വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ സിഇഒ യു വി ജോസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫിസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം ശിവശങ്കറിനൊപ്പമിരുത്തിയാണ് ചോദ്യം ചെയ്തത്.
സർക്കാരിന്റെ ഭവന പദ്ധതിയായ വടക്കാഞ്ചേരി ലൈഫ് മിഷനുവേണ്ടി യുഎഇ റെഡ് ക്രസന്റുമായി കരാറുണ്ടാക്കിയത് യു വി ജോസായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി ചോദ്യം ചെയ്യൽ. പദ്ധതിക്കായി യൂണിടാകുമായി കരാറുണ്ടാക്കുന്നതിന് സഹായിച്ചത് എം ശിവശങ്കറാണെന്നും അതിനുള്ള പ്രതിഫലമായി കോഴ പണം ലഭിച്ചുവെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്.
ശിവശങ്കറിനെ തിങ്കളാഴ്ച വരെയാണ് ഇഡിയുടെ കസ്റ്റഡിയിൽ കോടതി വിട്ടിട്ടുള്ളത്. സ്വപ്നയുടെ ലോക്കർ തുറക്കാൻ സഹായിച്ച ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റിനെ അടക്കം ഇഡി ചോദ്യം ചെയ്തിരുന്നു. ശിവശങ്കർ പറഞ്ഞിട്ടാണ് ലോക്കർ തുറന്നതെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ മൊഴി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ലൈഫ്‍മിഷൻ സിഇഒയെ ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. പദ്ധതിക്ക് പണം നൽകുന്ന യുഎഇ റെഡ് ക്രസന്റിൽ നിന്നുള്ള വിദേശ സഹായം വകമാറ്റി യൂണിടാകിന്റെ അക്കൗണ്ടിലെത്തിക്കാൻ ക്രിമനൽ ഗൂഢാലോചന നടന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു.
English Summary: Life Mission: Ex-CEO questioned by ED
You may also like this video