മൊഗ്രാല്‍ പേരാല്‍, പൊട്ടോരി മൂലയിലെ അബ്ദുല്‍ സലാമി(22)നെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആറുപേര്‍ക്കും കോടതി ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. വിവിധ വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷം മുതല്‍ ഏഴുവര്‍ഷം വരെ കഠിന തടവുകള്‍ക്കും ശിക്ഷിച്ചിട്ടുണ്ട്. കുമ്പള, ബദ്രിയ്യ നഗറിലെ മാങ്ങാമുടി സിദ്ദിഖ് (46), ഉമ്മര്‍ ഫാറൂഖ് (36), പെര്‍വാഡിലെ സഹീര്‍ (36), പേരാലിലെ നിയാസ് (28), പെര്‍വാഡ് കോട്ടയിലെ ലത്തീഫ് (42), ആരിക്കാടി ബംബ്രാണിയിലെ ഹരീഷ് (36) എന്നിവരെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. ശനിയാഴ്ച ആറുപ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.
കേസിലെ പ്രതികളായ അരുണ്‍ കുമാര്‍, ഖലീല്‍ എന്നിവരെ വെറുതെ വിട്ടിരുന്നു. 2017 ഏപ്രില്‍ 30ന് വൈകിട്ടാണ് അബ്ദുല്‍ സലാമിനെ മൊഗ്രാല്‍, മാളിയങ്കര, കോട്ടയില്‍ വച്ച് കഴുത്തറുത്തു കൊലപ്പെടുത്തിയത്. സലാമിനൊപ്പം ഉണ്ടായിരുന്ന നൗഷാദി(28)നും കുത്തേറ്റിരുന്നു. ഇയാളെ വീണു കിടക്കുന്ന നിലയില്‍ കാണപ്പെട്ട സ്ഥലത്തു നിന്നു 50 മീറ്റര്‍ അകലെയാണ് സലാമിന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. സലാമിനെ കഴുത്തറുത്ത് കൊന്ന ശേഷം പ്രതികള്‍ തല ഉപയോഗിച്ച് ഫുട്‌ബോള്‍ കളിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. മുന്‍ കുമ്പള പഞ്ചായത്ത് അംഗം ബി.എ മുഹമ്മദിന്റെ മകന്‍ പേരാല്‍, പൊട്ടോരിയിലെ ശഫീഖിനെ കൊലപ്പെടുത്തിയ കേസിലും കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ വാഹനം കത്തിച്ച കേസിലും പ്രതിയായിരുന്നു അബ്ദുല്‍ സലാം. സലാമിന്റെ നേതൃത്വത്തിലുള്ള സംഘം മാങ്ങാമുടി സിദ്ദിഖിനെ വീടു കയറി അക്രമിച്ച സംഭവവും ഉണ്ടായിരുന്നു. ഇതിലുള്ള വിരോധത്തിലാണ് സലാമിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കേസ്.
വര്‍ഷങ്ങളായി തുടരുന്ന കുടിപ്പകയുടെ ഭാഗമായാണ് സലാമും കൊലചെയ്യപ്പെട്ടത്. അന്നത്തെ കുമ്പള സിഐയും ഇപ്പോള്‍ ബേക്കല്‍ ഡിവൈഎസ് പിയുമായ വി.വി. മനോജിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകത്തിനുപയോഗിച്ച വടിവാളും മഴുവും സ്ഥലത്തുനിന്ന് പിന്നീട് കണ്ടെടുത്തിരുന്നു. 53 സാക്ഷികളാണ് കേസില്‍ ഉണ്ടായിരുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തികളും രക്തം പുരണ്ട വസ്ത്രങ്ങളുമടക്കം 16 തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി ജി ചന്ദ്രമോഹന്‍, അഡ്വ.ചിത്രകല എന്നിവരാണ് ഹാജരായത്.