രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാൻ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഐക്യം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എറണാകുളം ജില്ലാ പ്രതിനിധി സമ്മേളനം ഏലൂരിൽ കെ സി പ്രഭാകരൻ നഗറിൽ (മുനിസിപ്പൽ ടൗൺഹാൾ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതത്തിന്റെയും ജാതിയുടെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിർത്താനാണ് മോഡി സർക്കാർ ശ്രമിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിൽ ഒരു തരത്തിലും ഭാഗമാകാതിരുന്ന ആർഎസ്എസും സംഘപരിവാർ സംഘടനകളും കപട ദേശീയത പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ദേശീയപതാകയെ നിരാകരിച്ച് കാവിക്കൊടിയാണ് വേണ്ടതെന്ന് പറഞ്ഞവർ എത്ര കോടി ദേശീയപതാക വിതരണം ചെയ്താലും ആ പാപത്തിന്റെ കറ കഴുകിക്കളയാൻ പറ്റില്ലെന്നും കാനം പറഞ്ഞു. ഇപ്പോൾ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാകുവാൻ ചരിത്രത്തിൽ നേതാക്കളുടെ ഫോട്ടോ തിരുകി കയറ്റിയതുകൊണ്ടൊന്നും ജനങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങളെ എതിർക്കാൻ പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് നിൽക്കാത്തത് ദൗർഭാഗ്യകരമാണ്. സംസ്ഥാനങ്ങളിൽ പ്രാദേശികമായി രൂപം കൊള്ളുന്ന പാർട്ടികൾക്ക് പ്രാധാന്യം വർധിച്ചു വരികയും സംസ്ഥാനത്തിന്റെ പാർട്ടികളായി ഇവ മാറുന്നതുമാണ് പ്രതിപക്ഷ പാർട്ടികൾക്ക് ഒന്നിച്ചു നിൽക്കുന്നതിന് തടസമായിട്ടുള്ളത്.
കേന്ദ്ര സർക്കാരിനെതിരെ ജനകീയ ബദൽ ഉയർത്തി കൊണ്ടുവരാൻ ശ്രമിക്കുന്നത് ഇടതുപക്ഷ പാർട്ടികൾ മാത്രമാണ്. എന്നാൽ ഇതിൽ ഒപ്പമുള്ള ആർ എസ്‌പിയും ഫോർവേഡ് ബ്ലോക്കും കേരളത്തിൽ എൽഡിഎഫിന് ഒപ്പമല്ല.
മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളെ ഒരുമിപ്പിച്ചു മുന്നോട്ടു കൊണ്ടുപോവാനുള്ള ഇടത് ദൗത്യം നിർവഹിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ ബിജെപിയുടെ തെറ്റായ നയങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്താൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുന്‍ ജില്ലാ സെക്രട്ടറി മുണ്ടക്കയം സദാശിവൻ പതാക ഉയർത്തി. സംസ്ഥാന കൗൺസിൽ അംഗം ബാബു പോള്‍ രാഷ്ട്രീയ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി പി രാജു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു, കെ പി രാജേന്ദ്രൻ, സി എൻ ജയദേവൻ, ജെ ചിഞ്ചുറാണി, ഇ ചന്ദ്രശേഖരൻ, എ കെ ചന്ദ്രൻ, പി പി സുനീർ എന്നിവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ എം ടി നിക്സൺ സ്വാഗതം പറഞ്ഞു.
എസ് ശ്രീകുമാരി, കെ എൻ ഗോപി, എൽദോ എബ്രഹാം, കെ കെ സന്തോഷ് ബാബു, കെ ആർ റെനീഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിക്കുന്നു. പുതിയ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പോടെ സമ്മേളനം ഇന്ന് സമാപിക്കും.
English Summary: Left should strengthen to protect secularism: Kanam
You may like this video also