് ക്യാമറകൾ ഇന്റർനെറ്റ് വഴി ദൃശ്യങ്ങൾ അയക്കുന്നത്. പിഴ 30 ദിവസത്തനകം അടച്ചില്ലെങ്കിൽ മോട്ടോർ വാഹന വകുപ്പ് കേസ് കോടതിയിലേക്ക് കൈമാറും. അപ്പോൾ കേന്ദ്ര നിയമ പ്രകാരമുള്ള ഇരട്ടി തുക കോടതിയിൽ അടക്കേണ്ടി വരും.
ജില്ലയിൽ നിരീക്ഷണങ്ങൾ ഇവിടെ..
തൃക്കരിപ്പൂർ, തങ്കയംമുക്ക്, പടന്ന, കാലിക്കടവ്, ചെറുവത്തൂർ, ചീമേനി, നീലേശ്വരം, പാണത്തൂർ, ചോയ്യംകോട്, പുതിയകോട്ട, കാഞ്ഞങ്ങാട് രണ്ടിടങ്ങളിൽ, അതിഞ്ഞാൽ, കളനാട് ജംഗ്ഷൻ, മഡിയൻ, ചിത്താരി, പള്ളിക്കര, ബേക്കൽപാലം, ഒടയഞ്ചാൽ, കളനാട് ജംഗ്ഷൻ‑2, പാലക്കുന്ന്, കുണ്ടംകുഴി, മേൽപറമ്പ, കുറ്റിക്കോൽ, മഡിയൻ കൂലോം റോഡ്, കാസർകോട് പഴയ ബസ്സ്റ്റാന്റ് ജംഗ്ഷൻ, ചന്ദ്രഗിരി ജംഗ്ഷൻ, കോട്ടച്ചേരി റെയിൽവേ ഓവർ ബ്രിഡ്ജ് ജംഗ്ഷന്, ചെർക്കള ജംഗ്ഷൻ, ബോവിക്കാനം, ചെർക്കള. പുതിയകോട്ട, ടി ബി റോഡ് കാഞ്ഞങ്ങാട്, ബല്ല, കോട്ടപ്പുറം, മുള്ളേരിയ, നടക്കാവ്, സീതാം ഗോളളി, ബദിയടുക്ക‑1, ബദിയടുക്ക‑2, കുമ്പള രണ്ടിടങ്ങളിൽ, ബന്ദിയോട്. ഉപ്പള, പെർള, ഹൊസങ്കടി, ബന്തടുക്ക, എന്നിവിടങ്ങളിലാണ് ക്യാമറ.