Site iconSite icon Janayugom Online

വധശിക്ഷ ഉറപ്പാക്കിയിട്ടേ കേരളം വിടൂ: ആലുവയിലെ പെണ്‍കുട്ടിയുടെ അച്ഛന്‍

പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയ ശേഷമേ നാട്ടിലേക്ക് തിരികെ മടങ്ങൂവെന്ന് ആലുവയില്‍ ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛന്‍. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറയുന്നു. കൂടുതല്‍ പ്രതികള്‍ ഉണ്ടെങ്കില്‍ അവരെ ഉടന്‍ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊലപാതകിക്ക് വധശിക്ഷ ലഭിക്കണം എന്നാണ് ആഗ്രഹം. എനിക്കും കുടുംബത്തിനും അത് കാണണം. പ്രതിക്ക് ശിക്ഷ അടക്കം ഉറപ്പാക്കിയ ശേഷമേ നാട്ടിലേക്ക് തിരികെ പോകൂ. സംസ്ഥാന സര്‍ക്കാരിനെതിരെയോ പൊലീസിനെതിരെയോ പരാതി ഉന്നയിക്കുന്നില്ല. എന്റെ മകളിപ്പോള്‍ കേരളത്തിന്റെ മകള്‍ കൂടിയാണ്. പ്രതിക്ക് വധശിക്ഷ കിട്ടിയാല്‍ കേരളത്തിനും അത് സന്തോഷമുണ്ടാക്കും അദ്ദേഹം പറഞ്ഞു.

അതേസമയം, സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് ബന്ധമുണ്ടോ എന്നകാര്യം കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പരിസരത്തെയും അസ്‌ഫാക് താമസിച്ചിരുന്ന സ്ഥലത്തെയും ഏതാനും പേരില്‍ നിന്ന് പൊലീസ് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. കൃത്യം നടന്ന സ്ഥലത്തേക്ക് അസഫാക്കിനുപിറകെ മറ്റുരണ്ടുപേര്‍ക്കൂടി പോകുന്നത് കണ്ടതായി ദൃക്‌സാക്ഷി മാധ്യമങ്ങളില്‍ പറഞ്ഞിരുന്നു. വൈകീട്ട് മൂന്നുമണി കഴിഞ്ഞാല്‍ ഇവിടം ഓപ്പണ്‍ ബാറിന് തുല്യമാണെന്നും മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും അവിടെ പതിവാണെന്നും പ്രദേശവാസികളും പറയുന്നു.

ഇപ്പോള്‍ കസ്റ്റഡിയിലുള്ള അസ്‌ഫാക് അസ്‌ലം എന്നയാള്‍ ബിഹാര്‍ സ്വദേശിയാണ്. ബിഹാര്‍ പൊലീസുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിരുന്നു. ബിഹാറില്‍ ഇയാള്‍ക്ക് മറ്റെന്തെങ്കിലും ക്രിമിനല്‍ കേസുകളുണ്ടോ എന്നറിയാനായാണ് ബിഹാര്‍ പൊലീസിനെ ബന്ധപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇതുവരെ അവരില്‍നിന്ന് ഔദ്യോഗികമായി വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് ഡിഐജി എസ് ശ്രീനിവാസ് പറഞ്ഞു.

Eng­lish Summary:

Leave Ker­ala only after ensur­ing the death penal­ty: Alu­va girl’s father

You may also like this video:

Exit mobile version