Site iconSite icon Janayugom Online

ഗ്രീക്ക് സര്‍വകലാശാലയില്‍ ഇടത് മുന്നേറ്റം

ഗ്രീക്ക് സര്‍വകലാശാല തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് ചരിത്ര വിജയം. ഗ്രീസിലുടനീളമുള്ള 266 സർവ്വകലാശാലകളിലെ വിദ്യാർത്ഥി യൂണിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പിന്തുണയുള്ള വിദ്യാർത്ഥി സംഘടനയായ യൂണിവേഴ്സിറ്റി എക്സ് മുന്‍നിര ശക്തിയായി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഉയര്‍ന്നു വന്നു. ആകെ വോട്ടുകളുടെ 35.04 ശതമാനത്തിലധികവും യൂണിവേഴ്സിറ്റി എക്സാണ് നേടിയത്.
ഗ്രീസിലെ നിലവിലെ ന്യൂ ഡെമോക്രസി (എൻഡി) പാർട്ടിയുടെ പിന്തുണയുള്ള ഡെമോക്രാറ്റിക് റിന്യൂവൽ വാൻഗാർഡ്-ന്യൂ ഡെമോക്രാറ്റിക് സ്റ്റുഡന്റ് മൂവ്‌മെന്റ് (ഡിഎപി-എൻഡിഎഫ്കെ) 14,441, സോഷ്യൽ ഡെമോക്രാറ്റിക് പിഎഎസ്‌പിക്ക് 5,294 വോട്ടുകളും ലഭിച്ചു. 2022ലും, കമ്മ്യൂണിസ്റ്റ് യൂത്ത് ഓഫ് ഗ്രീസിന്റെ (കെഎൻഇ) പിന്തുണയോടെ, ഡിഎപി-എൻഡിഎഫ്കെയെ തോല്‍പ്പിച്ചുകൊണ്ട് യൂണിവേഴ്സിറ്റി എക്സ് വിജയം നേടിയിരുന്നു. ഇടതുപക്ഷ പിന്തുണയോടെ സിലുടനീളമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പുരോഗമന വിദ്യാർത്ഥികളാണ് 1974‑ൽ യൂണിവേഴ്സിറ്റി എക്സ്( പാൻസ്പൗദസ്തികി കെഎസ്) രൂപീകരിച്ചത്.
സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസത്തിനായുള്ള ആവശ്യം, വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരായ സമരം, വിദ്യാർത്ഥികളുടെ അവകാശ സംരക്ഷണം എന്നിവയാണ് സംഘടനയുടെ പ്രധാന അജണ്ട. 2009‑ൽ, ഗ്രീസിലുടനീളമുള്ള റാഡിക്കൽ വിദ്യാർത്ഥി പ്രവർത്തകർ വിദ്യാര്‍ത്ഥി സമര മുന്നണി ആരംഭിച്ചിരുന്നു. യൂണിവേഴ്സിറ്റി എക്സ് പിന്നീട് ഈ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് മുന്നണിയായി മാറി. കോവിഡ് കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും ഭാവി സംരക്ഷിക്കുന്നതിനും എതിര്‍പ്പുകള്‍ അടിച്ചമര്‍ത്താന്‍ കാമ്പസിനുള്ളില്‍ പൊലീസ് പട്രോളിങ് വര്‍ധിപ്പിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയും വിദ്യാര്‍ത്ഥി സമര മുന്നണിയുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.
സ്വേച്ഛാധിപത്യത്തിനും സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരെ പോരാടിയ മഹത്തായ പാരമ്പര്യമാണ് ഗ്രീസിലെ വിദ്യാർത്ഥി പ്രസ്ഥാനത്തിനുള്ളത്. 1973 ‑ലെ പ്രശസ്തമായ ഏഥൻസ് പോളിടെക്‌നിക് പ്രക്ഷോഭം യുഎസ് പിന്തുണയുള്ള വലതുപക്ഷ സൈനിക ഭരണകൂടത്തിനെതിരായ (1967–1974) പോരാട്ടത്തിലെ ഒരു പ്രധാന നിമിഷമായിരുന്നു.

eng­lish sum­ma­ry; Left­ist move­ment in Greek university

you may also like this video;

Exit mobile version