Site iconSite icon Janayugom Online

നിശബ്ദ വിപ്ലവത്തിലൂടെ നിറപ്പകിട്ടുള്ള ജീവിതത്തിലേക്ക്

ഹൃദയ സംബന്ധമായ രോഗങ്ങളുള്ള കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. പൊന്നോമനകളില്‍ പുഞ്ചിരിവിരിയിച്ച് ആരോഗ്യമുള്ള സമൂഹത്തിന് അടിത്തറപാകുകയാണ് ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ. ഇതുവരെ 6418 കുഞ്ഞുങ്ങളാണ് ഈ നിശബ്ദ വിപ്ലവത്തിലൂടെ നിറപ്പകിട്ടുള്ള ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. 

കുഞ്ഞുങ്ങളിലെ സങ്കീര്‍ണ്ണമായ ഹൃദയ രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുവാനായി 2017 ല്‍ ആരോഗ്യ വകുപ്പിനു കീഴില്‍ ആരംഭിച്ച പദ്ധതിയാണ് ഹൃദ്യം. കുട്ടികളിലെ ജന്മനായുളള ഹൃദ്രോഗം തീര്‍ത്തും ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നാണ്. രോഗം യഥാസമയം കണ്ടത്തുക, കൃത്യമായ സമയത്ത് ശസ്ത്രക്രിയ നടത്തുക, തുടര്‍ ചികിത്സ ലഭ്യമാക്കുക എന്നിവ വളരെ പ്രധാനമാണ്. രോഗം കണ്ടെത്താന്‍ സൗകര്യങ്ങള്‍ നിലവിലുണ്ടെങ്കിലും കൃത്യസമയത്ത് ശസ്ത്രക്രിയ ചെയ്യുന്ന, കൃത്യമായി ഫോളോപ്പ് ചെയ്യുന്ന കുട്ടികളുടെ എണ്ണം പരിമിതമാണ്. ഇത്തരത്തില്‍ കുട്ടികളെ കൃത്യമായി നിരീക്ഷിക്കാനും അവരുടെ അസുഖത്തിന്റെ തോത് അനുസരിച്ച് യഥാസമയം ശസ്ത്രക്രിയ നടത്താനും തുടര്‍ പരിശോധനകളും പരിചരണവും ലഭ്യമാക്കാനുമായി ആരംഭിച്ച പദ്ധതിയാണിത്.

ജന്മാലുള്ള വൈകല്യങ്ങള്‍ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന എല്ലാ കുട്ടികളേയും സ്‌ക്രീനിംഗിന് വിധേയരാക്കുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകരുടെ ഗൃഹസന്ദര്‍ശന വേളയില്‍ കുട്ടികളെ പരിശോധിക്കുന്നതിലൂടെയും അംഗന്‍വാടികളിലും സ്‌കൂളുകളിലും നടത്തപ്പെടുന്ന സ്‌ക്രീനിംഗ് വഴിയും ജന്മനാല്‍ ഹൃദ്രോഗത്തിന്റെ ലക്ഷണമുളള കുട്ടികളെ കണ്ടെത്തുന്നുണ്ട്. ഇത്തരം കുഞ്ഞുങ്ങളെ ശിശുരോഗവിദഗ്ദ്ധന്റെ സഹായത്തോടെ എക്കോ ഉള്‍പ്പെടെയുളള പരിശോധനകള്‍ക്ക് വിധേയമാക്കും. സ്വകാര്യ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും ഈ പദ്ധതി വഴി സേവനം ലഭ്യമാണ്.

ജന്മനാലുളള ഹൃദ്രോഗം കണ്ടെത്തുന്ന കുട്ടികളെ ഹൃദ്യം സോഫ്റ്റ് വെയറില്‍ (http://hridyam.kerala.gov.in ) രജിസ്റ്റര്‍ ചെയ്യണം. കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ഉടന്‍ തന്നെ കുട്ടികളുടെ അസുഖം സംബന്ധിക്കുന്ന വിവരങ്ങളും എക്കോ ഉള്‍പ്പെടെയുളള പരിശോധന റിപ്പോര്‍ട്ടുകളും പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് പരിശോധിച്ച് കേസുകളെ തീവ്രതയനുസരിച്ച് കാറ്റഗറൈസ് ചെയ്യുകയും സര്‍ജറി ഉള്‍പ്പെടയുള്ള ചികിത്സയും പരിചരണവും ലഭ്യമാക്കുകയും ചെയ്യും. അടിയന്തരമായി ശസ്ത്രക്രിയ വേണ്ടവര്‍ക്ക് എത്രയും വേഗം ശസ്ത്രക്രിയ ചെയ്യാന്‍ വേണ്ട സംവിധാനങ്ങള്‍ സജ്ജമാക്കുന്നു.

ഹൃദ്യം രജിസ്‌ട്രേഷന്‍, ചികിത്സ ഉറപ്പാക്കല്‍, തുടര്‍ സേവനങ്ങള്‍ എന്നിവയില്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങളുടെ സേവനം ലഭ്യമാണ്. 

2018 ല്‍ സ്‌കോച്ച് സ്വസ്ത് ഭാരത് ഗോള്‍ഡന്‍ അവാര്‍ഡും എക്സ്പ്രസ് ഹെല്‍ത്ത് കെയര്‍ അവാര്‍ഡും ഹൃദ്യം പദ്ധതിക്ക് സ്വന്തമാക്കാനായി. 2019 ല്‍ കേരള സംസ്ഥാന ഇ‑ഗവേര്‍ണന്‍സ് അവാര്‍ഡും പദ്ധതിക്ക് ലഭിച്ചു.

Exit mobile version