Site iconSite icon Janayugom Online

നിക്ഷേപകരെ തകര്‍ത്ത് എല്‍ഐസി: നഷ്ടം 2.27 ലക്ഷം കോടി

നിക്ഷേപകരുടെ സമ്പത്ത് ജലരേഖയാക്കി ഇന്‍ഷുറന്‍സ് ഭീമനായ എല്‍ഐസിയുടെ ഓഹരി വീണ്ടും താഴേക്ക്. നാലുമാസത്തെ ഏറ്റവും കുറ‌‌ഞ്ഞ നിരക്കായ 588 രൂപയിലേക്കാണ് കഴിഞ്ഞയാഴ്ച എല്‍ഐസിയുടെ വില കൂപ്പുകുത്തിയിരിക്കുന്നത്.
ഓഹരിവിലയില്‍ രണ്ട് ശതമാനം ഇടിവായിരുന്നു കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയത്. 588.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐപിഒയുടെ സമയത്ത് ആറുലക്ഷം കോടിയായിട്ടാണ് എല്‍ഐസിയുടെ വിപണിമൂല്യം നിശ്ചയിച്ചത്. നിലവില്‍ 3.73 ലക്ഷം കോടിയിലേക്ക് വിപണിമൂല്യം ചുരുങ്ങി. ഇതോടെ നിക്ഷേപകരുടെ സമ്പത്തില്‍ രണ്ടുലക്ഷം കോടിയിലേറെ എല്‍ഐസി ഇല്ലാതാക്കി.
എല്‍ഐസി ജീവനക്കാരും പോളിസി ഉടമകളുമായുള്ള ചെറുകിട നിക്ഷേപകരെയായിരിക്കും നഷ്ടം ഏറെ ബാധിക്കുക. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഐപിഒയില്‍ നിന്നും ഒഴിഞ്ഞുനിന്നത് നേരത്തെ ഐപിഒയ്ക്ക് തിരിച്ചടിയായി മാറിയിരുന്നു. അവരുടെ ആശങ്കകള്‍ ശരിവച്ചുകൊണ്ട് കടുത്ത നഷ്ടമാണ് ഓഹരിവിപണിയില്‍ എല്‍ഐസി നേരിട്ടുകൊണ്ടിരിക്കുന്നത്.
മേയ് നാല് മുതല്‍ ഒമ്പത് വരെയായിരുന്നു എല്‍ഐസിയുടെ മെഗാ ഐപിഒ നടന്നത്. 902 മുതല്‍ 949 വരെയായിരുന്നു എല്‍ഐസിയുടെ ഐപിഒ നിരക്ക്. 2022 മേയ് 17നാണ് എട്ട് ശതമാനം ഡിസ്കൗണ്ടോടെ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ എല്‍ഐസി ഓഹരി ലിസ്റ്റ് ചെയ്യുന്നത്. എന്നാല്‍ പിന്നീടങ്ങോട്ട് വന്‍ തകര്‍ച്ചയാണ് എല്‍ഐസി നിക്ഷേപകര്‍ക്ക് നേരിടേണ്ടി വന്നത്. അതേസമയം എല്‍ഐസി തിരിച്ചുകയറുമെന്നും നഷ്ടം നികത്തുമെന്നുമുള്ള പ്രതീക്ഷ വിപണി വിദഗ്ധര്‍ പങ്കുവയ്ക്കുന്നുണ്ട്. 

Eng­lish Sum­ma­ry: LIC shat­ters investors: loss­es of Rs 2.27 lakh crore

You may like this video also

Exit mobile version