Site iconSite icon Janayugom Online

ഫ്രാൻസില്‍ ഇടതുസഖ്യത്തിന് മുന്നേറ്റം; ദേശീയ അസംബ്ലിയില്‍ ഭൂരിപക്ഷമില്ലാതെ മക്രോണ്‍

രണ്ടാം ഘട്ട പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സഖ്യത്തിന്റെ മുന്നേറ്റത്തില്‍ ദേശീയ അസംബ്ലിയില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് ഭൂരിപക്ഷം നഷ്ടമായി. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുള്‍ പ്രകാരം മക്രോണിന്റെ മധ്യ വലതുപക്ഷ പാര്‍ട്ടി നയിക്കുന്ന സഖ്യം 245 സീറ്റുകളില്‍ ഒതുങ്ങി. ജീന്‍ ലൂക് മെലന്‍ഞ്ചോണിന്റെ ഇടത് സഖ്യത്തിന് 135 സീറ്റുകളും മരീന്‍ ലെ പെന്നിന്റെ തീവ്ര വലതുപക്ഷ പാര്‍ട്ടി 89 സീറ്റുകളും നേടി. 577 അംഗങ്ങളുള്ള ഫ്രഞ്ച് അസംബ്ലിയില്‍ കേവലഭൂരിപക്ഷത്തിന് 289 സീറ്റുകളാണ് ആവശ്യം. പകുതിയിലധികം വോട്ടർമാരും വിട്ടുനിന്ന തെര‍ഞ്ഞെടുപ്പില്‍ 46.23 ശതമാനം പോളിങ് രേഖപ്പെടുത്തി. മെലന്‍ഞ്ചോണിന്റെ തീവ്ര‑ഇടത് സഖ്യമായ ന്യൂ പോപ്പുലർ ഇക്കോളജിക്കൽ ആന്റ് സോഷ്യൽ യൂണിയൻ (ന്യൂപ്‍സ്), ദേശീയ അസംബ്ലിയിൽ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായി.
രണ്ടാം തവണയും പ്രസിഡന്റായി തെര‍ഞ്ഞെടുക്കപ്പെട്ട മക്രോണിന് അപ്രതീക്ഷിത തിരച്ചടി നല്‍കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അനായാസമായി വിജയിച്ച സ്ഥാനാര്‍ത്ഥിക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാനാകാതെ പോകുന്നത് 20 വർഷത്തിനിടെ ഇതാദ്യമാണ്. ദേശീയ അസംബ്ലിയില്‍ ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ അധികാരം വരെ നഷ്ടപ്പെട്ടേക്കാം.
മറ്റു പാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ച് ഭൂരിപക്ഷം നിലനിര്‍ത്തുകയാണ് മക്രോണിന് മുന്നിലുള്ള ഏക പോംവഴി. സഖ്യം രൂപീകരിക്കാനായില്ലെങ്കില്‍ ഫ്രാന്‍സിന്റെ ഭരണം അനിശ്ചിതത്വത്തിലാകും. സീറ്റ് നഷ്‌ടപ്പെട്ട മന്ത്രിമാരിൽ ആരോഗ്യമന്ത്രി ബ്രിജിറ്റ് ബർഗ്യുണും ഉൾപ്പെടുന്നു. തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥിയോട് വെറും 56 വോട്ടുകൾക്കാണ് ബർഗ്യുണ്‍ പരാജയപ്പെട്ടത്. പരിസ്ഥിതി മന്ത്രി അമേലി ഡി മോണ്ട്ചാലിനും സ്റ്റേറ്റ് സെക്രട്ടറി ജസ്റ്റിൻ ബെനിനും സീറ്റ് നഷ്ടപ്പെട്ടു. ചട്ടമനുസരിച്ച് തെരഞ്ഞെടുപ്പില്‍ തോറ്റ മന്ത്രിമാര്‍ സ്ഥാനം രാജിവയ്ക്കണം. പരമ്പരാഗത വലതുപക്ഷ പാർട്ടിയായ ലെസ് റിപ്പബ്ലിക്കെയ്‌നുമായി മക്രോണിന്റെ പാര്‍ട്ടി സഖ്യം രൂപീകരിക്കാന്‍ ശ്രമിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
സോഷ്യലിസ്റ്റ് പാര്‍ട്ടി, ഗ്രീന്‍സ്, മെലന്‍ഞ്ചോണിന്റെ തീവ്ര ഇടതു പക്ഷ പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവര്‍ ചേര്‍ന്നുള്ള സഖ്യം തെര‍‍ഞ്ഞെടുപ്പില്‍ മക്രോണിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. പ്രസിഡന്റ് തെര‍‍ഞ്ഞെടുപ്പില്‍ മെലന്‍ഞ്ചോണ്‍ മൂന്നാമതെത്തിയിരുന്നു. കഴി‍ഞ്ഞ തെരഞ്ഞെടുപ്പിലെ 60 സീറ്റുകളില്‍ നിന്ന് പ്രാതിനിധ്യം മൂന്നിരട്ടിയാക്കാന്‍ നിലവില്‍ ഇടതു സഖ്യത്തിന് കഴിയും. മക്രോണിന്റെ ധാര്‍മ്മിക പരാജയമാണ് തെരഞ്ഞെടുപ്പ് ഫലം അടയാളപ്പെടുത്തുന്നതെന്ന് മെലന്‍ഞ്ചോണ്‍ പ്രതികരിച്ചു. അതേസമയം, എട്ട് സീറ്റുകളില്‍ നിന്നാണ് മരീന്‍ ലെ പെന്നിന്റെ തീവ്ര വലതുപക്ഷ പാര്‍ട്ടി 89 സീറ്റുകളില്‍ വിജയം നേടിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തീവ്ര വലതുപക്ഷത്തിന്റെ വോട്ട് വിഹിതം ആശങ്കപ്പെടുത്തുന്നതാണെന്ന് മക്രോണ്‍ സമ്മതിച്ചിരുന്നു.
ഭൂരിപക്ഷം നഷ്ടമായതോടെ മക്രോണിന്റെ പരിഷ്കാരങ്ങളുടെ ഭാവിയും അനിശ്ചിതത്വത്തിലാകും. വിരമിക്കല്‍ പ്രായം ഉയര്‍ത്താനുള്ള പദ്ധതിയാണ് ഇതില്‍ ഏറ്റവും പ്രധാനം. വിരമിക്കല്‍ പ്രായം 62 ല്‍ നിന്ന് 65 ആയി ഉയര്‍ത്താനായിരുന്നു പദ്ധതി. ഇതിനു പുറമേ, നികുതി വെട്ടിക്കുറക്കൽ, ക്ഷേമ പദ്ധതികളുടെ പരിഷ്‌കരണം എന്നിവയും വാഗ്‍ദാനം ചെയ്തിരുന്നു.

Eng­lish sum­ma­ry; left wing wins france election

You may also like this video;

Exit mobile version