ലൈഫ് മിഷന്‍ പദ്ധതിയുടെ നടത്തിപ്പും ഫണ്ട് വിനിയോഗവും സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ ഇനി ആഭ്യന്തര വിജിലന്‍സ് സംവിധാനം. പദ്ധതി നടത്തിപ്പിലും ഫണ്ട് വിനിയോഗത്തിലുമുള്ള അപാകതകളും മറ്റ് പരാതികളും സമയബന്ധിതമായി പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനുമായാണ് തദ്ദേശസ്വയംഭരണവകുപ്പിലെ ആഭ്യന്തര വിജിലന്‍സ് സംവിധാനത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് വകുപ്പ് ഉത്തരവ് പുറത്തിറക്കി. ജില്ലാ ജോയിന്റ് ഡയറക്ടര്‍മാരുടെ കീഴിലുള്ള സംഘത്തിനായിരിക്കും പരിശോധനയുടെ ചുമതല.
ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി നിര്‍വഹണത്തിലും ഹഡ്കോ ലോണ്‍ വിനിയോഗവുമായി ബന്ധപ്പെട്ട ഫയലുകള്‍, രജിസ്റ്ററുകള്‍, മറ്റ് പ്രധാന രേഖകള്‍ മുതലായവ കൃത്യമായും വ്യക്തതയോടെയും സൂക്ഷിക്കുന്നതിലും പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വീഴ്ചവരുത്തുന്നതായി കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് പല തവണ നിര്‍ദേശങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്നുവെങ്കിലും വീണ്ടും അപാകതകള്‍ ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വിജിലന്‍സ് സംവിധാനം നടപ്പാക്കാനുള്ള തീരുമാനം.
ലൈഫ് പദ്ധതി നടത്തിപ്പും ഫണ്ട് വിനിയോഗവും സംബന്ധിച്ച പരാതികള്‍ കൃത്യമായി പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനും തദ്ദേശസ്വയംഭരണവകുപ്പിലെ ജില്ലാ ആഭ്യന്തര വിജിലന്‍സ് വിഭാഗത്തെ ചുമതലപ്പെടുത്തണമെന്ന് ലൈഫ് മിഷന്‍ സിഇഒയും നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. നവകേരളം സൃഷ്ടിക്കുന്നതിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപം നൽകിയ നവകേരളം കര്‍മ്മപദ്ധതിയിലെ സുപ്രധാന മിഷനാണ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍.
പദ്ധതിയിൽ ഇതുവരെ അഞ്ച് ലക്ഷം വീടുകൾ അനുവദിച്ചതില്‍ 3,85,145 വീടുകളുടെ നിർമ്മാണം പൂർത്തിയായി. 1,14,893 വീടുകളുടെ നിർമ്മാണം നടന്നുവരികയാണ്. കേരളത്തിലെ ഭവനരഹിതരുടെ പ്രശ്നങ്ങള്‍ക്ക് സമഗ്ര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലൈഫ് മിഷൻ പദ്ധതി കൂടുതല്‍ വേഗത്തിലും സുതാര്യമായും മുന്നോട്ട് പോകുന്നതിന് ആഭ്യന്തര വിജിലന്‍സ് സംവിധാനം സഹായകമാകും.
English Summary: Life Mission project implementation and fund utilization; Life Mission Project Implementation and Fund Utilization
You may also like this video