Site iconSite icon Janayugom Online

മണിപ്പൂർ നൽകുന്ന പാഠം

ന്ത്യൻ ജനാധിപത്യത്തിനും അത് പടുത്തുയർത്തിയ ഇന്ത്യൻ ഭരണഘടനയ്ക്കും മണിപ്പൂർ നൽകുന്ന പാഠമെന്ത്? കഴിഞ്ഞ രണ്ടുമാസക്കാലമായി മണിപ്പൂരിൽ നിന്ന് ആശങ്കാജനകമായ വാർത്തകൾ മാത്രമാണ് വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ ജനാധിപത്യത്തെ ഇത്രയും ദുർബലപ്പെടുത്തുന്ന സാഹചര്യം മണിപ്പൂരിൽ സൃഷ്ടിച്ചതിന്റെ ഉത്തരവാദികൾ ആരാണ്?
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 355 അനുസരിച്ച് രാജ്യത്തെ സംസ്ഥാനങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തമാണ്. അനുച്ഛേദം 355 അനുസരിച്ച് ഇന്ത്യയുടെ ഒരു സംസ്ഥാനമായ മണിപ്പൂരിനെ ബാഹ്യാക്രമണങ്ങളിൽ നിന്നും, ആഭ്യന്തരഅസ്വസ്ഥതകളിൽ നിന്നും സംരക്ഷിക്കേണ്ട ബാദ്ധ്യത കേന്ദ്രസർക്കാരിനുണ്ട്. എന്നാൽ ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവർത്തിക്കാൻ കഴിയാത്ത ബിജെപിയുടെ സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം കൊണ്ടുവരേണ്ട കേന്ദ്രസർക്കാർ സ്വന്തം പാർട്ടിയുടെ സർക്കാരുമായി മുന്നോട്ടുപോകുന്നത് തികച്ചും ദൗർഭാഗ്യകരമാണ്.


ഇതുകൂടി വായിക്കൂ: മണിപ്പൂരില്‍ ബിജെപിയുടെ പക്ഷപാതം മറനീക്കി


ജനസംഖ്യയുടെ 55ശതമാനം വരുന്ന മെയ്തി കളും 10ശതമാനം വരുന്ന കുക്കികളും തമ്മിലാണ് കഴിഞ്ഞ അമ്പത്തിയെട്ട് ദിവസങ്ങളായി രാജ്യത്തെ ഞെട്ടിച്ച കലാപം അഴിച്ചുവിട്ടിരിക്കുന്നത്. സംസ്ഥാന സർക്കാർ സംവിധാനങ്ങൾ നഗരത്തിൽ അധിവസിക്കുന്ന ഭൂരിപക്ഷ ജനവിഭാഗമായ മെയ്തികളെ സഹായിക്കുന്നു എന്ന ആക്ഷേപം നിലനിൽക്കുന്നു. മണിപ്പൂർ മുഖ്യമന്ത്രി ബീരേന്‍ സിങ് അടക്കം മന്ത്രിസഭയിലെ ഭൂരിപക്ഷ മന്ത്രിമാരും മെയ്തി വിഭാഗത്തിൽപ്പെട്ടവരാണ്. മണിപ്പൂർ നിയമസഭയുടെ മൂന്നിൽ രണ്ടും മെയ്തി വിഭാഗത്തിൽപ്പെട്ടവരാണ്. അതേസമയം മണിപ്പൂരിന്റെ മലയോരപ്രദേശങ്ങളിൽ താമസിക്കുന്ന ആദിവാസി-ഗോത്ര വർഗത്തിൽപ്പെട്ട കുക്കി വിഭാഗം സംസ്ഥാനത്തെ ന്യൂനപക്ഷവും ബഹുഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളുമാണ്. തുടർച്ചയായ മനുഷ്യാവകാശ ലംഘനം തടയുവാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല എന്നുമാത്രമല്ല സുപ്രീം കോടതി കഴിഞ്ഞ വർഷം മരവിപ്പിച്ച ഇന്ത്യൻ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹകുറ്റം വരെ ചുമത്തി കേസെടുക്കുന്ന സംസ്ഥാന പൊലീസിനെയാണ് മണിപ്പൂരിൽ കാണാൻ കഴിയുന്നത്. ഇത് സുപ്രീം കോടതിക്ക് എതിരെയുള്ള ഒരു വെല്ലുവിളിയാണ്. ഭരണഘടനാപരമായി പൂർണമായും പരാജയപ്പെട്ട സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാതെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് കൂട്ടുനിൽക്കുകയാണ് കേന്ദ്രസർക്കാർ.


ഇതുകൂടി വായിക്കൂ: മണിപ്പൂര്‍ കലാപം തുടരുന്നു


ബിജെപിയുടെ നേതൃത്വത്തിലുള്ള ബീരേന്‍ സിങ് മന്ത്രിസഭയെ എത്രയും വേഗം പിരിച്ചുവിട്ട് ഭരണഘടനയ്ക്ക് അനുസൃതമായി മണിപ്പൂർ സംസ്ഥാനം പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ട ചുമതല കേന്ദ്രസർക്കാരിനുണ്ട്.
രാജ്യത്ത് ഇത്രയും വലിയ മനുഷ്യാവകാശ ലംഘനം നടക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ തലവൻ എന്ന നിലയിൽ മണിപ്പൂരിന്റെ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിച്ച് ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കേണ്ട പ്രധാനമന്ത്രിയെ ഇന്ത്യയിൽ കാണാനേ ഇല്ലായിരുന്നു. പ്രധാനമന്ത്രി മോഡിക്ക് രാജ്യത്തിന്റെ യഥാർത്ഥ പ്രശ്നങ്ങൾ അറിയുവാനോ അത് പരിഹരിക്കുവാനോ ഉള്ള താല്പര്യമോ ഉള്‍ക്കാഴ്ചയോ ഇല്ല എന്നതിന്റെ തെളിവാണിത്.
അമേരിക്കയിലും ഇതര രാജ്യങ്ങളിലും പച്ചക്കറി മാഹാത്മ്യവും വിളമ്പി യോഗ അഭ്യാസവും നടത്തി കറങ്ങിനടക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ഇന്ത്യൻ ജനാധിപത്യത്തിന് അപമാനം എന്നല്ലാതെ എന്താണ് പറയേണ്ടത്. ലോക സമാധാനത്തിന്റെ വക്താവായി ലോകമെങ്ങും ചുറ്റിക്കറങ്ങുന്ന ഇന്ത്യൻ പ്രധാനമന്ത്രി കഴിക്കുന്ന ഭക്ഷണത്തിലും യോഗ അഭ്യാസങ്ങളിലും മാത്രമെ സമാധാനം കണ്ടെത്താൻ കഴിയൂ എന്നതാണ് സത്യം. കലാപങ്ങൾ തുടങ്ങി രണ്ടുമാസമായിട്ടു പോലും അതിനെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാതിരിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയും റോമൻ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല.
രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ മണിപ്പൂരിൽ മനുഷ്യാവകാശ ലംഘനം നടക്കുമ്പോൾ ജസ്റ്റിസ് അരുൺ മിശ്ര ചെയർമാനായ ദേശീയ മനുഷ്യാവകാശ കമ്മിഷൻ എന്തുചെയ്യുന്നു? പലപ്രാവിശ്യം മോഡി സ്തുതി നടത്തി നേടിയ സ്ഥാനമായതുകൊണ്ടുതന്നെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഇതെല്ലാം കണ്ട് നിസംഗതപാലിക്കുന്നു. ജസ്റ്റിസ് അരുൺ മിശ്രയെ ആ സ്ഥാനത്ത് കൊണ്ടുവരാൻ കേന്ദ്ര സർക്കാർ 2019ൽ ദേശീയ മനുഷ്യാവകാശ നിയമം ഭേദഗതി ചെയ്തിരുന്നു. മണിപ്പൂരിൽ സ്ത്രീകളും കുട്ടികളും കൊടിയ പീഡനങ്ങൾക്ക് ഇരയാകുമ്പോൾ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ അതേ നിലപാട് തന്നെയാണ് ദേശീയ വനിതാ കമ്മിഷനും ബാലാവകാശ കമ്മിഷനും എടുത്തിരിക്കുന്നത്. മത ന്യൂനപക്ഷവും പ്രത്യേകിച്ച് ക്രിസ്ത്യാനികളായ കുക്കികളും ആക്രമിക്കപ്പെടുമ്പോൾ ദേശീയ ന്യൂനപക്ഷ കമ്മിഷനും മൗനം പാലിക്കുകയാണ്. രാജ്യത്തെ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി നിലനിൽക്കേണ്ട ഇത്തരം സ്ഥാപനങ്ങളുടെ അവസ്ഥ വളരെ പരിതാപകരം തന്നെ.


ഇതുകൂടി വായിക്കൂ: മോഡിയും കോടതിയും മണിപ്പൂരിൽ കാത്തുവയ്ക്കുന്നതെന്ത്


മണിപ്പൂർ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം വി മുരളീധരൻ മാർച്ച് 27ന് പുറപ്പെടുവിച്ച വിധിന്യായം തെറ്റായിപ്പോയി എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടങ്ങിയ സുപ്രീം കോടതി കണ്ടെത്തിയിട്ടുണ്ട്. ജസ്റ്റിസ് എം വി മുരളീധരനോട് എടുത്ത തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായിട്ടില്ല. ഭരണഘടന കോടതി ആയ മണിപ്പൂർ ഹൈക്കോടതി ന്യായാധിപൻ ജസ്റ്റിസ് എം വി മുരളീധരന്റെ ഭാഗത്ത് നിന്ന് ഇത്തരം ഒരു വിധിന്യായം എങ്ങനെയുണ്ടായി എന്ന് നിയമവൃത്തങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ഭരണസംവിധാനങ്ങളുടെ സ്വാധീനത്തിൽ നിന്ന് ഇന്ത്യൻ നീതിന്യായവ്യവസ്ഥ പൂർണമായും സ്വതന്ത്രമായിട്ടില്ല എന്നതിന്റെ നല്ലതെളിവാണ് ജസ്റ്റിസ് മുരളീധരന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ജസ്റ്റിസ് മുരളീധരന്റെ വിധി അസ്ഥിരപ്പെടുത്തിക്കൊണ്ട് ക്രിയാത്മകമായ ഒരു തീരുമാനം സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടിയിരുന്നു.

Exit mobile version