ജനങ്ങള്‍ ബിജെപിയില്‍ അസന്തുഷ്ടരാണെന്നും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ നിര്‍ണായകമാകുമെന്നും കര്‍ഷക നേതാക്കള്‍. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കര്‍ഷക സംഘടന നേതാക്കള്‍ ബിജെപിയ്ക്കെതിരെ രംഗത്തെത്തിയത്. ഒരു വര്‍ഷം നീണ്ട സമരത്തില്‍ കര്‍ഷകര്‍ ഉയര്‍ത്തിയ ചില പ്രധാന ആവശ്യങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
“മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ സാധുത നല്‍കുക, കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഇപ്പോഴും പരിഗണിക്കപ്പെടാതെ കിടക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍, പ്രത്യേകിച്ച് പഞ്ചാബിലും ഉത്തര്‍പ്രദേശിലും ഇത്തരം വിഷയങ്ങള്‍ നിര്‍ണായക സ്വാധീനം ചെലുത്തും” സംയുക്ത കര്‍ഷക സമിതി നേതാവായ അഭിമന്യു സിങ് കോഹര്‍ പറഞ്ഞു.
കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിച്ചതിനുശേഷം ഡിസംബര്‍ ഒമ്പതിന്, പരിഹരിക്കപ്പെടാതെ കിടക്കുന്ന മറ്റ് ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കര്‍ഷക സമിതി സമരത്തിന് ആഹ്വാനം ചെയ്തിരുന്നു. സംയുക്ത കര്‍ഷക സമിതി ഈമാസം 15ന് യോഗം ചേര്‍ന്ന് അടുത്ത ഘട്ട സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് കോഹര്‍ അറിയിച്ചു.
മിനിമം താങ്ങുവിലയുടെ വിഷയവും അജയ് മിശ്രയെ കേന്ദ്ര മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാത്തതും ഉള്‍പ്പെടെയുള്ളവ തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുമെന്ന് ബികെയു വക്താവ് സൗരഭ് ഉപാധ്യായയും പറഞ്ഞു. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ബിജെപിക്ക് നിര്‍ണായകമായ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഫെബ്രുവരി 10 മുതലാണ് ആരംഭിക്കുന്നത്.
english summary; leaders say farmers problems will be crucial in elections
you may also like this video;