Site icon Janayugom Online

കേന്ദ്രത്തിന്റെ ജനവിരുദ്ധആശയങ്ങൾ ചെറുത്ത് തോൽപ്പിക്കാൻ ഇടതുശബ്ദം ഉയർത്തികൊണ്ടുവരണം: അഡ്വ. പി സന്തോഷ് കുമാർ എംപി

കേന്ദ്രഭരണാധികാരികൾ മുന്നോട്ട് വെക്കുന്ന ജനവിരുദ്ധ ആശയങ്ങളെ ചെറുത്തുതോൽപ്പിക്കാൻ ഇന്നത്തെ ഇന്ത്യൻ സംവിധാനത്തിന് സാധ്യമല്ലെന്നും ഇടതുപക്ഷത്തിന്റെയും ജനത്തിന്റെയും ശബ്ദം ഉയർത്തിപിടിക്കുകയും അത് തെരുവുകളും നാടും ഏറ്റുവാങ്ങുന്നതരത്തിൽ പോരാട്ടമായി മാറ്റി അതിലൂടെയൊരു മാറ്റമുണ്ടാക്കുവാൻ സാധിക്കുമെന്നും അഡ്വ. പി സന്തോഷ് കുമാർ എംപി. കണ്ണൂർ പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങൾക്കിടയിൽ ഇടതുപക്ഷ സ്വാധീനവും സാധ്യതകളും വളരെയേറെയാണ്. അത് ഉപയോഗപ്പെടുത്തികൊണ്ട് മുന്നോട്ട് പോകുകയെന്നതാണ് പ്രധാനമായും ആലോചിക്കുന്നത്. ഒരു തീരുമാനമെടുത്താൽ ആ തീരുമാനം ഏത് വിധേനയും നടപ്പിലാക്കാനുള്ള ശേഷി ഭരണപക്ഷത്തിനുണ്ടെന്നത് ഏറ്റവും അപകടകരമായ സാഹചര്യമാണ്. പക്ഷെ ഭരിക്കുന്നവരുടെ ഭൂരിപക്ഷമാണ് ജനാധിപത്യത്തിൽ അവസാന വാക്കെങ്കിൽ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം ഇങ്ങനെയാവുമായിരുന്നില്ല.

രാഷ്ട്രീയം ഒരു പാട് മാറി കഴിഞ്ഞു. ഒരു കാലത്ത് അസാധ്യമെന്ന് കരുതിയ ഒരു പാട് കാര്യങ്ങൾക്ക് മാറ്റം സംഭവിച്ചു. ജനങ്ങളാണ് ചരിത്രം നിർമ്മിക്കുന്നത് തീരുമാനിക്കുന്നതെന്ന കമ്മ്യൂണിസ്റ്റുകാർ വിശ്വസിക്കുന്ന വാചകം ഇന്നും നിത്യപ്രസക്തമാണ്. ഇന്നത്തെ ഇന്ത്യയുടെനിലനിൽപ്പ് സംവിധാനത്തിൽ ഒട്ടും ചെറുതാകേണ്ട പാർട്ടിയല്ല സിപിഐ. ഇതിലും കൂടുതൽ അർഹത നേടേണ്ട പാർട്ടിയാണ്. അത്തരമൊരുതലത്തിലേക്ക് പാർട്ടിയെ ഉയർത്തികൊണ്ടുവരുന്നതിനുള്ള ശ്രമം നടത്തും.

മലബാറിന് അവഗണനയെന്നത് ഇപ്പോഴില്ല. കണ്ണൂരിൽ നിന്നുള്ള വ്യക്തിയെന്ന നിലയിൽ കണ്ണൂരിന് കൂടുതൽ ഊന്നൽ നൽകും. അത് പോലെ കേരളത്തിന്റെ പല കാര്യങ്ങളും നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് കേരളത്തിന് അർഹിക്കുന്ന ന്യായമായ കാര്യങ്ങൾ ലഭ്യമാകാൻ ആവശ്യമായ നീക്കങ്ങൾ നടത്തുമെന്നും പി സന്തോഷ് കുമാർ എംപി പറഞ്ഞു.

സിപിഐ സംസ്ഥാന കൗൺസിലംഗം സി പി സന്തോഷ് കുമാർ, ജില്ലാ അസി. സെക്രട്ടറി എ പ്രദീപൻ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് എ കെ ഹാരിസ് അധ്യക്ഷനായി. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് സബിന പത്മൻ നന്ദിയും പറഞ്ഞു.

Eng­lish summary;Left voice must be raised to defeat the anti-peo­ple ide­ol­o­gy of the Cen­ter: Adv. P San­thosh Kumar MP

You may also like this video;

Exit mobile version