3 May 2024, Friday

Related news

May 3, 2024
May 2, 2024
April 30, 2024
April 28, 2024
April 27, 2024
April 27, 2024
April 25, 2024
April 24, 2024
April 21, 2024
April 17, 2024

മണിപ്പൂരില്‍ ബിജെപിയുടെ പക്ഷപാതം മറനീക്കി

 മെയ്തി വിഭാഗത്തെ സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി
 കുക്കി വിഭാഗത്തിന് മുന്നറിയിപ്പ് 
 ബിരേന്‍ സിങ്ങിനെ പുറത്താക്കണമെന്ന് ആവശ്യം
 സംസ്ഥാനത്ത് വീണ്ടും അക്രമങ്ങള്‍
Janayugom Webdesk
ഇംഫാല്‍
June 19, 2023 11:34 pm

കലാപം തുടരുന്ന മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന്റെ പക്ഷപാതവും വിഭാഗീയത വളര്‍ത്താനുള്ള ശ്രമങ്ങളും പുറത്ത്. കുക്കി വിഭാഗങ്ങളെ ഒറ്റപ്പെടുത്തി സംസ്ഥാനത്തെ വിഭജന സാഹചര്യത്തിലെത്തിച്ച എന്‍ ബിരേന്‍ സിങ് സര്‍ക്കാര്‍ നാട് കത്തിയെരിഞ്ഞിട്ടും വിദ്വേഷ പ്രസ്താവനകള്‍ തുടരുകയാണ്. അതിനിടെ സംസ്ഥാനത്ത് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. മിസോറാമിലെ മെയ്തി വിഭാഗത്തിന് സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ബിരേൻ സിങ് മിസോറം മുഖ്യമന്ത്രി സോറംതംഗയോട് ആവശ്യപ്പെട്ടതാണ് ഏറ്റവുമൊടുവില്‍ പക്ഷപാതം മറനീക്കിയ സംഭവം. അതേസമയം കുക്കി സംഘടനകളോട് പ്രതിഷേധം അവസാനിപ്പിക്കണമെന്ന് അന്തിമ മുന്നറിയിപ്പ് നല്‍കുന്നതായും ബിരേന്‍ സിങ് പറഞ്ഞു. മെയ്തി വിഭാഗത്തോടുള്ള ബിജെപിയുടെ അനുഭാവമാണ് പ്രശ്നങ്ങളുടെ കാരണമെന്ന വസ്തുത ശരിവയ്ക്കുന്ന നിലപാടാണ് ഇതിലൂടെ വെളിപ്പെടുന്നത്.

മണിപ്പൂർ കഴിഞ്ഞാല്‍ മെയ്തി വിഭാഗത്തിനും കുക്കികള്‍ക്കും നിർണായക സ്വാധീനമുള്ള സംസ്ഥാനമാണ് മിസോറാം. മെയ്തികള്‍ക്കൊപ്പം പതിനായിരത്തോളം കുക്കി വിഭാഗക്കാരായ ജനങ്ങളും മിസോറമില്‍ അഭയം തേടിയിട്ടുണ്ട്. ബിരേൻ സിങ് മെയ്തികള്‍ക്കു വേണ്ടി സഹായമാവശ്യപ്പെട്ടെന്ന് സോറംതംഗയും ട്വീറ്റ് ചെയ്തു.
മുഖ്യമന്ത്രിസ്ഥാനത്തു നിന്നും ബിരേന്‍ സിങ്ങിനെ പുറത്താക്കണമെന്നും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നുമുള്ള ആവശ്യം ദിനംപ്രതി ശക്തമാവുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി ദേശീയ നേതൃത്വവും വിഷയത്തില്‍ മൗനം പാലിക്കുന്നതിലും വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മെയ്തി-കുക്കി വിഭാഗക്കാരായ എംഎല്‍എമാരെല്ലാം മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് ബിജെപി ദേശീയ നേതൃത്വത്തോട് ആവശ്യമറിയിച്ചുകഴിഞ്ഞു.

സംഘര്‍ഷത്തില്‍ അയവുണ്ടാകാത്ത പശ്ചാത്തലത്തില്‍ ബിരേൻ സിങ് ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് മോഡിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. എന്നാല്‍ മണിപ്പൂരിലെ മെയ്തി വിഭാഗക്കാരായ ബിജെപി എംഎഎൽമാര്‍ ഡൽഹിയിലെത്തി ദിവസങ്ങൾ പിന്നിട്ടിട്ടും പ്രധാനമന്ത്രിയെ കാണാൻ അനുമതി ലഭിച്ചില്ല. പ്രതിപക്ഷ എംഎല്‍എമാര്‍ക്കും പ്രധാനമന്ത്രി സന്ദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നു. കഴിഞ്ഞദിവസം സംഘര്‍ഷത്തില്‍ സൈന്യത്തിന് നേരെയുണ്ടായ വെടിവയ്പില്‍ സൈനികന് പരിക്കേറ്റു. സായുധരായ അക്രമികള്‍ കാന്റോ സബലില്‍ നിന്ന് ചിംഗ്മാങ് ഗ്രാമത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ സൈനികനെ ലീമാഖോങ്ങിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും സൈന്യം അറിയിച്ചു. കാന്റോ സബലിലെ അഞ്ച് വീടുകള്‍ക്ക് തീയിടുകയും ചെയ്തു. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഇതുവരെ 110 പേരാണ് മരിച്ചത്. 60,000 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പതിനായിരക്കണക്കിനാളുകള്‍ സംസ്ഥാനത്തുനിന്നും പലായനം ചെയ്‌തു.

Eng­lish Sum­ma­ry: BJP’s bias in Manipur is hidden

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.