ജീവനാണ്, ജീവിതമാണ് രക്തം. അപകടത്തിൽപെടുന്ന സഹജീവികളെ ജീവിതത്തിലേക്കു തിരികെയെത്തിക്കാൻ നമ്മൾ നൽകുന്ന രക്തത്തിനു സാധിക്കും. ജീവന്റെ പ്രാധാന്യം തിരിച്ചറിയുന്ന ഓരോരുത്തരും ആരോഗ്യവാനായി ഇരിക്കുമ്പോൾ രക്തം ദാനം ചെയ്തിരിക്കണം. പലപ്പോഴും സ്ഥിരം ദാതാക്കൾ തന്നെയാണു തുടർച്ചയായി രക്തം നൽകുന്നത്. കുറച്ചു പ്രായമാകുമ്പോൾ പലരും പിൻവാങ്ങുന്ന പ്രശ്നമുണ്ട്. പുതിയ ആളുകൾ രക്തദാനത്തിനു തയാറായാലേ രക്തബാങ്കുകളിൽ ആവശ്യത്തിനു രക്തം സൂക്ഷിക്കാൻ കഴിയൂ. ഒരു വ്യക്തിയുടെ ജീവിതത്തിൽ രക്തത്തിന്റെ ആവശ്യകതയും പ്രാധാന്യവും പങ്കുവെക്കുന്നതിനായാണ് എല്ലാ വർഷവും ഒക്ടോബർ 1 ന് ഇന്ത്യയിൽ ദേശീയ സന്നദ്ധ രക്തദാന ദിനം ആചരിക്കുന്നത്. ‘ഇന്ത്യയിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിന്റെ പിതാവ്’ എന്ന് അറിയപ്പെടുന്ന ഡോ. ജയ്ഗോപാൽ ജോളി നൽകിയ മഹത്തായ സംഭാവനകളെ അനുസ്മരിക്കുന്നതിനായാണ് അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ ഒന്നിന് ഇന്ത്യയിൽ ദേശീയ സന്നദ്ധ രക്തദാന ദിനമായി ആചരിക്കുന്നത്. ഇന്ത്യയിലെ പ്രൊഫഷണൽ രക്തദാതാക്കളിൽ നിന്ന് രക്തം വിൽക്കുന്നതും വാങ്ങുന്നതും നിരോധിക്കുന്നതിനുള്ള പ്രചാരണത്തിന് അദ്ദേഹം നേതൃത്വം നൽകി. ഇത് പിന്നീട് ഇന്ത്യൻ സർക്കാർ ദേശീയ രക്തനയത്തിൽ ഉൾപ്പെടുത്തി.
രക്തം ദാനം നടത്തുമ്പോൾ
സ്ത്രീകൾ ആർത്തവസമയത്ത് രക്തദാനം നടത്തരുത്. മുലയൂട്ടുന്ന അമ്മമാർ, 6 മാസത്തിനുള്ളിൽ അബോർഷൻ സംഭവിച്ച സ്ത്രീകൾ എന്നിവരും രക്തദാനം നടത്തുവാൻ പാടില്ല. 45 കിലോഗ്രാമിൽ കൂടുതൽ ശരീരഭാരവും 12.5ൽ കൂടുതൽ എച്ച്ബി എന്നിവയുള്ള 18–60 പ്രായക്കാരായ ആരോഗ്യമുള്ള എല്ലാവർക്കും രക്തം ദാനം ചെയ്യാം. ദാനം ചെയ്ത് 24 – 36 മണിക്കൂറിനകം രക്തത്തിന്റെ അളവ് പഴയപടിയാകും. രക്തം അതേപടിയോ, പ്ലാസ്മ, പ്ലേറ്റ്ലറ്റ് എന്നിങ്ങനെ വേർതിരിച്ചോ സൂക്ഷിക്കാം. ഓരോ രോഗിക്കും ആവശ്യമുള്ളതനുസരിച്ചു നൽകാം. രക്തദാനത്തിനു നാലു മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. കൊഴുപ്പുള്ള ഭക്ഷണം പരമാവധി ഒഴിവാക്കണം. പ്രമേഹരോഗികളും കൊളസ്ട്രോൾ കൂടുതലുള്ളവരും രക്തദാനം നടത്തരുത്.
ഹൃദയാഘാത സാധ്യത കുറയ്ക്കും
രക്തദാനം ചെയ്യുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. രക്തംദാനം ചെയ്യുന്നത് രക്തത്തിന്റെ വിസ്കോസിറ്റി കുറയ്ക്കുന്നു. ഇത് ഹൃദയാഘാതം സാധ്യത കുറയ്ക്കും. ഉയർന്ന രക്ത വിസ്കോസിറ്റി രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ രക്തത്തിലെ അമിതമായ ഇരുമ്പ് കുറയ്ക്കുന്നു. രക്തത്തിൽ ഇരുമ്പ് അധികമായാൽ കരൾ, ഹൃദയം തുടങ്ങിയ അവയവങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന ഹീമോക്രോമാറ്റോസിസ് എന്ന അവസ്ഥയിലേക്ക് നയിക്കാം. പതിവ് രക്തദാനം ഈ അധിക ഇരുമ്പ് ശേഖരം ഇല്ലാതാക്കാൻ സഹായിക്കുന്നു. മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു. കൂടാതെ രക്തദാനം പുതിയ രക്തകോശങ്ങളുടെ ഉത്പാദനവും കൂട്ടുന്നു. രക്തം ദാനം ചെയ്യുമ്പോൾ രക്തനഷ്ടം നികത്താൻ ശരീരം പ്രവർത്തിക്കുന്നു. ഈ പ്രക്രിയ പുതിയ രക്തകോശങ്ങളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കും. രക്തകോശങ്ങളെ ആരോഗ്യകരവും പ്രവർത്തനക്ഷമവുമായി നിലനിർത്തുന്നു.
മദ്യപാനവും പുകവലിയും ശീലമാക്കിയവർ മാറി നിൽക്കേണ്ട
രക്തദാനത്തെപ്പറ്റിയുള്ള മിഥ്യാധാരണകൾ ഒഴിവാവാക്കേണ്ടത് അനിവാര്യം. തെറ്റായ പ്രചാരണം നടത്തുന്നവർ ഒരു ജീവൻ രക്ഷാ മാർഗമാണ് ഇല്ലാതാക്കുന്നത്. മദ്യപാനമോ പുകവലിയോ ശീലമാക്കിയവർ ആ കാരണം കൊണ്ട് രക്തദാനത്തിൽ നിന്നും മാറിനിൽക്കേണ്ട ആവശ്യമില്ല. എന്നാൽ പുകവലി മൂലം ശ്വാസകോശരോഗം ബാധിച്ചവർ രക്തം ദാനം ചെയ്യാൻ പാടില്ല. അത് അവരുടെ ആരോഗ്യസ്ഥിതിയേയും രക്തത്തിന്റെ ഗുണത്തെയും ബാധിക്കും. മദ്യപാനം മൂലം കരൾ രോഗം ബാധിച്ച വ്യക്തികളും രക്തദാനം ചെയ്യരുത്. ഇത്തരക്കാരുടെ രക്തത്തിൽ രക്തം കട്ടപിടിക്കുന്ന ഘടകങ്ങളുടെ അളവു വളരെ കുറവായിരിക്കും. കൂടാതെ ബിലിറൂബിൻ പോലെയുള്ള ഘടകങ്ങളും അവരുടെ രക്തത്തിൽ കൂടുതലായിരിക്കും. ഇതു രക്തദാതാവിനും ആ രക്തം സ്വീകരിക്കുന്ന രോഗിക്കും ഒരുപോലെ ദോഷകരം ആയിരിക്കും. ഇത്തരം രോഗങ്ങൾ ഒന്നുമില്ലെങ്കിൽ മദ്യപാനവും പുകവലിയും രക്തദാനത്തിനു തടസ്സമല്ല. രക്തം ദാനം ചെയ്യുന്ന ആൾ തലേദിവസം മദ്യപാനം ഒഴിവാക്കണം. അതുപോലെ പുകവലിച്ചാൽ, ആറു മണിക്കൂറിനു ശേഷം മാത്രം രക്തം നൽകുക.
രോഗ പ്രതിരോധ ശേഷി നശിക്കില്ല
രക്തം ദാനം ചെയ്താൽ രോഗ പ്രതിരോധ ശേഷി നശിക്കുമെന്നത് വ്യാജ പ്രചാരണമാണ്. രോഗപ്രതിരോധത്തിൽ പ്രധാന പങ്കുവഹിക്കുന്ന ശ്വേതരക്താണുക്കളും മൈക്രോഫേജും നഷ്ടപ്പെടുന്നു എന്ന ധാരണ മൂലമാകാം ആകാം പ്രതിരോധശേഷി നശിക്കുന്നു എന്ന മിഥ്യാ ധാരണ വന്നത്. ഇതു തീർത്തും തെറ്റായ ധാരണയാണ്. എന്തെന്നാൽ ദാനം ചെയ്യുന്ന രക്തത്തിൽ കൂടി വളരെ കുറച്ച് ശ്വേതാണുക്കൾ മാത്രമേ നഷ്ടപ്പെടുന്നുള്ളൂ. അത് ഒന്നരമാസത്തോടു കൂടി തന്നെ പഴയ നിലയിൽ എത്തുകയും. പഴയവയ്ക്കുക്കു പകരം പുതിയവ രൂപപ്പെടുന്നു എന്നൊരു ഗുണം കൂടി രക്തദാനത്തിനുണ്ട്. അതായത് രോഗപ്രതിരോധശേഷിയുടെ ഗുണനിലവാരം ചെറിയൊരു തോതിലെങ്കിലും മെച്ചപ്പെടുന്നു എന്നു സാരം. രക്തദാനം ആ വ്യക്തിയുടെ പ്രത്യുൽപാദന ശേഷിയെയും ഒരുതരത്തിലും ബാധിക്കില്ല. ചെറിയ ഒരു അളവിൽ രക്തം ശരീരത്തിൽ നിന്നും എടുക്കുന്നതു കൊണ്ടു ശരീരത്തിലെ ഒരു അവയവത്തിനും കേടുപാടു സംഭവിക്കില്ല. പഴയ രക്തം ശരീരത്തിൽ നിന്നു പോയി പുതിയ രക്തം വരുന്നതുകൊണ്ട് എല്ലാതരത്തിലും ശരീരത്തിന്റെ ആരോഗ്യത്തെ അതു മെച്ചപ്പെടുത്തുകയേ ഉള്ളൂ.