Site iconSite icon Janayugom Online

നരീന്ദര്‍ സോഹലിനെന്നും പോരാട്ടമാണ് ജീവിതം

ഖലിസ്ഥാന്‍ ഭീകരവാദം കത്തിയുയര്‍ന്ന എണ്‍പതുകളില്‍ പഞ്ചാബിന്റെ ഗ്രാമ നഗരങ്ങളില്‍ നഷ്ടമായത് എത്രയോ ജീവനുകളാണ്. ഖലിസ്ഥാന്‍ ഭീകരവാദികള്‍ നിരവധി കുടുംബങ്ങളെ ഒന്നടങ്കം കൊന്നൊടുക്കി. അക്കാലത്ത് പഞ്ചാബികളുടെ വിശുദ്ധ ഭൂമിയിലെ സംഹാര താണ്ഡവത്തിനെതിരെ ശാരീരികവും സായുധവുമായ ചെറുത്തുനില്പ് നടത്തുന്നതില്‍ സിപിഐയും ബഹുജന സംഘടനകളും വലിയ പങ്കുവഹിച്ചു. ഇരുനൂറോളം പ്രവര്‍ത്തകരെയാണ് ഭീകര വിരുദ്ധ പോരാട്ടത്തിനിടയില്‍ പാര്‍ട്ടിക്ക് നഷ്ടമായത്. ചെറുത്തുനില്പ് മാത്രമായിരുന്നില്ല സിപിഐ നടത്തിയത്. ഭീകരരുടെ വെടിയേറ്റ് മരിച്ച് നിരാലംബരായ വ്യക്തികളെയും കുടുംബങ്ങളെയും ഏറ്റെടുത്ത് വളര്‍ത്തുകയും ചെയ്തു.

അത്തരം പോരാട്ടവഴികളില്‍ എല്ലാം നഷ്ടമായൊരു പെണ്‍കുട്ടി ചെങ്കൊടിക്കരുത്തില്‍ വളര്‍ന്ന് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായി. പലതവണ കേരളത്തിലും വന്നെത്തിയ നരീന്ദര്‍ സോഹലെന്ന ആ പെണ്‍കുട്ടി, യുവത്വം കടന്നിപ്പോള്‍ പാര്‍ട്ടിയുടെ പഞ്ചാബിലെ പ്രധാന നേതാക്കളില്‍ ഒരാളായിരിക്കുന്നു. ഏഴുവയസുള്ളപ്പോഴാണ് തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ അച്ഛനമ്മമാരും അമ്മുമ്മയും സഹോദരങ്ങളും കൺമുന്നിൽ മരിച്ചുവീഴുന്നതു കാണേണ്ടിവന്നത്. തുരുതുരെയുള്ള വെടിവയ്പില്‍ കാലിലേറ്റ പരിക്ക് നടക്കുമ്പോള്‍ വൈകല്യമായി ഇപ്പോഴും അവള്‍ക്കൊപ്പമുണ്ട്. ഉറ്റവരുടെ ജീവന്‍ മാത്രമല്ല വെടിയുണ്ടകള്‍ തീര്‍ത്ത തീയില്‍ ഭവനവും അവള്‍ക്ക് നഷ്ടമായി. രേഖകളില്‍ അനാഥയായെങ്കിലും ചെങ്കൊടിക്കരുത്തില്‍ അവള്‍ വളര്‍ന്നു. പഠിക്കുമ്പോള്‍ തന്നെ എഐഎസ്എഫുകാരിയായി. പിന്നെ എഐവൈഎഫുകാരിയായി. മാതാപിതാക്കന്മാരുടെ വഴിയേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തന പഥങ്ങള്‍ അവള്‍ തന്റെ വഴിയായി സ്വീകരിച്ചു.

ഗുരുദാസ് ദാസ് ഗുപ്ത നഗറില്‍ മുടന്തി നടക്കുന്ന നരീന്ദറിനെ കണ്ടപ്പോള്‍ കേരളം നല്കിയ സ്നേഹത്തെക്കുറിച്ച് പറഞ്ഞാണ് സംസാരിച്ചു തുടങ്ങിയത്. വേദനിപ്പിക്കുന്ന ഭൂതകാലമാണ് മനസിലെങ്കിലും സംസാരിച്ചതൊന്നും അതിനെ കുറിച്ചായിരുന്നില്ല. കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തെ കുറിച്ചുള്ള മറുചോദ്യങ്ങളായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. ജനയുഗത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെകുറിച്ചു പ്രസിദ്ധീകരിച്ച ലേഖനത്തെയും നരീന്ദര്‍ ഓര്‍മ്മിച്ചെടുത്തു. ഖലിസ്ഥാന്‍ ഭീകരവാദം ശക്തമായ ഘട്ടത്തിലാണ് തീവ്രവാദികളുടെ നോട്ടപ്പുള്ളിയായ സോഹലിന്റെ പിതാവ്‌ സ്വവർണാ സിങ്ങിനെ തേടി 1987 ജൂലായ്‌ 21 ന്‌ സോഹൽ എന്ന ഗ്രാമത്തിലേക്ക്‌ തീവ്രവാദികളെത്തിയത്. വാതിൽ ചവിട്ടിപ്പൊളിച്ചുകൊണ്ട്‌ അകത്തുകടന്ന അഞ്ചംഗ സംഘം തുരുതുരെ വെടിയുതിര്‍ത്തു. അധികം വൈകിയില്ല, സോഹലിന്റെ മുമ്പിൽ അമ്മയും മുത്തശ്ശിയും രണ്ട്‌ സഹോദരിമാരും വെടിയേറ്റ്‌ മരിച്ചു.

 

അച്ഛനെ വായ്‌ മൂടിക്കെട്ടി കൈകാലുകൾ കെട്ടി അതിക്രൂരമായി വെടിവച്ചു കൊലപ്പെടുത്തുന്നതുകണ്ടതോടെ അതുവരെ പിടിച്ചുനിന്ന സോഹൽ പൊട്ടിക്കര‌‌ഞ്ഞു. അതോടെ തീവ്രവാദികളുടെ തോക്ക്‌ അവൾക്ക്‌ നേരെ തിരിഞ്ഞു. കരഞ്ഞുകൊണ്ട്‌ പുറത്തേക്കോടുമ്പോൾ വെടിയുണ്ട കാൽമുട്ട്‌ ചിതറിച്ചുകൊണ്ട്‌ കടന്നുപോയി. ശബ്ദംകേട്ട്‌ നാട്ടുകാർ ഓടിക്കൂടിയതോടെ ഭീകരവാദികൾ കടന്നുകളഞ്ഞു. ചെറിയ പ്രായത്തില്‍ മനസ് തകര്‍ക്കുന്ന സംഭവത്തിന് സാക്ഷിയാകേണ്ടിവന്നുവെങ്കിലും മനസില്‍ കോരിയിട്ട തീയുമായി നരീന്ദര്‍ സോഹല്‍ ഇപ്പോഴും പ്രിയപ്പെട്ട പ്രസ്ഥാനത്തിനായി പ്രവര്‍ത്തിക്കുകയാണ്. കാലിന് മുടന്തുള്ളതിനാല്‍ നടക്കാനെപ്പോഴും പരസഹായം വേണമെങ്കിലും അവള്‍ നടക്കുകയും സഞ്ചരിക്കുകയുമാണ്. സിപിഐ പഞ്ചാബ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ നരീന്ദര്‍, മഹിളാ ഫെഡറേഷന്‍ പഞ്ചാബ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്.

 

Eng­lish Summary:life is a strug­gle for narinder-sohal too cpi 24th par­ty  congress
You may also like this video

Exit mobile version