Site iconSite icon Janayugom Online

പുലിപ്പല്ല് മാല; സുരേഷ് ഗോപിയ്ക്ക് നോട്ടീസ് നല്‍കാനൊരുങ്ങി വനം വകുപ്പ്

പുലിപ്പല്ല് മാല ധരിച്ചെന്ന പരാതിയില്‍ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയ്ക്ക് നോട്ടീസ് നല്‍കാനൊരുങ്ങി വനം വകുപ്പ്. പരാതിക്ക് ആധാരമായ മാല ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരിക്കും നോട്ടീസ് നൽകുക. വാടാനപ്പള്ളി സ്വദേശിയും ഐഎൻടിയുസി യുവജന വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവുമായ എ എ മുഹമ്മദ് ഹാഷിമാണ് സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. സുരേഷ് ഗോപി പുലിപ്പല്ല് ലോക്കറ്റുള്ള മാല ധരിച്ചുനിൽക്കുന്ന ചിത്രങ്ങൾ സഹിതമായിരുന്നു പരാതി. ഇത് വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

മാലയിലെ പുലിപ്പല്ല് യഥാർത്ഥത്തിലുള്ളതാണോ എന്ന് വനംവകുപ്പ് പ്രാഥമികമായി പരിശോധിക്കും. യഥാർത്ഥ പുലിപ്പല്ലാണെന്ന് കണ്ടെത്തിയാൽ അത് വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമായി കണക്കാക്കും. വനം-വന്യജീവി സംരക്ഷണ നിയമപ്രകാരം, ഷെഡ്യൂൾ ഒന്നിൽ രണ്ടാം ഭാഗത്തിലാണ് പുലിയെ ഉൾപ്പെടുത്തിയിട്ടുള്ളത്. പാരമ്പര്യമായി ലഭിച്ചതാണെങ്കിൽ പോലും ഇത്തരം ഉൽപ്പന്നങ്ങൾ കൈവശം വെക്കാൻ പാടില്ല എന്നാണ് നിയമം.

Exit mobile version