Site iconSite icon Janayugom Online

ശിക്ഷാ കാലാവധി പൂർത്തിയാക്കിയാൽ ജീവപര്യന്തം തടവുകാരെ മോചിപ്പിക്കണം: സുപ്രീം കോടതി

ജീവപര്യന്തം തടവിനു വിധിച്ച കുറ്റവാളികൾ നിശ്ചിതകാലം തടവ് പൂർത്തിയാക്കിയാൽ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി. 2002ലെ നിതീഷ് കടാര കൊലക്കേസിലെ പ്രതിയുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് നിർണായക വിധി. കടാര കൊലക്കേസിലെ പ്രതി സുഖ്ദേവ് പെഹൽവാൻ 20 വർഷം തടവുശിക്ഷ അനുഭവിച്ച സാഹചര്യത്തിൽ മോചിതനാക്കാമെന്ന് കോടതി വിധിച്ചിട്ടുണ്ട്.
തട‌വു ശിക്ഷയുടെ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ തുടരുന്നവരുടെ കാര്യത്തിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. ഈ ചിന്താഗതി തുടരുകയാണെങ്കിൽ എല്ലാ കുറ്റവാളികളും ജയിലിൽ തന്നെ മരിക്കേണ്ടി വരുമെന്നും കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ബി വി നാഗരത്ന, കെ വി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ച് പരാമർശിച്ചു.
കടാര വധക്കേസിലെ പ്രതി സുഖ്ദേവ് മാർച്ചിലാണ് 20 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കിയത്. ഇയാളെ ജൂലൈ 29‌ന് മോചിതനാക്കാൻ കോടതി വിധിച്ചിരുന്നു. എന്നാൽ ശിക്ഷാ പുനഃപരിശോധനാ ബോർഡ് സുഖ്ദേവിന്റെ മോചനം തടഞ്ഞു. ഇതോടെയാണ് സുഖ്ദേവ് സുപ്രീം കോടതിയെ സമീപിച്ചത്.
വിഷയത്തിൽ തീരുമാനമാകുന്നതു വരെ മൂന്നു മാസത്തേക്ക് സുഖ്ദേവിന് മോചനം നൽകാനാണ് കോടതി വിധിച്ചിരിക്കുന്നത്. ശിക്ഷാ പുനഃപരിശോധനാ ബോർഡിന്റെ നടപടിയെ കോടതി വിമർസിച്ചു. കേസിൽ ഡൽഹി സർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അർച്ചന പതക് ദേവ് ജീവപര്യന്തം എന്നാൽ ജീവിതകാലം മുഴുവൻ ജയിൽവാസം എന്നാണെന്ന് വാദിച്ചിരുന്നു. എന്നാൽ സുപ്രീം കോടതി ഈ വാദം തള്ളി. അതേസമയം ആജീവനാന്തം ജയിലില്‍ കഴിയാന്‍ വിധിക്കപ്പെട്ട കുറ്റവാളികളുടെ കേസുകളില്‍ ഇളവ് ആവശ്യമില്ലെന്നും കോടതി പറഞ്ഞു. 

Exit mobile version