Site iconSite icon Janayugom Online

കേരളത്തെ തകര്‍ക്കുന്ന കേന്ദ്രനയം തിരുത്തണം: 21ന് എല്‍ഡിഎഫ് സത്യഗ്രഹം

ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന നേതാക്കളും തിരുവനന്തപുരം ജില്ലയിലെ ജനപ്രതിനിധികളും 21ന് രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക്‌ ഒരു മണി വരെ രാജ്‌ഭ‌വന് മുന്നില്‍ സത്യഗ്രഹം നടത്തുമെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ അറിയിച്ചു. കേരളത്തിന്റെ സമഗ്ര വികസനവും ക്ഷേമ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്നും, അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ട് കേരളത്തെ ഞെരുക്കുന്ന നടപടികളില്‍ നിന്നും പിന്‍മാറണമെന്നുമാണ് ക്യാമ്പയിന്റെ പ്രധാന മുദ്രാവാക്യം.

കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെ സംസ്ഥാനത്തെ ഞെക്കിക്കൊല്ലാന്‍ ശ്രമിക്കുമ്പോഴും കേരളത്തിലെ പ്രതിപക്ഷം അതിനെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ തയ്യാറാകുന്നില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. അന്ധമായ രാഷ്‌ട്രീയ നിലപാടും കേന്ദ്ര സര്‍ക്കാറിനോടുള്ള വിധേയത്വവുമാണ് പ്രതിപക്ഷ നിലപാടിന് പിന്നില്‍. ഇതും കേരളത്തോടുള്ള പ്രതികാര മനോഭാവമായേ കാണാന്‍ കഴിയൂ. നികുതിയിനത്തില്‍ കേരളം കേന്ദ്രത്തിനു ഒരു രൂപ നല്‍കുമ്പോള്‍ തിരിച്ച് കേരളത്തിന് സംസ്ഥാന വിഹിതമായി നല്‍കുന്നത് 25 പൈസയില്‍ താഴെയാണ്. അതേസമയം ഉത്തര്‍പ്രദേശിന് ഒരു രൂപയ്‌ക്ക് പകരം ഒരു രൂപ എണ്‍പത് പൈസ തോതിലാണ് തിരിച്ച് നല്‍കുന്നത്.

പത്താം ധനകാര്യ കമ്മീഷനില്‍ നിന്നും പതിനഞ്ചാം ധനകാര്യ കമ്മീഷനിലെത്തുമ്പോള്‍ ഡിവിസിബിള്‍ പൂളില്‍ നിന്നും സംസ്ഥാനത്തിന് ലഭിക്കുന്നത് 3.8 ശതമാനത്തില്‍ നിന്നും 1.9 ശതമാനമായി കുറിച്ചിരിക്കുന്നു. ഇതിലൂടെ മാത്രം 18000 കോടി രൂപയുടെ കുറവാണുണ്ടായത്. സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ 45 ശതമാനവും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നിലയായിരുന്നു നാല് വര്‍ഷം മുമ്പ് വരെ. അത് 30 ശതമാനമായിരിക്കുന്നു. റവന്യൂ വരുമാനത്തിന്റെ 70 ശതമാനവും സംസ്ഥാനം കണ്ടെത്തേണ്ടി വരുന്നു. ചില സംസ്ഥാനങ്ങള്‍ക്ക് 70 ശതമാനം വരെ കേന്ദ്ര വിഹിതം നല്‍കുമ്പോഴാണ് കേരളത്തോട് ഈ ചിറ്റമ്മ നയമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ജിഎസ്‌ടി നഷ്‌ടപരിഹാര തുക അവസാനിപ്പിച്ചതിലൂടെ പ്രതിവര്‍ഷം 12,000 കോടിയോളം രൂപയുടെ വരുമാന നഷ്‌ടമാണ്. കടമെടുപ്പ് പരിധി ജിഡിപിയുടെ 3.5 ശതമാനമായി കുറച്ചതും ക്രൂരതയാണ്. ഇതിനും പുറമെയാണ് കിഫ്‌ബിയും പെന്‍ഷന്‍ കമ്പനിയും എടുക്കുന്ന കടം സംസ്ഥാന സര്‍ക്കാരിന്റെ കടമായി കണക്കാക്കുമെന്ന സമീപനവും. കേന്ദ്ര സര്‍ക്കാറിന്റെ ഇത്തരം നീക്കങ്ങള്‍ക്കൊപ്പം ഗവര്‍ണറും സംസ്ഥാനത്തിനെതിരെ നിഷേധ സമീപനമാണ് സ്വീകരിക്കുന്നത്. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടുന്നില്ല. ഒപ്പിടാത്ത പക്ഷം തിരിച്ചയക്കുകയോ രാഷ്‌ട്രപതിക്കയക്കുകയോ ചെയ്യാമെങ്കിലും അതും ചെയ്യാതെ ഫയല്‍ പിടിച്ചുവച്ചിരിക്കുകയാണ്. ഇങ്ങനെ ഫയല്‍ അനന്തമായി പിടിച്ച് വെക്കുന്നത് ജനാധിപത്യ വിരുദ്ധവും ഫെഡറലിസത്തിന്റെ അന്തസത്തക്ക് കടക വിരുദ്ധവുമാണ്. ഈ സമീപനം ഗവര്‍ണ്ണര്‍ തിരുത്തണമെന്നും ആവശ്യപ്പെട്ടാണ് ഉപവാസം. സമരം വിജയിപ്പിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്ന് എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ പ്രസ്‌താവനയിൽ അഭ്യര്‍ത്ഥിച്ചു.

Eng­lish Sam­mury: LDF Satya­gra­ha Sama­ram in front of Rajb­han on 21st

Exit mobile version