Site iconSite icon Janayugom Online

ആര്‍ടി ഓഫിസുകളില്‍ വിജിലൻസിന്റെ മിന്നല്‍ പരിശോധന

മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ ഏജന്റുമാർ മുഖേന കൈക്കൂലി കൈപ്പറ്റുന്നതും ആർടി, സബ് ആര്‍ടി ഓഫിസുകളിലെ അഴിമതികളും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി ഓപറേഷൻ ‘ക്ലീൻ വീൽസ്’ എന്ന പേരില്‍ വിജിലൻസ് സംസ്ഥാനതല മിന്നൽ പരിശോധന നടത്തി. മോട്ടോർ വാഹന വകുപ്പിന് കീഴിലെ 17 റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസുകളിലും 64 സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസുകളിലും ഉൾപ്പെടെ ആകെ 81 ഓഫിസുകളിലായിരുന്നു ഇന്നലെ വൈകിട്ട് 4.30 മുതല്‍ പരിശോധന. ആർടി, സബ് ആർടി ഓഫിസുകളിൽ നിന്ന് ലഭിക്കുന്ന വിവിധ സേവനങ്ങൾക്ക് ഉദ്യോഗസ്ഥർ ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങുന്നതായും പൊതുജനങ്ങൾ ഓൺലൈൻ മുഖേന നേരിട്ട് സമർപ്പിക്കുന്ന അപേക്ഷകൾ ഉദ്യോഗസ്ഥർ കൈക്കൂലി ലഭിക്കുകയെന്ന ഉദ്ദേശ്യത്തോടെ ചെറിയ അപാകതകൾ ചൂണ്ടിക്കാണിച്ച് നിരസിക്കുന്നതായുമുള്ള പരാതികള്‍ വിജിലൻസിന് ലഭിച്ചിരുന്നു. 

ഡ്രൈവിങ് ടെസ്റ്റ് പാസാക്കുന്നതിന് ഡ്രൈവിങ് സ്കൂൾ ഉടമകൾ അപേക്ഷകരിൽ നിന്ന് പണം വാങ്ങി ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകുന്നതായും പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനായി വാഹന ഷോറൂമുകളിലെ ഏജന്റുമാർ മുഖേന ആര്‍ടി, സബ് ആര്‍ടി ഓഫിസുകളിലെ ക്ലറിക്കൽ ഉദ്യോഗസ്ഥരും മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങുന്നതായും വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

Exit mobile version