Site iconSite icon Janayugom Online

വോട്ടിടും മുമ്പ് എൽഡിഎഫ് കുതിപ്പ്; പത്ത് സീറ്റുകളിൽ എതിരില്ല

തദ്ദേശ തെരെഞ്ഞെടുപ്പിൽ വോട്ടിടും മുമ്പ് എൽഡിഎഫ് കുതിപ്പ് തുടരുന്നു. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ പത്ത് സീറ്റുകളിൽ എൽഡിഎഫിന് എതിരാളികളില്ല. മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ രണ്ട് സ്ഥാനാർത്ഥികൾക്ക് എതിരില്ല. പന്ത്രണ്ടാം വാർഡിലെ ഇടത് സ്ഥാനാർത്ഥി ഷിഗിനക്കെതിരായ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. പഞ്ചായത്തിലെ മറ്റ് രണ്ടുവാർഡുകളിലെ ഇടത് സ്ഥാനാർത്ഥികൾക്കും എതിരാളികളില്ലായിരുന്നു. 

കണ്ണപുരം പഞ്ചായത്തിൽ പത്താം വാർഡിലെ ഇടത് സ്ഥാനാർത്ഥി പ്രേമ സുരേന്ദ്രന്റെയും മൂന്നാം വാർഡിലെ ഇടത് സ്ഥാനാർത്ഥി കെവി സജിനയുടേയും എതിരാളികളുടെ പത്രികകൾ തള്ളി. ഇവിടെ രണ്ട് ഇടങ്ങളിലും ഇടതിന് എതിരാളികളില്ല. ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിൽ ഇടത് സ്ഥാനാർത്ഥികൾക്കെതിരെ ആരും പത്രിക നൽകിയിരുന്നില്ല. കണ്ണൂർ മലപ്പട്ടം പഞ്ചായത്തിൽ കോവുന്തല വാർഡിലും കണ്ണപുരത്തെ മൂന്നാം വാർഡിലും പത്താം വാർഡിലും കാസർകോട് മടിക്കൈ പഞ്ചായത്തിലെ പത്താം വാർഡിലുമാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ ജയിച്ചത്. ഇതോടെ പത്തിടത്ത് എൽഡിഎഫ് ജയിച്ചു. ഇന്നലെ കണ്ണൂരിലെ ആന്തൂർ നഗരസഭ, മലപ്പട്ടം, കണ്ണപുരം പഞ്ചായത്തുകളിലായി ആറ് തദ്ദേശ വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരാല്ലാതെ ജയിച്ചിരുന്നു.

Exit mobile version