Site iconSite icon Janayugom Online

ഇടതുമുന്നേറ്റം

parisparis

ഫ്രാന്‍സില്‍ തീവ്ര വലതുപക്ഷത്തിനെതിരെ പ്രതിരോധം തീര്‍ത്ത് ഇടതു സഖ്യത്തിന് മുന്നേറ്റം. നാഷണല്‍ അസംബ്ലിയിലേക്ക് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ട് (എന്‍എഫ്‌പി) 182 സീറ്റുകള്‍ നേടി ഒന്നാമതെത്തി. ആദ്യ ഘട്ട വോട്ടെടുപ്പില്‍ മുന്നിട്ട് നിന്ന തീവ്രവലതു പക്ഷമായ നാഷണല്‍ റാലി (ആര്‍എന്‍) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ മധ്യവലതുപക്ഷ സഖ്യമായ എന്‍സെംബിള്‍ 163, നാഷണല്‍ റാലിയും സഖ്യകക്ഷികളും 143 സീറ്റുകള്‍ വീതം നേടി.

577 അംഗ നാഷണല്‍ അസംബ്ലിയില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 289 സീറ്റുകള്‍ നേടാന്‍ ആര്‍ക്കും സാധിച്ചിട്ടില്ലാത്തതിനാല്‍ കൂട്ടുകക്ഷി മന്ത്രിസഭയ്ക്കാണ് സാധ്യത. ആദ്യഘട്ട വോട്ടെടുപ്പില്‍ മരീന്‍ ലി പെന്‍ നേതൃത്വം നല്‍കുന്ന തീവ്രവലതുപക്ഷ സഖ്യമായ നാഷണല്‍ റാലിയായിരുന്നു മുന്നിലെത്തിയിരുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ ഇടതു-മധ്യ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായ നൂറുകണക്കിനുപേര്‍ മത്സരത്തില്‍ നിന്നും പിന്മാറി. റിപ്പബ്ലിക്കൻ ഫ്രണ്ട് എന്ന പേരില്‍ ചേരി രൂപപ്പെടുത്തി വലതുപക്ഷ വിരുദ്ധ വോട്ടുകളുടെ ഏകീകരണം യാഥാര്‍ത്ഥ്യമാക്കിയതോടെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ ഇടത്-മധ്യ പാര്‍ട്ടികള്‍ക്ക് നേട്ടം സ്വന്തമാവുകയായിരുന്നു. 

ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടി, സോഷ്യലിസ്റ്റ് പാർട്ടി, ഇക്കോളജിസ്റ്റുകൾ, ഫ്രാൻസ് അൺബോഡ് എന്നിവ ഉൾപ്പെടുന്നതാണ് എന്‍എഫ‌്പി. ഇടതുപക്ഷ നേതാവായ ഴോങ് ലൂക് മെലോന്‍ഷോണ്‍ അടുത്ത പ്രധാനമന്ത്രിയെന്നാണ് സൂചന. തെരഞ്ഞെടുപ്പ് ഫലങ്ങൾ ഫ്രഞ്ച് രാഷ്ട്രീയത്തിൽ കാര്യമായ മാറ്റം അടയാളപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍. ആഗോള നയതന്ത്ര വിഷയങ്ങളിലും ഉക്രെയ്ന്‍, പലസ്തീന്‍ യുദ്ധ വിഷയങ്ങളിലടക്കം ഫ്രാന്‍സ് എടുക്കുന്ന നിലപാടുകളില്‍ കാര്യമായ വ്യത്യാസം ഇടത് സര്‍ക്കാരിന്റെ വരവോടെ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.
അതേസമയം തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നുകൊണ്ടിരിക്കെ ഫ്രാൻസിന്റെ വിവിധ മേഖലകളില്‍ സംഘര്‍ഷമുണ്ടായി. ഇടതുപക്ഷ സഖ്യം ലീഡ് ചെയ്യുമെന്ന് സൂചിപ്പിക്കുന്ന ഫലം പുറത്തുവന്നതിന് പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇടതുപക്ഷത്തിന്റെ വിജയത്തിൽ പങ്കുചേരാൻ പാരിസിലെ പ്ലേസ് ഡി ലാ റിപ്പബ്ലിക്കിൽ ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടിയിരുന്നു. ഇവരുമായി നാഷണല്‍ റാലി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയായിരുന്നു. മൊളോടോവ് കോക്ക്‌ടെയിലുകളും സ്മോക്ക് ബോംബുകളും എറിഞ്ഞതായി അധികൃതർ പറഞ്ഞു. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പാരിസിലടക്കം കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. 

ഭൂരിഭാഗം എംപിമാരും പരാജയപ്പെട്ടതോടെ പ്രധാനമന്ത്രി ഗബ്രിയേല്‍ അത്താല്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ക്യാമ്പിലെത്തി രാജി സന്നദ്ധത അറിയിച്ചു. പാരിസ് ഒളിമ്പിക്സിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാജ്യത്തുണ്ടാകുന്ന രാഷ്ട്രീയ അസ്ഥിരതയും വാണിജ്യ തകര്‍ച്ചയും അന്താരാഷ്ട്ര സമൂഹത്തിനുമുന്നില്‍ ക്ഷീണമുണ്ടാക്കുമെന്നതിനാല്‍ കാവല്‍ സര്‍ക്കാര്‍ നയിക്കാന്‍ പ്രസിഡന്റ് നിര്‍ദേശിക്കുകയായിരുന്നു. പുതിയ സര്‍ക്കാരുണ്ടാക്കാനായി പൂര്‍ണഫലം വരുംവരെ കാത്തിരിക്കുമെന്നും മക്രോണ്‍ പറഞ്ഞു.

Eng­lish Sum­ma­ry: Left advance

You may also like this video

Exit mobile version