അഡാനി ഗ്രൂപ്പ് ഓഹരികളിലെ എല്‍ഐസി നിക്ഷേപം നഷ്ടത്തിലായി. അഡാനി കമ്പനികളിലെ എൽഐസിയുടെ മൂല്യത്തിൽ 500 കോടി രൂപയുടെ ഇടിവുണ്ടായെന്ന് സിഎൻബിസി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ബുധനാഴ്ച വരെ എൽഐസിയുടെ നിക്ഷേപം 94 കോടി ലാഭത്തിലായിരുന്നു. എന്നാൽ ഇന്നലെ ഓഹരികളിൽ 500 കോടിയുടെ ഇടിവുണ്ടായതോടെ നിക്ഷേപം നഷ്ടത്തിലായെന്നും റിപ്പോര്‍ട്ടിലുണ്ട്. അഡാനി ഓഹരികളുടെ വിറ്റഴിക്കല്‍ മൂലം എല്‍ഐസിക്ക് 49,728 കോടിയുടെ നഷ്ടം ഉണ്ടായതായി ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു. അഡാനി എന്റര്‍പ്രൈസസ്, അഡാനി ഗ്രീന്‍ എനര്‍ജി, അഡാനി പോര്‍ട്ട്സ് ആന്റ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍, അഡാനി ടോട്ടല്‍ ഗ്യാസ്, അഡാനി ട്രാന്‍സ്മിഷന്‍, എസിസി എന്നിവിടങ്ങളിലെ നിക്ഷേപം കഴിഞ്ഞ ദിവസം 33,342 കോടിയായി ചുരുങ്ങി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30ന് മൂല്യം 82,970 കോടിയായി ഉയര്‍ന്നിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് അഡാനി ഓഹരികളിലെ എല്‍ഐസിയുടെ നിക്ഷേപം മികച്ച നിലയിലായിരുന്നുവെന്ന് ഹിന്ദു ബിസിനസ് ലൈന്‍ പറയുന്നു. എന്നാല്‍ നേട്ടങ്ങളെല്ലാം ഒറ്റയടിക്ക് ഒലിച്ചു പോയി. അഡാനി ടോട്ടൽ ഗ്യാസിലെയും അഡാനി എന്റർപ്രൈസസിലെയും നിക്ഷേപ മൂല്യത്തിലുണ്ടായ ഇടിവാണ് മൊത്തം നേട്ടത്തിനെ പ്രതികൂലമായി ബാധിച്ചതെന്നും അവര്‍ വ്യക്തമാക്കുന്നു. അഡാനി ഓഹരി വിലകളില്‍ നിലവിലെ ചാഞ്ചാട്ടത്തെ അടിസ്ഥാനമാക്കി അഡാനി ഗ്രൂപ്പിലെ നിക്ഷേപം തുടരണോ വേണ്ടയോ എന്ന് ഓഹരി ഉടമകള്‍ക്ക് തീരുമാനിക്കാം. ഓഹരികള്‍ വില്‍ക്കാന്‍ അവര്‍ തീരുമാനിച്ചാല്‍ അഡാനി ഗ്രൂപ്പ് കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2022 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം എല്‍ഐസിയുടെ മൊത്തം ആസ്തി 41.66 ലക്ഷം കോടിയാണ്. അഡാനി ഗ്രൂപ്പിലുള്ള നിക്ഷേപം ആസ്തിയുടെ 0.975 ശതമാനമാണെന്നും അതിനാല്‍ സ്ഥാപനത്തിന്റെ നിലനില്പിനെ ഒരിക്കലും ബാധിക്കില്ലെന്നും എല്‍ഐസി വാദിക്കുന്നു.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുന്‍പ് തന്നെ തന്നെ ഒരു പൊതുമേഖലാ കമ്പനി “അമിതമൂല്യമുള്ള” അഡാനി ഗ്രൂപ്പിൽ നിക്ഷേപം നടത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകള്‍ വ്യാപകമായിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനു ശേഷം നിക്ഷേപകര്‍ അഡാനി ഓഹരികള്‍ കയ്യൊഴിഞ്ഞതോടെ നഷ്ടത്തിലേക്ക് പതിക്കുകയും ചെയ്തു. നേരത്തെ ഓഹരി വിലയിടിവില്‍ എല്‍ഐസി അഡാനിയോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ അഡാനി ഗ്രൂപ്പ് ഇതിനോട് പ്രതികരിച്ചിട്ടില്ല.
English Summary;LIC’s investment in Adani Group shares at a loss
You may also like this video