Site iconSite icon Janayugom Online

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ഇടതുപക്ഷം തുടരണം: എകെഎസ്‌ടിയു

കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന് കഴിഞ്ഞ പത്തുവർഷക്കാലം താങ്ങും തണലുമായി നിന്ന ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരണമെന്നത് ആ മേഖലയിലെ അധ്യാപകരുടെയും ജീവനക്കാരുടെയും അഭിലാഷമാണെന്ന് എകെഎസ്‌ടിയു സംസ്ഥാന സമ്മേളനം.
പത്ത് വർഷക്കാലം ഒരൊറ്റ അൺഎയ്‌ഡഡ് വിദ്യാലയത്തിനും അനുമതി നല്കാതെ വിദ്യാഭ്യാസക്കച്ചവടത്തെ നിയന്ത്രിക്കാനും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടഞ്ഞ് അധ്യാപകരുടെ ജോലി സുരക്ഷ ഉറപ്പാക്കാനും ഇടതുപക്ഷത്തിന് കഴിഞ്ഞു. 

കേന്ദ്രസർക്കാർ സാമ്പത്തികമായി വീർപ്പുമുട്ടിക്കുമ്പോൾ തനതായ വിദ്യാഭ്യാസ പരിപാടികൾ ആസൂത്രണം ചെയ്ത് ഏറ്റവും സാധാരണക്കാരായ കുട്ടികളെയും മികവിന്റെ പാതയിലേക്ക് നയിക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നും അതിന്റെ തുടർച്ചയ്ക്കായി പൊതുവിദ്യാലയങ്ങളിലെ അധ്യാപകർ നിലകൊള്ളണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമഗ്ര പ്രീ പ്രൈമറി നയം ആവിഷ്ക്കരിക്കുക, അധ്യാപകരുടെ ജോലിസുരക്ഷയ്ക്ക് പദ്ധതികൾ കൊണ്ടുവരിക, ദേശീയവിദ്യാഭ്യാസ നയത്തിന്റെ മറവിൽ പൊതുവിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനുള്ളശ്രമം തടയുക, കുട്ടികൾക്ക് താങ്ങാനാകാത്ത പാഠഭാഗങ്ങളുടെ ഉള്ളടക്കം കുറയ്ക്കുക, മതിയായ എണ്ണം കുട്ടികളില്ലാത്ത വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾ ക്രമവൽക്കരിക്കുക, ഭിന്നശേഷി നിയമനം നല്‍കിയ വിദ്യാലയങ്ങളിലെ അധ്യാപകനിയമനങ്ങൾ ത്വരിതപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. 

പുതിയ ഭാരവാഹികളായി കെ കെ സുധാകരൻ (പ്രസിഡന്റ്) എസ് ജ്യോതി, ബിജുപേരയം, ഡോ. ആശിഷ് പി എം, എസ് എസ് അനോജ് (വൈസ് പ്രസിഡന്റുമാർ), ഒ കെ ജയകൃഷ്ണൻ (ജനറല്‍ സെക്രട്ടറി), കെ പത്മനാഭൻ, എം വിനോദ്, ബിനുപട്ടേരി, എം എന്‍ വിനോദ്, സി ബിജു (സെക്രട്ടറിമാർ), കെ സി സ്നേഹശ്രീ (ട്രഷറർ) എന്നിവരെയും75 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

Exit mobile version