Site icon Janayugom Online

ലൈഫ് മിഷന്‍ മൂന്നാംഘട്ടം; മനസോടിത്തിരി മണ്ണിലേക്ക് ഫെഡറല്‍ ബാങ്കിന്റെ ഭൂമിയും

ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തില്‍ ഭവന രഹിതര്‍ക്ക് ഭൂമി ലഭ്യമാക്കാനായി സംഘടിപ്പിക്കുന്ന മനസോടിത്തിരി മണ്ണ് ക്യാമ്പയിനില്‍ ഫെഡറല്‍ ബാങ്കും കൈകോര്‍ക്കുന്നു. മന്ത്രി എം വി ഗോവിന്ദന്റെ ചേമ്പറില്‍ വെച്ച് ഫെഡറല്‍ ബാങ്ക് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ബാബു കെ എ ലൈഫ് മിഷനുള്ള സമ്മതപത്രം കൈമാറി. ഫെഡറല്‍ ബാങ്കിന്റെ ലോണ്‍ കലക്ഷന്‍ ആന്റ് റിക്കവറി ഡിപാര്‍ട്ട്‌മെന്റാണ് ബാങ്കിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് വസ്തുക്കള്‍ ലൈഫ് മിഷന് കൈമാറിയത്. 

മൂവാറ്റുപുഴയില്‍ ഒന്നര ഏക്കര്‍ ഭൂമിയും പെരുമ്പാവൂരില്‍ പന്ത്രണ്ട് സെന്റും തൃശൂര്‍ ആമ്പല്ലൂരില്‍ അഞ്ച് സെന്റ് ഭൂമിയുമാണ് ഫെഡറല്‍ ബാങ്ക് ലൈഫ് മിഷനുവേണ്ടി നല്‍കുന്നത്. മനസോടിത്തിരി മണ്ണ് ക്യാമ്പയിന്റെ ഉദ്ഘാടന വേളയില്‍ 1,000 ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങാനായി 25 കോടി രൂപ നല്‍കുവാന്‍ കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ധാരണയായിരുന്നു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ഭൂരഹിതര്‍ക്ക് 50 സെന്റ് ഭൂമി സമീര്‍ പി ബി സംഭാവന നല്‍കിയിരുന്നു.

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മന്ത്രിയെ നേരിട്ട് വിളിച്ച് അടൂരിലെ കുടുംബസ്വത്തായ 13.5 സെന്റ് ഭൂമി നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചു. തുടര്‍ന്നാണ് ഫെഡറല്‍ ബാങ്ക് ഭൂഭവന രഹിതര്‍ക്ക് ഭൂമിയുമായി വന്നത്. മന്ത്രിയുടെ ചേംബറില്‍ വെച്ച് സമ്മതപത്രം കൈമാറുമ്പോള്‍ ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റ് സാജന്‍ ഫിലിപ്പ് മാത്യു, ജേഡി കോരാസോന്‍, ഷിന്‍ജ്യു അബ്ദുള്ള എന്നിവര്‍ സന്നിഹിതരായിരുന്നു.

Eng­lish Summary:Life Mis­sion Phase III; And the land of the Fed­er­al bank
You may also like this video

Exit mobile version