മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ഇടതുപക്ഷ രാഷ്ട്രീയ ഐക്യത്തിന് അടിത്തറ പാകിയ നേതാവാണ് പികെവിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പുല്ലുവഴിയിൽ നടന്ന പി കെ വാസുദേവൻ നായരുടെ 20-ാമത് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിയും പികെവി ട്രസ്റ്റ് ചെയർമാനുമായ കെ എം ദിനകരൻ അധ്യക്ഷത വഹിച്ചു.
തിരുവനന്തപുരത്ത് സംസ്ഥാന കൗൺസിൽ ഓഫിസിൽ (എംഎൻ സ്മാരകം) രാവിലെ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പുഷ്പാർച്ചന നടത്തി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി എം എന്‍ സ്മാരകത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി. മുൻ മുഖ്യമന്ത്രിയും സിപിഐ ദേശീയ നേതാവും സംസ്ഥാന സെക്രട്ടറിയും പ്രഗത്ഭ പാർലമെന്റേറിയനുമായിരുന്ന പികെവിയുടെ അനുസ്‌മരണദിനം സംസ്ഥാന വ്യാപകമായി പാർട്ടി ഓഫിസുകളിൽ പതാക ഉയർത്തിയും ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും സമുചിതമായി ആചരിച്ചു.

