Site icon Janayugom Online

ഓടക്കുഴല്‍ വായന പഠിച്ചു; ശ്രദ്ധേയനായത് ഓടക്കുഴല്‍ നിര്‍മിച്ച്

കാട്ടിലെ പാഴ്മുളം തണ്ടു കൊണ്ട് സപ്തസ്വരങ്ങൾ ഒഴുകിയെത്തുന്ന ഓടക്കുഴൽ നിർമ്മിക്കുകയാണ് വയലാർ പുതുമനക്കരി പ്രമോദ്. മൂന്ന് പതിറ്റാണ്ട് മുമ്പ് പഠിച്ചുതുടങ്ങിയതായിരുന്നു ഓടക്കുഴൽ വായന. എന്നാൽ അത് നിർമ്മിക്കാനുള്ള മോഹമുദിച്ചത് 10 വർഷത്തോളമായി. ഓടക്കുഴൽ കലാകാരൻ വാരനാട് സുഭാഷിന്റെ കീഴിലായിരുന്നു പ്രമോദ് ഓടക്കുഴൽ വായന പഠിച്ചുതുടങ്ങിയത്.

എറണാകുളത്ത് സ്വകാര്യ ഏജൻസിയുടെ കീഴിൽ ജോലി ചെയ്ത് വരുന്നതിനിടെ 2011 ലാണ് ആദ്യമായി ഓടക്കുഴൽ നിർമ്മിച്ചത്. തുടർന്ന് ആശാന് ഓടക്കുഴല്‍ നിര്‍മിച്ച് നല്‍കി. അദേഹത്തിന്റെ അഭിനന്ദനത്തെ തുടർന്നാണ് ജോലി പോലും ഉപേക്ഷിച്ച് ഓടക്കുഴൽ നിർമ്മാണത്തിലേയ്ക്ക് തിരിഞ്ഞു. ഇതിനായി ഇന്റർനെറ്റിൽ നിന്നുമുള്ള വിവരങ്ങൾ മാത്രമാണ് പ്രമോദിന് ലഭിച്ചുട്ടുള്ളത്. കർണ്ണാടിക്ക് സംഗീതത്തിന് 8 ദ്വാരവും, ഹിന്ദുസ്ഥാനി സംഗീതത്തിന് 6 ദ്വാരവുമാണെന്ന് പഠിക്കുകയും സ്വരശുദ്ധി വരുത്തുവാനുള്ള കഴിവും സിദ്ധിച്ചു. ഇതിന്ശേഷമാണ് ആധികാരികമായി ഓടക്കുഴൽ നിർമ്മാക്കാമെന്ന വിശ്വാസം ഉടലെടുത്തത്.

ഓടക്കുഴൽ നിർമ്മിക്കാനായി നാട്ടിലെ ഈറ്റയാണ് ആദ്യം കണ്ടെത്തിയത്. ഇരുമ്പ് പഴുപ്പിച്ചാണ് ദ്വാരങ്ങൾ ഉണ്ടാക്കി സാൻ പേപ്പർ കൊണ്ട് മിനുസപ്പെടുത്തി അവസാന പണിയായി കളർ റിബൺ ഒട്ടിച്ച് ഭംഗിയാക്കുന്നതാടെ പ്രൊഫണൽ ഓടക്കുഴൽ റെഡി. പതിനായിരത്തോളം ഓടക്കുഴൽ ഇതിനോടകം നിർമ്മിച്ചു. നാട്ടിൽ ഈറ്റയുടെ ക്ഷാമമുള്ളത് കൊണ്ട് ഉത്തരാഖണ്ഡിൽ നിന്നും വരുത്തിയാണ് നിർമ്മാണം. രണ്ട് ദിവസമെടുക്കും ഒരു ഓടക്കുഴൽ നിർമ്മിയ്ക്കാൻ. പുറത്ത് കടകളിൽ 3500 ഓളം രൂപ വരുന്ന ഓടക്കുഴലിന് 1000 രൂപയ്ക്കാണ് പ്രമോദ് വില്ക്കുന്നത്.

പ്രശസ്ത ഓടക്കുഴൽ കലാകാരൻമാരായ രാജേഷ് ചേർത്തല, ഗോപി ഗുരുവായൂർ, വാരനാട് സുഭാഷ് തുടങ്ങിയവർ ഉപയോഗിക്കുന്നത് പ്രമോദിന്റെ കരവിരുതിലൂടെ ജന്മം കൊണ്ട ഓടക്കുഴലുകളാണ്. പഠിയ്ക്കുന്ന കുട്ടികൾക്കും, വാദ്യോപകരണ വില്പനശാലയ്ക്കും പ്രമോദ് ഓടക്കുഴൽ വില്പന നടത്തുന്നുണ്ട്. തൃപ്പൂണിത്തറ പൊലീസ് വനിതാസെല്ലിലെ പൊലീസ് ഉദ്യോഗസ്ഥയായ രജിതയാണ് ഭാര്യ. മക്കള്‍: ഭാവ്നി ശങ്കർ, അവ്നി ശങ്കർ.

Exit mobile version