കേരളം മുന്നോട്ടുവച്ച വികസന പദ്ധതികൾക്ക് എതിരായ നിലപാട് സ്വീകരിക്കുന്ന കേന്ദ്രനയം തുറന്ന് കാട്ടുന്നതിന് പ്രചരണ‑പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ എൽഡിഎഫ് സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. നവംബർ 30 ന് വൈകുന്നേരം അഞ്ച് മുതൽ ഏഴ് വരെ ജില്ലാ കേന്ദ്രങ്ങളിൽ എൽഡിഎഫ് ധർണ സംഘടിപ്പിക്കും. ജനപ്രതിനിധികളും എൽഡിഎഫ് നേതാക്കളും പ്രമുഖ വ്യക്തികളും പങ്കെടുക്കും. തിരുവനന്തപുരത്ത് നടക്കുന്ന ധർണ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
റയിൽവേ സിൽവർലൈൻ പദ്ധതിക്കും ശബരിമല വിമാനത്താവളത്തിനും എതിരായി കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന സമീപനം കേരളത്തിന്റെ വൻ വികസന പദ്ധതികൾ തകർക്കാനുള്ള ഉദ്ദേശ്യത്തോടു കൂടിയാണെന്ന് എൽഡിഎഫ് യോഗം വിലയിരുത്തി. തിരുവനന്തപുരത്തെ റയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിർത്തലാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന് നൽകാനുള്ള ജിഎസ്‌ടി വിഹിതവും എംഎൻആർഇജി പദ്ധതിക്ക് നൽകേണ്ട കേന്ദ്രവിഹിതവും വൻ തോതിൽ കുടിശികയാണ്. ഇത്തരം നിലപാടുകൾക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നടത്താനാണ് എൽഡിഎഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തത്.
രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ഒഴിവുള്ള സീറ്റ് കേരള കോൺഗ്രസ് (എം) ന് നൽകാനും യോഗം തീരുമാനിച്ചു. എകെജി സെന്ററിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി.
English Summary: LDF agitation to expose central policy
You may like this video also