Site icon Janayugom Online

കാലവര്‍ഷം ഒഴിയും മുന്‍പേ തുലാമഴയെത്തി; ‌പുഞ്ചകൃഷി പ്രതിസന്ധിയില്‍

കാലവർഷം ഒഴിയും മുൻപേ തുലാമഴ എത്തിയത് കുട്ടനാട്ടിലെ കർഷകരെ പ്രതിസന്ധിയിലാക്കി. കുട്ടനാട്ടിൽ പുഞ്ചകൃഷിയ്ക്ക് പ്രാരംഭ നടപടികൾ ആരംഭിച്ചപ്പോഴാണ് കാലവർഷം കനത്ത് വെള്ളപ്പൊക്കമുണ്ടായത്. വെള്ളം വറ്റിച്ച് കൃഷിപ്പണി ആരംഭിച്ച ഒട്ടുമിക്ക പാടശേഖരങ്ങളും വെള്ളപ്പൊക്കത്തിൽ മുങ്ങിയിരുന്നു. ഒക്ടോബർ 15 നു വിതയിറക്കാനായിരുന്നു കർഷകർ തീരുമാനിച്ചിരുന്നത്.

നിനച്ചിരിക്കാത്ത വെള്ളപ്പൊക്കം കർഷകർക്ക് ആദ്യപ്രഹരം ഏൽപ്പിച്ചു. പുറംബണ്ട് കവിഞ്ഞും മടവീണും കുട്ടനാട്ടിലെ നിരവധി പാടങ്ങൾ വെള്ളത്തിൽ മുങ്ങിയിരുന്നു. വിതയിറക്ക് ആരംഭിച്ചില്ലെങ്കിലും പമ്പിംഗ്, ട്രില്ലർ, തൊഴിൽ കൂലി ഇനത്തിൽ ഏക്കറിന് അയ്യായിരത്തിലേറെ രൂപ ഇതിനോടകം കർഷകർ മുടക്കിയിരുന്നു. ആമ്പലും പോളയും പുല്ലും വളർന്ന് നിൽക്കുന്ന പാടങ്ങളിൽ ഇരട്ടി തുക ചിലവഴിക്കേണ്ടി വന്നിരുന്നു. വെള്ളപ്പൊക്കത്തെത്തുടർന്ന് മിക്ക പാടങ്ങളിലും വീണ്ടും പായലും പോളയും നിരന്നിട്ടുണ്ട്. ഇനിയും പാടത്തെ വെള്ളം വറ്റിക്കണമെങ്കിൽ വീണ്ടും പമ്പിംഗ് കൂലി നൽകണം.

പാടം വറ്റിച്ചാലും തീരില്ല കർഷകരുടെ ദുരിതം. നിലം പഴയപടിയാക്കണമെങ്കിൽ തൊഴിലാളികളെ ഇറക്കേണ്ടിവരും. തുലാമഴ നീണ്ടു നിന്നാൽ വിതയിറക്ക് താമസിക്കും. വിതയിറക്ക് താമസിച്ചാൽ വിളവെടുപ്പിനെ ബാധിക്കും. കീടങ്ങളുടെ ഉപദ്രവം നെൽചെടിയെ ബാധിക്കും. കൊയ്ത് യന്ത്രലഭ്യത ഉൾപ്പടെ പ്രതിസന്ധിക്ക് കാരണമാകാൻ സാധ്യതയുണ്ട്. തുലാമഴ കനത്തതോടെ മിക്ക പാടങ്ങളിലും പമ്പിംഗ് നീട്ടിവെച്ചിരിക്കുകയാണ്.

Exit mobile version