ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച നേരിട്ടിട്ടും അഡാനി ഗ്രൂപ്പിലെ നിക്ഷേപത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എല്‍ഐസി)യുടെ നഷ്ടസാധ്യത കുറഞ്ഞതായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലേതാണ് വിവരങ്ങള്‍.
അഡാനി ഗ്രൂപ്പിലെ എല്‍ഐസിയുടെ നഷ്ടസാധ്യത കഴിഞ്ഞ ഡിസംബറില്‍ 6,347 കോടിയായിരുന്നെങ്കില്‍ മാര്‍ച്ചിലിത് 6,183 കോടിയായി കുറഞ്ഞുവെന്ന് ധനമന്ത്രി അറിയിച്ചു. അഡാനി പോര്‍ട്ടിലാണ് ഏറ്റവുമധികം നഷ്ടസാധ്യത നിലനില്‍ക്കുന്നത്. 5,388 കോടി. 266 കോടിയുമായി അഡാനി പവര്‍ രണ്ടാംസ്ഥാനത്തുണ്ട്. അഡാനി ഗ്രൂപ്പ് കമ്പനികളിലായി 30,127 കോടിയുടെ നിക്ഷേപം എല്‍ഐസിക്കുണ്ട്.
അഡാനി ഗ്രൂപ്പിനെതിരെ ഓഹരിവിലയിലെ ക്രമക്കേട് ആരോപിച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി നേരിട്ടിരുന്നു. അന്നുമുതല്‍ അഡാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ 14,500 കോടി ഡോളറിന്റെ നഷ്ടമുണ്ടായി.
2020 സെപ്റ്റംബര്‍ മുതല്‍ അഡാനി ഗ്രൂപ്പിലെ എല്‍ഐസി നിക്ഷേപം പത്ത് മടങ്ങ് വര്‍ധിച്ചിരുന്നു. രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികളുടെ അഡാനി ഗ്രൂപ്പിലെ നിക്ഷേപം കണക്കിലെടുത്താല്‍ 98 ശതമാനവും എല്‍ഐസിയുടേതാണ്. അഡാനി ഗ്രൂപ്പിലെ എല്‍ഐസിയുടെ നിക്ഷേപം നഷ്ടത്തിലേക്ക് പതിച്ചുവെന്ന് കഴിഞ്ഞമാസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
English Summary;LIC not affected by Adani collapse, says Center
You may also like this video