മുഖ്യമന്ത്രി പിണറായി വിജയന്‍ ആണാണോ പെണ്ണാണോ എന്നറിയാത്ത സാഹചര്യമാണുള്ളതെന്ന വിവാദ പരാമര്‍ശവുമായി മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം. മീഡിയ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ സലാം മുഖ്യമന്ത്രിയെ അപമാനിക്കും വിധമുള്ള പരാമര്‍ശം നടത്തിയത്.
‘പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള ബിജെപി ഇതര ഗവണ്‍മെന്റുകളുള്ള സംസ്ഥാനങ്ങളില്‍ പിന്‍വലിച്ചു. തമിഴ്‌നാട് ഭരിക്കുന്ന സ്റ്റാലിന്‍ പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും പിന്‍വലിച്ചു. പശ്ചിമബംഗാളിലും അത് തന്നെയാണ് സംഭവിച്ചത്. ഒരു ആണാണ് മുഖ്യമന്ത്രിയെങ്കില്‍ എങ്ങനെ വേണമെന്ന് സ്റ്റാലിന്‍ തീരുമാനിക്കുന്നു. ഒരു പെണ്ണാണ് മുഖ്യമന്ത്രിയെങ്കില്‍ എങ്ങനെ ഭരിക്കണമെന്ന് മമത ബാനര്‍ജി കാണിച്ചുതന്നു. പക്ഷെ കേരളത്തിലെ മുഖ്യമന്ത്രി ആണാണോ പെണ്ണാണോ എന്നറിയാത്ത സാഹചര്യമാണുള്ളത്’. ഇങ്ങനെയായിരുന്നു സലാമിന്റെ പ്രതികരണം.
കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫ് സംവിധാനത്തിന്റെ ദോഷഫലങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുകയാണെന്നും ഇന്ന് തെരഞ്ഞെടുപ്പ് നടന്നാല്‍ 100 സീറ്റുകള്‍ നേടി യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗില്‍ വിഭാഗീയതയില്ലെന്നും ലീഗില്‍ ആകെ സാദിഖലി പക്ഷം മാത്രമേയുള്ളുവെന്നും മുനീര്‍-ഷാജി എന്നൊരു പക്ഷമില്ലെന്നും സലാം ചോദ്യത്തിന് മറുപടി നല്‍കി.
സലാമിന്റെ പരാമര്‍ശം വന്‍ വിവാദത്തിനാണ് വഴിതെളിയിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ ഇത്തരം പരാമര്‍ശം പാടില്ലെന്ന നിലപാട് ലീഗില്‍ നിന്നുതന്നെ ഉയര്‍ന്നിട്ടുണ്ട്. കള്ളന്മാരുടെ പേരിനുകൂടെ എന്തിനാണ് മോഡി എന്ന് ചേര്‍ക്കുന്നത് എന്ന പ്രസംഗത്തിലെ ചോദ്യത്തിന്റെ പേരിലാണ് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ രണ്ട് വര്‍ഷം ജയില്‍വാസത്തിനും 15,000 രൂപ പിഴയൊടുക്കാനും സൂറത്തിലെ ജില്ലാ മജിസ്ട്രേറ്റ് കോടതി വിധിച്ചത്. പി എം എ സലാമിന്റെ പരാമര്‍ശം അങ്ങേയറ്റം അപമാനകരമാണെന്നതിനാല്‍ കനത്ത ശിക്ഷയര്‍ഹിക്കാവുന്ന കുറ്റകൃത്യമാണ്. മുഖ്യമന്ത്രിയുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള പരാമര്‍ശം നിയമനടപടികള്‍ക്ക് വിധേയമാക്കിയേക്കുമെന്നാണ് സൂചന.
English Sammury: League leader P M A Salam Ex.MLA insulted the Kerala Chief Minister