Site iconSite icon Janayugom Online

ലെനിന്റെ വാക്കുകള്‍ക്കിന്നും പ്രാധാന്യമുണ്ട്: അമര്‍ജിത് കൗര്‍

1917‑ൽ റഷ്യയിൽ ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് രാഷ്ട്രത്തിന് ജന്മം നൽകിയ മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവം ഇന്നും ലോകമെമ്പാടുമുള്ള എല്ലാ ശക്തികൾക്കും പിന്നിൽ വഴികാട്ടിയായി തുടരുന്നുവെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അമർജീത് കൗർ പറഞ്ഞു. ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ 105-ാം വാർഷികത്തോടനുബന്ധിച്ച് ദേശീയ ആസ്ഥാനമായ അജോയ് ഭവനിൽ സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. 

മനുഷ്യനെ മനുഷ്യൻ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാനുള്ള സമരത്തിലേക്ക് തൊഴിലാളിവർഗം നീങ്ങുന്ന കാലമായിരുന്നു അത്. എല്ലാവർക്കും വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യകരമായ ജീവിതം തുടങ്ങിയ അടിസ്ഥാനകാര്യങ്ങൾ ഉറപ്പാക്കുകകൂടിയായിരുന്നു സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ലക്ഷ്യം. ലോകം ഇന്ന് സാമ്രാജ്യത്വ ശക്തികളിൽ നിന്ന് യുദ്ധഭീഷണി നേരിടുമ്പോൾ, ലെനിന്റെ വാക്കുകള്‍ക്ക് ഇന്നും പ്രാധാന്യമുണ്ടെന്നും അവർ പറഞ്ഞു. 

ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഫാസിസത്തിലേക്ക് രാജ്യത്തെ തള്ളിവിടുന്ന മോഡി സര്‍ക്കാരിനെ 2024 പൊതുതെരഞ്ഞെടുപ്പിലൂടെ പുറത്താക്കണമെന്നും അമര്‍ജിത് കൗര്‍ കൂട്ടിച്ചേര്‍ത്തു. അമർജീത് കൗർ പാർട്ടി പതാക ഉയർത്തിയതോടെയാണ് പരിപാടികൾ ആരംഭിച്ചത്. കേന്ദ്ര സെക്രട്ടേറിയറ്റംഗം പല്ലബ് സെൻഗുപ്തയും അമര്‍ജിത് കൗറും ലെനിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

Eng­lish Sum­ma­ry: Lenin’s words also mat­ter: Amar­jit Kaur

You may like this video

Exit mobile version