Site iconSite icon Janayugom Online

ലൈഫ് സയന്‍സസ് പാര്‍ക്കുകള്‍ സംസ്ഥാനത്തുടനീളം സ്ഥാപിക്കും: മുഖ്യമന്ത്രി

sciencescience

ആരോഗ്യസംരക്ഷണം, വ്യവസായം, ഗവേഷണം എന്നിവയെ സമന്വയിപ്പിച്ച് കേരളത്തിന്റെ മറ്റു മേഖലകളിലും ലൈഫ് സയന്‍സസ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ പ്രധാന ലൈഫ് സയൻസ് കോൺക്ലേവായ ബയോ കണക്ടിന്റെ രണ്ടാമത് എഡിഷന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിജ്ഞാനാധിഷ്ഠിത സമൂഹത്തെ ശക്തിപ്പെടുത്തുന്നതില്‍ ലൈഫ് സയൻസസ് പാർക്കുകള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ബയോടെക്‌നോളജിയിലും ആരോഗ്യ പരിരക്ഷാ ഉപകരണരംഗത്തെ ഇന്നൊവേഷനുകള്‍ക്കും ഊന്നൽ നൽകുകയാണ് ഇത്തരം പാര്‍ക്കുകളിലൂടെ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം തോന്നയ്ക്കലിലെ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കുകൂടാതെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ലൈഫ് സയന്‍സസ് പാര്‍ക്കുകള്‍ സ്ഥാപിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നിപ വൈറസ്, കോവിഡ്-19 തുടങ്ങിയ രോഗങ്ങളും പ്രകൃതി ദുരന്തങ്ങളും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും പ്രതിരോധിക്കുന്നതിനും കേരളം സ്വീകരിച്ച മാര്‍ഗങ്ങള്‍ ആരോഗ്യ സംരക്ഷണത്തിലും ബയോടെക്‌നോളജിയിലും മുന്നേറ്റത്തിനുള്ള വഴിതുറക്കല്‍കൂടിയായിരുന്നു. മൈക്രോബയോം, ന്യൂട്രാസ്യൂട്ടിക്കൽസ്, ജീനോം ഗവേഷണം എന്നിവയിൽ മികവിന്റെ കേന്ദ്രങ്ങള്‍ക്കും സംസ്ഥാനം തുടക്കമിട്ടുകഴിഞ്ഞു. ലൈഫ് സയന്‍സ് രംഗത്തെ ഗവേഷണത്തിലും വികസനത്തിലും ഇന്നൊവേഷന്‍ ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റുന്നതിന് ആരോഗ്യ സംരക്ഷണത്തെ വ്യവസായവുമായി ബന്ധിപ്പിക്കുകയാണ് പാര്‍ക്കുകളിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരള വ്യവസായ വികസന കോര്‍പറേഷന്റെ (കെഎസ്ഐഡിസി) അനുബന്ധ സ്ഥാപനമായ കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക് (കെഎൽഐപി) ആതിഥേയത്വം വഹിക്കുന്ന പരിപാടിയിൽ ലൈഫ് സയന്‍സ് മേഖലയിലെ ശാസ്ത്രജ്ഞരും ഗവേഷകരും വ്യവസായ പ്രമുഖരും പങ്കെടുക്കുന്നുണ്ട്. ചടങ്ങില്‍ മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. കൃഷ്ണ എല്ല മുഖ്യപ്രഭാഷണം നടത്തി.
മന്ത്രി വീണാ ജോര്‍ജ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ എസ് ഹരികിഷോർ, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, കെഎൽഐപി ഡയറക്ടർ ബോർഡ് അംഗങ്ങളായ സി പത്മകുമാർ, ഡോ. സി എൻ രാംചന്ദ്, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ ഹരികൃഷ്ണന്‍, കേരള ലൈഫ് സയൻസ് പാർക്ക് സിഇഒ ഡോ. കെ എസ് പ്രവീൺ എന്നിവരും സംസാരിച്ചു. 

Exit mobile version