മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്ന് ആജീവനാന്ത പരിരക്ഷ ഉറപ്പുനല്‍കുന്ന നിയമം പാസാക്കുന്നതിനെതിരായ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചു. വിഷയത്തില്‍ കേന്ദ്രത്തിന്റെയും തെരഞ്ഞെടുപ്പ് കമ്മിഷന്റെയും പ്രതികരണം ആരാഞ്ഞ് സുപ്രീം കോടതി നോട്ടീസ് അയച്ചു. രാഷ്ട്രപതിക്ക് പോലും ഇത്തരത്തിലൊരു നിയമ പരിരക്ഷയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ക്ക് പ്രത്യേക നിയമപരിരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ച ചൂണ്ടിക്കാണിച്ച് ലോക് പ്രഹാരി എന്ന എന്‍ജിഒയാണ് ഹര്‍ജി സമര്‍പ്പിച്ചത്. സേവനവ്യവസ്ഥകള്‍ അനുസരിച്ചായിരിക്കും നിയമം നടപ്പാക്കുകയെന്ന് ചര്‍ച്ചയ്ക്കിടെ മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ സേവനവ്യവസ്ഥയില്‍ ഉള്‍പ്പെടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഇത്തരം നിയമങ്ങള്‍ തടസമാകുമെന്നും നിയമം നടപ്പാക്കുന്നത് സംബന്ധിച്ച നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ പറയുന്നു. വിഷയത്തില്‍ നിലവില്‍ സ്റ്റേയുടെ ആവശ്യമില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഈ വ്യവസ്ഥ ഏതെങ്കിലും തരത്തില്‍ ദോഷം വരുത്തുന്നുണ്ടോയെന്നും ഭരണഘടനപരമായ സാധുത നിലനില്‍ക്കുമോയെന്നും പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ ആജീവനാന്ത; പ്രോസിക്യൂഷന്‍ പരിരക്ഷ: സുപ്രീം കോടതി നോട്ടീസ് അയച്ചു

