Site iconSite icon Janayugom Online

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇടതുമുന്നണി സജ്ജം

ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം. സിപിഐ (എം) 15, സിപിഐ നാല്, ഒരുസീറ്റില്‍ കേരള കോണ്‍ഗ്രസ് (എം) എന്നിങ്ങനെയാണ് മത്സരിക്കുക. ഏകകണ്ഠമായാണ് തീരുമാനം. ഇടതുപക്ഷ ജനാധിപത്യ മുന്നണി വന്‍വിജയം നേടുമെന്ന് എല്‍ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് പറഞ്ഞു. 2019 ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മണ്ഡലങ്ങളില്‍ തന്നെയാണ് പാര്‍ട്ടികള്‍ മത്സരിക്കുക. സ്ഥാനാര്‍ത്ഥികളെ അതിവേഗത്തില്‍ തീരുമാനിക്കും. എപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും നേരിടാന്‍ കഴിയുന്ന തരത്തില്‍ എല്‍ഡിഎഫ് സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.
14 ന് രാവിലെ 10ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റികള്‍ ചേരും. തുടർന്ന് പാർലമെന്റ്, നിയമസഭാ മണ്ഡലം, മേഖല, ബൂത്ത് കമ്മിറ്റികളും ചേരും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ പാർലമെന്റ് മണ്ഡലം കൺവെൻഷനുകൾ നടക്കും. അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമെന്നും ഇ പി ജയരാജന്‍ അറിയിച്ചു.

രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ഫെഡറല്‍ തത്വങ്ങള്‍ക്കുമെതിരെയുമുള്ള കടുത്ത ആക്രമണത്തെ പ്രതിരോധിക്കാന്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷ സ്വാധീനം വര്‍ധിക്കണം. ഇടതുപക്ഷത്തിന്റെ സ്വാധീനക്കുറവാണ് ഇന്ത്യന്‍ രാഷ്ട്രീയം നേരിട്ടു കൊണ്ടിരിക്കുന്ന ഗുരുതര വിപത്തുകളുടെ അടിസ്ഥാനം. അതുകൊണ്ട് പാര്‍ലമെന്ററി ജനാധിപത്യവും മതനിരപേക്ഷതയും ഫെഡറല്‍ സംവിധാനവും സംരക്ഷിക്കുവാന്‍ ഇടതുപക്ഷം ശക്തിപ്പെടേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടികള്‍ നേരിടേണ്ടി വന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

കോണ്‍ഗ്രസിന് മൃദു ആര്‍എസ്എസ് സമീപനം

മൃദു ആര്‍എസ്എസ് സമീപനമാണ് കോ­ണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ലീഗിനെ ജാഥയില്‍ കൊണ്ടുനടന്നാല്‍ ദോഷം ചെയ്യുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. മുസ്ലിം ലീഗിനെ കോണ്‍ഗ്രസ് അപമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.
എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെ പ്രധാനമന്ത്രി വിരുന്നിനു ക്ഷണിച്ചത് പുതിയൊരു അന്തര്‍ധാരയാണ്. മുഖ്യമന്ത്രിയെ ജാതിപരമായി അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമര്‍ശത്തെയും എല്‍ഡിഎഫ് കണ്‍വീനര്‍ വിമര്‍ശിച്ചു. സുധാകരന്‍ ഈഴവരെ പരസ്യമായി അപമാനിച്ചു. ഈഴവരോട് കാണിച്ച തെറ്റായ നിലപാടാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:Left Front ready for Lok Sab­ha elections
You may also like this video

Exit mobile version