ശ്രീലങ്കൻ രാഷ്ട്രീയത്തെ രണ്ടു പതിറ്റാണ്ടോളം നിയന്ത്രിച്ച രാജപക്സെ കുടുംബാധിപത്യം ഹിംസാത്മക പരിസമാപ്തിയെ അഭിമുഖീകരിക്കുന്നതായാണ് അവിടെനിന്നുള്ള വാർത്തകൾ വ്യക്തമാക്കുന്നത്. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ ലോകം സാക്ഷ്യംവഹിച്ച ഏകാധിപത്യ ഭരണകൂടങ്ങളുടെ അന്ത്യത്തെ അനുസ്മരിപ്പിക്കുംവിധമാണ് രാജപക്സെ കുടുംബഭരണത്തിൽ പ്രധാനമന്ത്രി പദവി വഹിച്ചിരുന്ന മഹിന്ദ രാജപക്സെയുടെ രാജിയും ഇരുട്ടിന്റെ മറവിൽ സായുധസേനയുടെ സുരക്ഷാവലയത്തിൽ ഔദ്യോഗിക വസതിയായ ‘ടെംപിൾട്രീ‘യിൽനിന്ന് ട്രിങ്കോമാലിയിലെ നാവികത്താവളത്തിലേക്കു കുടുംബസമേതമുള്ള പലായനവും. രോഷാകുലരായ ജനങ്ങൾ അവിടെയും അക്ഷരാർത്ഥത്തിൽ മുൻ പ്രധാനമന്ത്രിയെയും കുടുംബത്തെയും ഉപരോധിച്ചിരിക്കുകയാണ്. ശ്രീലങ്കൻ ഭരണസംവിധാനത്തിൽ തന്ത്രപ്രധാന ചുമതലകൾ വഹിച്ചിരുന്ന നിരവധി രാജപക്സെ കുടുംബാംഗങ്ങൾ ഇതിനകംതന്നെ രാജ്യം വിട്ടുകഴിഞ്ഞു. അവശേഷിക്കുന്നവരിൽ മുൻ പ്രധാനമന്ത്രിയും സഹോദരനും, ദ്വീപുരാഷ്ട്രത്തിന്റെ പ്രസിഡന്റുമായ ഗോതബായ രാജപക്സെയടക്കം കുടുംബത്തിലെ ആരേയും രക്ഷപ്പെടാൻ അനുവദിക്കരുതെന്നാണ് രോഷാകുലരായ ജനങ്ങൾ ആവശ്യപ്പെടുന്നത്. ശ്രീലങ്കൻ ജനതയുടെയും രാഷ്ട്രത്തിന്റെയും സമാനതകളില്ലാത്ത ദുരിതത്തിന് ഉത്തരവാദികളായ അവർ വിചാരണയ്ക്ക് വിധേയരായി ശിക്ഷിക്കപ്പെടണമെന്നാണ് ജനങ്ങളുടെ ആവശ്യം. രാജിവെക്കാൻ വിസമ്മതിക്കുന്ന പ്രസിഡന്റ് ഗോതബായ അടിയന്തരാവസ്ഥയും കർഫ്യൂവും പ്രഖ്യാപിച്ചും, പട്ടാളത്തിനും പൊലീസിനും യഥേഷ്ടം പ്രവർത്തിക്കാൻ അനുമതി നൽകിയും അധികാരത്തിൽ കടിച്ചുതൂങ്ങാനുള്ള അന്തിമ ശ്രമത്തിലാണ്. വംശീയ വിദ്വേഷത്തിൽ അധിഷ്ഠിതമായ വിഭജന, ഉന്മൂലന രാഷ്ട്രീയത്തിലൂടെ അധികാരം കയ്യാളിയ രാജപക്സെമാരുടെ കുടുംബ ദുർഭരണവും അത് രാജ്യത്തിനും ജനങ്ങൾക്കും സമ്മാനിച്ച ആഴമേറിയ സാമ്പത്തിക പ്രതിസന്ധിയും അളവറ്റ ദുരിതങ്ങളും വംശ, വർണ, ഭാഷ, മത വ്യത്യാസമന്യേ ജനങ്ങളെ ഒന്നിപ്പിച്ചു. രാജപക്സെമാരുടെ ഏറ്റവും വലിയ പിൻബലവും രാഷ്ട്രീയ ആയുധവുമായിരുന്ന ബുദ്ധമത സന്യാസി സമൂഹംപോലും അവരെ തള്ളിപ്പറഞ്ഞു. ദുരിതക്കടലിലായ ജനങ്ങളുടെ സമാധാനപൂർണമായ പ്രതിഷേധത്തെ അടിച്ചമർത്താൻ സായുധ ഗുണ്ടാസംഘത്തെ നിയോഗിച്ച പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ നടപടി ജനരോഷം ആളിക്കത്തിച്ചു. തുടർന്നുണ്ടായ സംഭവങ്ങൾ വാർത്തയും ചരിത്രവുമാണ്.
ഇതുകൂടി വായിക്കാം; ശ്രീലങ്കയെ ആര്‍ക്കാണ് രക്ഷിക്കാന്‍ കഴിയുക?
മഹീന്ദയുടെ രാജിയോടെ ദേശീയ ഐക്യസർക്കാർ രൂപീകരിച്ച് അധികാരത്തിൽ തുടരാമെന്ന പ്രസിഡന്റ് ഗോതബായയുടെയും രാജപക്സെ കുടുംബത്തിന്റെയും വ്യാമോഹങ്ങളും അസ്ഥാനത്താവുകയാണ്. ഗോതബായ പ്രസിഡന്റായി തുടരാൻ ജനങ്ങൾ ആഗ്രഹിക്കുന്നില്ല. ഗോതബായയുടെ നേതൃത്വത്തിലുള്ള ഒരു ഭരണസംവിധാനത്തിൽ പങ്കാളികളാവാൻ പ്രതിപക്ഷ പാർട്ടികൾ സന്നദ്ധമായേക്കണമെന്നുമില്ല. അതിന് ആരെങ്കിലും തയ്യാറായാൽത്തന്നെയും ജനങ്ങള്‍ അതിനെ അംഗീകരിക്കുകയോ ശ്രീലങ്ക ഇന്നു നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനോ കഴിയണമെന്നുമില്ല. രാജ്യത്തിന് അകത്തും പുറത്തും അത്രമേൽ വിശ്വാസ്യതയും അംഗീകാരവും രാജപക്സെമാർക്ക് നഷ്ടമായിരിക്കുന്നു. ശ്രീലങ്കൻ ജനതയുടെയും ലോകരാഷ്ട്രങ്ങളുടെയും ഐഎംഎഫ്, ലോകബാങ്ക് എന്നിവയടക്കം ആഗോള സാമ്പത്തിക‑ധനകാര്യ സ്ഥാപനങ്ങളുടെയും വിശ്വാസം ആർജിക്കാൻ കഴിയുന്ന ഒരു ദേശീയ ഐക്യ ഗവണ്മെന്റിനു മാത്രമേ ദ്വീപ് ജനതയെ മുന്നോട്ടു നയിക്കാനാവു. അതുവരെ രാജ്യത്തിന് അക്രമങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും കൂടാതെ ജനജീവിതം നിലനിർത്താനാവുമോ എന്നതാണ് വെല്ലുവിളി. ശ്രീലങ്ക ഇന്ത്യക്കും ലോകത്തിനും നൽകുന്ന സന്ദേശവും മുന്നറിയിപ്പും ഒരു ജനാധിപത്യ സമൂഹത്തിനും അവഗണിക്കാവുന്നതല്ല. ജനതകളുടെ വംശീയവും മതപരവും ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യങ്ങളെ നിഷേധിക്കുന്ന വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയം ഉപയോഗിച്ച് അധികാരം കയ്യാളാനുള്ള പ്രവണത ഇന്ത്യയടക്കം പല രാജ്യങ്ങളിലും അരങ്ങുവാഴുന്നു. ശ്രീലങ്കയിലെന്നപോലെ മറ്റിടങ്ങളിലും അത് കുറച്ചുകാലം അധികാരം ഉറപ്പിക്കാൻ സഹായകമായേക്കാം. എന്നാൽ, അതിന്റെ പേരിൽ ജനങ്ങൾ എക്കാലത്തും ദുരിതജീവിതത്തിന് തയ്യാറാകുമെന്ന് കരുതുന്നത് രാഷ്ട്രീയ മൗഢ്യമാണ്. എല്ലാവരെയും എല്ലാകാലത്തേക്കും കബളിപ്പിക്കാനാവില്ല. മതത്തിന്റെയും ഭാഷയുടെയും ആരാധനാലയങ്ങളുടെയും പേരിലും ചരിത്രനിഷേധത്തിലൂടെയും ഇന്ത്യൻ ജനതയുടെമേൽ തങ്ങളുടെ സ്വേച്ഛാധികാരം എക്കാലത്തേക്കും ഉറപ്പിക്കാമെന്നും ജനങ്ങളെ അടിമസമാനമായ ജീവിതത്തിൽ തളച്ചിടാമെന്നും കരുതുന്നവർ ശ്രീലങ്കൻ പാഠം കണ്ടില്ലെന്ന് നടിക്കരുത്.
You may also like this video;