Site iconSite icon Janayugom Online

കള്ളപ്പണം നൽകി ഇടതുപക്ഷ വിജയം തടയാനാകില്ല: ബിനോയ് വിശ്വം

കള്ളപ്പണം നൽകിയും വ്യാജമദ്യം ഒഴുക്കിയും പാലക്കാട് മണ്ഡലത്തിലെ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി ഡോ. പി സരിന്റെ വിജയം തടയാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ഇന്ന് മുനമ്പത്തേക്ക് ഓടിപ്പോയത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഇടതു മുന്നണി സർക്കാർ മുനമ്പത്ത് ഒരാളെപ്പോലും കുടിയിറക്കില്ലെന്നും അതിനുവച്ച വെള്ളം ബിജെപി താഴെയിറക്കേണ്ടി വരും. രാവണന് സീതയെ അപഹരിക്കാൻ മാരീചൻ മായപ്പൊൻമാനായി അവതരിച്ചതുപോലെയാണ് ചിലരുടെ പ്രവർത്തനം. എത്ര മാരീചൻമാർ പാലക്കാട്ട് വിലസിയാലും ഇടതുമുന്നണിയുടെ വിജയം തട്ടിയെടുക്കാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. 

ജനഹിതത്തെ പണാധിപത്യം കൊണ്ട് അട്ടിമറിക്കാനാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും ശ്രമം. രാഷ്ട്രത്തിന്റെ മതം അംഗീകരിക്കുന്നവർക്ക് മാത്രം ഇവിടെ ജീവിക്കാം എന്നാണ് ബിജെപി പറയുന്നത്. മതത്തെ അടിസ്ഥാനമാക്കിയുള്ള സംസ്കാരത്തിൽ സംസ്കൃതത്തിന് മാത്രമാണ് അവർ സ്ഥാനം നൽകുന്നതെന്നും അല്ലാത്തവർക്ക് വോട്ടവകാശം വരെ നിഷേധിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം സ്റ്റേഡിയം സ്റ്റാന്റിന് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സിപിഐ(എം) ഏരിയാ സെക്രട്ടറി കെ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ്, എംഎൽഎമാരായ മുഹമ്മദ് മുഹ്സിൻ, എം വിജിൻ, നേതാക്കളായ എൻ എൻ കൃഷ്ണദാസ്, കെ കുശലകുമാർ (കേരള കോൺഗ്രസ്), ഓട്ടൂർ ഉണ്ണികൃഷ്ണൻ (എൻസിപി), എം ലെനിൻ (ജെഡിഎസ്), കെ ബഷീർ (ആർജെഡി), നെെസ് മാത്യു (കേരള കോൺഗ്രസ് സ്കറിയ), ശിവപ്രകാശ് (കോൺഗ്രസ് എസ്), വിശ്വനാഥൻ (കേരള കോൺഗ്രസ് ബി), ഉബൈദ് (ജനാധിപത്യ കേരള കോൺഗ്രസ്) എന്നിവർ സംസാരിച്ചു. മുരളി കെ താരേക്കാട് സ്വാഗതവും സി പി പ്രമോദ് നന്ദിയും പറഞ്ഞു. 

Exit mobile version