Site iconSite icon Janayugom Online

കേസ് അട്ടിമറിക്കാനുള്ള ശ്രമം തടഞ്ഞ് മധുവിന്റെ കുടുംബത്തിനൊപ്പം നിന്നത് ഇടതുസര്‍ക്കാര്‍

പണവും പ്രതാപവും ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിച്ച് പ്രതികൾ കേസ് അട്ടിമറിയ്ക്കാൻ തുനിഞ്ഞപ്പോൾ ഇടതുസർക്കാർ ഒപ്പം നിന്ന് പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകിയ ഒന്നായി മധുകേസ് ചരിത്രത്തിൽ ഇടം പിടിക്കുന്നു. കുറ്റപത്രം നൽകി നാലു വർഷമായിട്ടും കേസ് കോടതിയിലെത്താതെ വന്നപ്പോൾ അട്ടിമറിക്കപ്പെടുമോയെന്ന ഭയത്തെ തുടർന്ന് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും സർക്കാരിന് കത്തു നൽകി. ഉടൻ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരെ പ്രോസിക്യൂട്ടർമാരായി സർക്കാർ നിശ്ചയിച്ചെങ്കിലും അവരെല്ലാം പിന്നീട് പിന്മാറുന്ന കാഴ്ചയാണ് കേരളം കണ്ടത്.

അവസാനം കോടതി കേസ് പരിഗണിച്ചപ്പോൾ 127 സാക്ഷികളിൽ ആദ്യം വിസ്തരിച്ച 30 സാക്ഷികളിൽ 24 പേരും കൂറുമാറി. ഇത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ട് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ കുടുംബം വീണ്ടും സർക്കാരിനോട് ആവശ്യപ്പെട്ടു. ആ ആവശ്യവും പരിഗണിച്ച് ഉടൻതന്നെ അസിസ്റ്റന്റ് പ്രോസിക്യൂട്ടറായ രാജേഷ് എം മേനോനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചു. ഇദ്ദേഹമാണ് വിധി വരുംവരെ കേസിൽ ഹാജരായത്. സാക്ഷികൾ കൂറുമാറുന്നത് കണ്ടെത്താൻ പൊലീസ് നടത്തിയ ഇടപെടലും ഏറെ പ്രശംസനീയമാണ്.

പ്രതികൾക്ക് ഹൈക്കോടതി നൽകിയ ജാമ്യം കീഴ്ക്കോടതി റദ്ദാക്കുക എന്ന അസാധാരണമായ സംഭവവും മധുകേസിൽ കണ്ടു. സാക്ഷികളെ സ്വാധീനിച്ചെന്ന് തെളിഞ്ഞതോടെയാണ് ജാമ്യം റദ്ദാക്കിയത്. അഗളി ഡിവൈഎസ്‍പി എൻ മുരളീധരന്റെ നേതൃത്വത്തിൽ വിശ്രമമില്ലാതെ നടത്തിയ അന്വേഷണമാണ് സാക്ഷികൾ കൂറുമാറിയതിന് പിന്നിൽ പണവും സ്വാധീനവുമാണെന്ന് കണ്ടെത്തിയത്. തുടർന്നാണ് പ്രതികളുടെ ജാമ്യം റദ്ദാക്കാൻ കോടതിയിൽ ഹർജി നൽകിയത്. 11 പ്രതികളുടെ ജാമ്യം റദ്ദാക്കി ഇവരെ ജയിലിടച്ചു. വീണ്ടും ജാമ്യത്തിനായി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിചാരണക്കോടതിയിൽ പോകാനായിരുന്നു നിർദ്ദേശം.

പ്രതികളുടെ ബന്ധുക്കളും മധുവിന്റെ ബന്ധുക്കളും കോടതി പരിസരത്ത് നിലയുറപ്പിച്ചതിനാല്‍ വന്‍ പൊലീസ് സംഘമാണ് കോടതി പരിസരത്ത് ഉണ്ടായിരുന്നത്. വിധി വരുമ്പോള്‍ പ്രതികളുടെ ബന്ധുക്കളില്‍ നിന്നും ആക്രമണം ഉണ്ടാകുമെന്ന് ഭയമുള്ളതായി അമ്മയും സഹോദരിയും എസ്‍പിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇവരുടെയും സുരക്ഷ വര്‍ധിപ്പിച്ചു.

 

Eng­lish Sam­mury: Left gov­ern­ment stood by Mad­hu’s fam­i­ly and stopped the attempt to sub­vert mad­hu mur­der case

Exit mobile version