Site iconSite icon Janayugom Online

തുര്‍ക്കി ഇന്ത്യക്ക് നല്‍കുന്ന പാഠം

തുര്‍ക്കിയില്‍ റജബ് തയ്യിപ് എര്‍ദോഗന്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ആദ്യഘട്ടത്തില്‍ വിജയിക്കുന്നതിനുള്ള 50 ശതമാനം വോട്ടുനേടാന്‍ ഒരു സ്ഥാനാര്‍ത്ഥിക്കും സാധിക്കാതിരുന്നതിനാല്‍ രണ്ടാം ഘട്ടത്തിലാണ് വിധി നിര്‍ണയിച്ചത്. ആദ്യഘട്ടത്തില്‍ എര്‍ദോഗന് 49.9, പ്രതിപക്ഷ സ്ഥാനാർത്ഥി കെമാൽ ക്ലുച്ദാരോഗ്ലുവിന് 44.4 ശതമാനം വോട്ടുകളാണ് നേടാനായത്. രണ്ടാം ഘട്ടത്തില്‍ എര്‍ദോഗന് 53 ശതമാനത്തോളം വോട്ടുകള്‍ ലഭിച്ചു. വിജയ പ്രതീക്ഷ പ്രവചിച്ചിരുന്ന കെമാൽ ക്ലുച്ദാരോഗ്ലുവിന് രണ്ടാം ഘട്ടത്തില്‍ 43 ശതമാനം വോട്ടുകളാണ് ലഭിച്ചത്. അടുത്ത അഞ്ചുവർഷ കാലാവധി പൂർത്തിയാക്കുകയാണെങ്കിൽ രണ്ടു പതിറ്റാണ്ടിലധികം തുർക്കിയുടെ അധികാരപദവിയിലിരുന്ന വ്യക്തിയെന്ന വിശേഷണം എര്‍ദോഗനുമേൽ ചാർത്തപ്പെടും.

പ്രധാനമന്ത്രിയായ എര്‍ദോഗന്‍ 2014ലാണ് പ്രസിഡന്റാകുന്നത്. അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളും അമിതമായ പണപ്പെരുപ്പവും ജീവിത ദുരിതങ്ങളും ഉണ്ടായിട്ടും തുര്‍ക്കി ജനത വീണ്ടും അദ്ദേഹത്തെ തന്നെ തെരഞ്ഞെടുത്തു എന്നത് അതിശയിപ്പിക്കുന്നതെന്നാണ് ആഗോള മാധ്യമങ്ങൾ വിലയിരുത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി നടന്ന അഭിപ്രായ സര്‍വേകളില്‍ കെമാൽ ക്ലുച്ദാരോഗ്ലുവിനാണ് സാധ്യതകള്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ തന്ത്രശാലിയായ എര്‍ദോഗന്‍ കൂടുതല്‍ പാര്‍ട്ടികളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും തന്റെ സഖ്യത്തിലേക്ക് കൊണ്ടുവന്ന് വിജയം ഉറപ്പിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ തന്നെ 600 സീറ്റുകളില്‍ 323 എണ്ണം നേടി പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടിയെങ്കിലും പ്രസിഡന്റിനെ നിര്‍ണയിക്കുന്നതിനുള്ള 50 ശതമാനത്തിലധികം വോട്ട് നേടാനാകാതിരുന്നതിനാല്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയും അതില്‍ എര്‍ദോഗന്‍ വിജയം ഉറപ്പിക്കുകയുമായിരുന്നു. ദേശീയവാദികള്‍ക്കും യാഥാസ്ഥിതികര്‍ക്കും ഇസ്ലാമിക ചിന്തകര്‍ക്കും ഭൂരിപക്ഷമുള്ള പാര്‍ലിമെന്റാണ് ആദ്യഘട്ടത്തില്‍ രൂപംകൊണ്ടിട്ടുള്ളതെന്നത് എര്‍ദോഗന്റെ പ്രയാണം എളുപ്പത്തിലാക്കുകയും ചെയ്യുന്നു.

കപട ദേശീയതയും മതധ്രുവീകരണവും 

ഉറപ്പിക്കുന്നതിനുള്ള വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും 

തന്ത്രങ്ങൾ തുർക്കിയിൽ എർദോഗൻ നല്ലതുപോലെ പ്രയോഗിച്ചു. 

ഇതേ തന്ത്രങ്ങൾ നെറികെട്ട രീതിയിൽ പയറ്റുന്ന 

ഭരണാധികാരികളുള്ള രാജ്യമാണ് നമ്മുടേത്

ഭൂവിസ്തൃതിയിലും ജനസംഖ്യയിലും ഇന്ത്യയുമായി വ്യത്യസ്തതകൾ ഉണ്ടെങ്കിലും തുർക്കിയിലെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങള്‍ നമ്മുടെ രാജ്യത്തിനോട് സാമ്യതയുള്ളതാണ്. അതുകൊണ്ടുതന്നെ എര്‍ദോഗന്റെ തെരഞ്ഞെടുപ്പ് വിജയം 2024ല്‍ നമ്മുടെ രാജ്യത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിന് പ്രതിപക്ഷത്തിന് വലിയ പാഠം നല്കുന്നുണ്ട്. ഇന്ത്യയെ പോലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി അഭിമുഖീകരിക്കുന്ന രാജ്യമാണത്. ഇതിന് പുറമേ കുതിച്ചുയരുന്ന പണപ്പെരുപ്പവും വിലക്കയറ്റവും, തൊഴിലില്ലായ്മ എന്നിവയും തുര്‍ക്കിയുടെ സാമൂഹ്യ ദുരിതങ്ങളാണ്. മഹാമാരി നേരിടുന്നതില്‍ എര്‍ദോഗന്‍ ഭരണകൂടം കാട്ടിയ ഗുരുതരമായ വീഴ്ചകളും, അടുത്തിടെ വിനാശകരമായ ഭൂകമ്പങ്ങളുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കാട്ടിയ അലംഭാവവും ഭരണ പരാജയത്തിന്റെ ഉദാഹരണങ്ങളാണെങ്കിലും എര്‍ദോഗന് അടുത്ത ഊഴംകൂടി നല്കാനാണ് സമ്മതിദായകര്‍ തീരുമാനിച്ചത്.

പക്ഷേ തെരഞ്ഞെടുപ്പ് വിജയം നേടുന്നതിന് ഇന്ത്യയില്‍ ബിജെപിയും നരേന്ദ്ര മോഡി-അമിത് ഷാ ദ്വയങ്ങളും പയറ്റുന്ന കുതന്ത്രങ്ങളത്രയും എര്‍ദോഗനും ഉപയോഗിച്ചുവെന്നത് മറന്നുകൂടാ. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പോലും അട്ടിമറിക്കപ്പെട്ടുവെന്ന് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കിടെ തന്നെ പ്രതിപക്ഷ ആരോപണമുയര്‍ന്നിരുന്നു. പ്രതിപക്ഷ സഖ്യത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ അങ്ങേയറ്റം അപലപനീയമായ വ്യാജ പ്രചരണങ്ങള്‍ക്കു പോലും എര്‍ദോഗന്‍ സന്നദ്ധമായി. മുഖ്യപ്രതിപക്ഷ സഖ്യ സ്ഥാനാര്‍ത്ഥിയായ മുഹറം ഇന്‍ജെയ്ക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പിന്‍മാറുന്ന സ്ഥിതി വരെയുണ്ടായി. എതിരാളികളെ കള്ളക്കേസെടുത്ത് ജയിലില്‍ അടയ്ക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങളും തുര്‍ക്കിയിലുണ്ടായി. മേയര്‍ കൂടിയായിരുന്ന ഇക്രം ഇമാമോഗ്ലുവിനെ ഡിസംബറില്‍ രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത് എര്‍ദോഗന്‍ ഭരണകൂടം ചുമത്തിയ കള്ളക്കേസിനെ തുടര്‍ന്നായിരുന്നു.

പ്രമുഖ വ്യക്തികളെ അവമതിച്ചുവെന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത്. 2019ല്‍ ഇസ്താംബൂളില്‍ എര്‍ദോഗന്റെ പാര്‍ട്ടിയെ പരാജയപ്പെടുത്തിയാണ് ഇക്രം മേയറായത്. തെരഞ്ഞെടുപ്പിന് എത്രയോ മുമ്പ് തന്നെ എര്‍ദോഗന്‍ പ്രമുഖ മാധ്യമങ്ങളെ വിലയ്ക്കെടുക്കുകയോ വരുതിയിലാക്കുകയോ ചെയ്തിരുന്നു. രാജ്യത്ത് വലിയ പ്രചാരമുള്ള മാധ്യമങ്ങള്‍ പലതും എര്‍ദോഗന്റെ ഉടമസ്ഥതയിലുള്ളവയാണ്. സമൂഹമാധ്യമങ്ങളിലൂടെയും തന്റെ കീര്‍ത്തി പ്രചരിപ്പിക്കുന്നതിന് വലിയ സന്നാഹങ്ങളാണ് എര്‍ദോഗന്‍ ഒരുക്കിയത്. ഇതിനെല്ലാമൊപ്പംതന്നെ കപട ദേശീയതയും മതധ്രുവീകരണവും ഉറപ്പിക്കുന്നതിനുള്ള വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും തന്ത്രങ്ങളും എര്‍ദോഗന്‍ നല്ലതുപോലെ പ്രയോഗിച്ചപ്പോഴാണ് എല്ലാ സാമൂഹ്യ ദുരിതങ്ങളും മറന്ന് സമ്മതിദായകരിലെ ഭൂരിപക്ഷം എര്‍ദോഗനൊപ്പം നിന്നത്. ഇതേ തന്ത്രങ്ങള്‍ നെറികെട്ട രീതിയില്‍ പയറ്റുന്ന ഭരണാധികാരികളുള്ള രാജ്യമാണ് എന്നതുകൊണ്ട് ഇന്ത്യയിലെ ജനമഹാഭൂരിപക്ഷത്തിനും അവരെ നയിക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തുര്‍ക്കി തെരഞ്ഞെടുപ്പില്‍ നിന്ന് വലിയ പാഠങ്ങള്‍ പഠിക്കാനുണ്ട്. 2024ല്‍ ഒരിക്കല്‍കൂടി കയ്യബദ്ധം പറ്റരുതെന്ന പ്രതിജ്ഞയോടെ, അവരുടെ കുതന്ത്രങ്ങളെ തിരിച്ചറിയുകയും അധികാരഗര്‍വിനും സ്വേച്ഛാധിപത്യ നയങ്ങള്‍ക്കുമെതിരെ ഒറ്റക്കെട്ടായി നില്‍ക്കുകയും ചെയ്യുക എന്ന വലിയ പാഠം.

Eng­lish Sam­mury: janayu­gom edi­to­r­i­al may 01 — les­son Turkey gives to India

Exit mobile version