Site iconSite icon Janayugom Online

എല്‍ഐസി ഐപിഒ വിറ്റുതുടങ്ങി

LICLIC

രാജ്യത്തിന്റെ അഭിമാനസ്തംഭമായിരുന്ന ഒരു പൊതുമേഖലാ സ്ഥാപനം കൂടി സ്വകാര്യമേഖലയ്ക്ക് അവകാശപ്പെട്ടതായി മാറുന്നു. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ (എല്‍ഐസി) പ്രഥമ ഓഹരി വില്പന (ഐപിഒ) നാല് മുതല്‍ ഒമ്പതു വരെ നടക്കും. ഐപിഒ ആരംഭിക്കും മുമ്പേ ആങ്കര്‍ നിക്ഷേപര്‍ക്കുള്ള 5.92 കോടി ഓഹരികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്.

21,000 കോടി സമാഹരിക്കാന്‍ ലക്ഷ്യമിട്ട് മൂന്നര ശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നത്. നേരത്തെ അഞ്ച് ശതമാനം ഓഹരി വിറ്റഴിക്കാനായിരുന്നു തീരുമാനം. എന്നാല്‍, റഷ്യ‑ഉക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് വിപണിയിലുണ്ടായ മാന്ദ്യം കണക്കിലെടുത്ത് ഐപിഒ വിഹിതം വെട്ടിക്കുറയ്ക്കുകയായിരുന്നു. 1.5 ശതമാനം ഓഹരികള്‍ കൂടി അധികമായി വില്‍ക്കാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്. ഇതോടെ ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന തുക 30,000 കോടി രൂപയാവും.

രാജ്യത്തെ ഇൻഷുറൻസ് മേഖലയിൽ 61.1 ശതമാനം വിപണിയും കൈയ്യാളുന്ന പൊതുമേഖലാ സ്ഥാപനമാണ് ഇനി സ്വകാര്യമേഖലയുടേതാകുന്നത്. ആസ്തിയിൽ ലോകത്ത് പത്താമത്തെ വലിയ കമ്പനിയാണ് എല്‍ഐസി. രാജ്യത്ത് 2048 ശാഖകളും, 113 ഡിവിഷണല്‍ ഓഫീസുകളും, 1554 സാറ്റലൈറ്റ് ഓഫീസുകളുമുണ്ട്. രാജ്യത്തെ 91 ശതമാനം ജില്ലകളിലും സാന്നിധ്യമുള്ള എല്‍ഐസിയില്‍ 13 ലക്ഷം ഇൻഷുറൻസ് ഏജന്റുമാർ ജോലി ചെയ്യുന്നുണ്ട്. 2021–22 ൽ ഡിസംബർ വരെ 1715 കോടി രൂപ ലാഭമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനത്തിന് ഈ കാലത്തെ വരുമാനം 5.1 ലക്ഷം കോടി രൂപയാണ്. ആകെ ആസ്തി ഏകദേശം 40 ലക്ഷം കോടിയുടേതാണ്.

ആറുലക്ഷം കോടി മൂല്യമാണ് ഓഹരിവിപണിയില്‍ എല്‍ഐസിക്ക് കല്പിക്കപ്പെട്ടിരിക്കുന്നത്. എല്‍ഐസിയുടെ അടിസ്ഥാന മൂല്യമായ 5.4 ലക്ഷംകോടിയുടെ 1.1 ഇരട്ടി കണക്കാക്കിയാണ് വിപണി മൂല്യം നിശ്ചയിച്ചത്. അടിസ്ഥാന മൂല്യത്തിന്റെ 2–3 ഇരട്ടിയാണ് സാധാരണ നിലയില്‍ മൂല്യം നിശ്ചയിക്കേണ്ടത്. ഇതിനെതിരെ സാമ്പത്തിക വിദഗ്ധരും രംഗത്തെത്തിയിരുന്നു.

പൊതുമേഖല ഓഹരി വില്പനയിലൂടെ നടപ്പു സാമ്പത്തിക വര്‍ഷം 65,000 കോടി സമാഹരിക്കാന്‍ ബജറ്റില്‍ ലക്ഷ്യമിടുന്നുണ്ട്. അതില്‍ വലിയ ഭാഗം എല്‍ഐസി ഐപിഒയില്‍ നിന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 13,531 കോടിയാണ് വിവിധ ഓഹരി വില്പനയിലൂടെ കേന്ദ്രം സമാഹരിച്ചത്.

 

22.13 കോടി ഓഹരികള്‍

 

രാജ്യത്തെ ഏറ്റവും വലിയ ഐപിഒയില്‍ 22.13 കോടി ഓഹരികളാണ് ആകെ വിറ്റഴിക്കുന്നത്. ഒരു ഓഹരിയുടെ വില 902 രൂപ മുതല്‍ 949 രൂപ വരെ ആയിരിക്കും.

എല്‍ഐസിയുടെ പോളിസി ഉടമകള്‍ക്ക് ഐപിഒ ഇഷ്യൂ വിലയില്‍ ഓഹരിയൊന്നിന് 60 രൂപ കിഴിവ് ലഭിക്കും. ഐപിഒയുടെ 10 ശതമാനം പോളിസി ഉടമകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. 2.21 കോടി ഓഹരിയാണ് ഈ വിഭാഗത്തില്‍ നീക്കിവച്ചിരിക്കുന്നത്.

എൽഐസി ജീവനക്കാർക്കായി മാറ്റിവച്ചിരിക്കുന്നത് 15.81 ലക്ഷം ഓഹരിയാണ്. ഈ വിഭാഗത്തിലുള്ളവര്‍ക്ക് 45 രൂപ കിഴിവ് ലഭിക്കും. ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്സിനായി 9.8 കോടി ഓഹരിയും നീക്കിവച്ചിട്ടുണ്ട്. ഒരാൾ കുറഞ്ഞത് 15 ഓഹരികൾ വാങ്ങണം. 15 ന്റെ ഗുണിതങ്ങളായി ഓഹരികൾ വാങ്ങാം. പോളിസി ഉടമകൾ, ജീവനക്കാർ, സാധാരണ നിക്ഷേപകർക്ക് എന്നിവര്‍ക്ക് രണ്ടുലക്ഷം രൂപ വരെ നിക്ഷേപിക്കാം. പരമാവധി വാങ്ങാനാവുക 14 ലോട്ടുകളാണ്. 210 ഓഹരികളാണ്.

 

ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 5,627 കോടി

 

ന്യൂഡല്‍ഹി: ഐപിഒയ്ക്ക് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് മേല്‍ക്കൈയ്യുള്ള ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് എല്‍ഐസി 5,627 കോടി രൂപ സമാഹരിച്ചു. ഓഹരി ഒന്നിന് 949 രൂപ നിരക്കിലാണ് വില്പന നടത്തിയത്.

ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള 5.92 കോടി ഓഹരികളില്‍, 4.2 കോടി ഓഹരികള്‍ (71.12 ശതമാനം) 15 ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളാണ് വാങ്ങിയിരിക്കുന്നത്. കൂടാതെ, ചില ആഭ്യന്തര ഇന്‍ഷുറന്‍സ് കമ്പനികളും, പെന്‍ഷന്‍ ഫണ്ടുകളും നിക്ഷേപം നടത്തി. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, കൊട്ടക് മഹീന്ദ്ര ലൈഫ് ഇന്‍ഷുറന്‍സ്, പിഎന്‍ബി മെറ്റ്ലൈഫ് ഇന്‍ഷുറന്‍സ്, എസ്ബിഐ പെന്‍ഷന്‍ ഫണ്ട്, യുടിഐ റിട്ടയര്‍മെന്റ് സൊല്യൂഷന്‍സ് പെന്‍ഷന്‍ ഫണ്ട് സ്‌കീം എന്നിവ ഇതില്‍ ഉള്‍പ്പെടും.

Eng­lish Sum­ma­ry:  LIC sale from today

You may like this video also

Exit mobile version