Site icon Janayugom Online

“ചില്ലു” വിനൊപ്പം ഇനി കൃഷിയിലേക്ക്

chillu

ഇനി കൃഷിയിടത്തിലേക്കിറങ്ങാന്‍ “ചില്ലു” വും ഉണ്ടാകും. കൃഷി വകുപ്പ് ആരംഭിച്ചിരിക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന ബൃഹത് പദ്ധതിയുടെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തിരിക്കുന്നത് അണ്ണാറക്കണ്ണനെയാണ്. ചില്ലു എന്നാണ് ഭാഗ്യചിഹ്നമായ അണ്ണാറക്കണ്ണന് പേരിട്ടിരിക്കുന്നത്. അണ്ണാറക്കണ്ണനെ പോലെ തന്നെ തന്നാലായത് ഓരോരുത്തരും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യവും. ഓരോ വ്യക്തിയും തന്നാൽ കഴിയും വിധം ലഭ്യമായ സ്ഥലത്ത് കൃഷി ചെയ്യുക എന്നതാണ് വിഷരഹിത ഭക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള ഏകമാർഗ്ഗം. ഈ ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ദീപക് മൗത്താട്ടിലാണ് ഭാഗ്യചിഹ്നം വരച്ചിരിക്കുന്നത്.

“ചില്ലു” വിന് അനിമേഷൻ കൂടി നൽകി കുട്ടികൾക്കു പ്രിയപ്പെട്ട കഥാപാത്രമാക്കി മാറ്റുന്നതിനാണ് കൃഷിവകുപ്പിന്റെ തീരുമാനം. പരിമിതമായ സ്ഥലത്ത് പോലും കൃഷിയിറക്കുക എന്ന ആശയമാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതി മുന്നോട്ട് വയ്ക്കുന്നത്. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു. ഒരു സെന്റ് പച്ചക്കറി കൃഷി, മട്ടുപ്പാവിലെ കൃഷി, വീട്ടുവളപ്പിലെ പോഷകതോട്ടം, മഴമറ കൃഷി തുടങ്ങിയ പ്രവർത്തനങ്ങൾ കുടുംബങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. വാർഡ് തലം മുതൽ ജില്ലാ തലം വരെ കർഷകർ ഉൾപ്പെടുന്ന പ്രത്യേക നിർവഹണ സമിതിയായിരിക്കും പദ്ധതിയുടെ ആദ്യഘട്ടം മുതലുള്ള മോണിറ്ററിംഗ്. ചില്ലുവിനെ മുൻനിർത്തി ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ വലിയ പ്രചരണ പരിപാടികളാണ് കുടുംബങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുവാൻ കൃഷിവകുപ്പ് തീരുമാനിച്ചിട്ടുള്ളത്.

Eng­lish Sum­ma­ry: Let’s farm with chillu squirrel

You may like this video also

Exit mobile version