Site iconSite icon Janayugom Online

ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയം; രണ്ട് മരണം, പതിനഞ്ചുപേരെ കാണാതായി

ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ രണ്ടുപേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. പ്രളയത്തില്‍ നിരവധി വീടുകളും റോഡുകളും പാലങ്ങളും ഒലിച്ചുപോയി. ‘ഇതുവരെ രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാന്‍ഗ്രയില്‍ ഒഴുകിപ്പോയ ആളുകളെ കണ്ടെത്താനുളള ശ്രമം തുടരുകയാണ്. ധര്‍മ്മശാലയ്ക്ക് സമീപമുളള ഇന്ദിര പ്രിയദര്‍ശിനി ജലവൈദ്യുത പദ്ധതിക്കായി ജോലി ചെയ്തിരുന്നവരെയാണ് കാണാതായത്‘എന്ന് കാന്‍ഗ്ര ഡെപ്യൂട്ടി കമ്മീഷണര്‍ ഹേംരാജ് ബൈരവ വ്യക്തമാക്കി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. 

ഹിമാചലില്‍ ഒന്നിലധികം മേഘവിസ്‌ഫോടനമുണ്ടായിരുന്നു. കുളു ജില്ലയിലെ ബഞ്ചാര്‍, ഗഡ്‌സ, മണികരണ്‍, സൈഞ്ച് എന്നിവിടങ്ങളിലായി നാല് മേഘവിസ്‌ഫോടനങ്ങളാണ് ഉണ്ടായത്. മണാലി സബ് ഡിവിഷന്റെ പല ഭാഗങ്ങളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ വെളളപ്പൊക്കം, മണ്ണിടിച്ചില്‍, മേഘവിസ്‌ഫോടനം എന്നിവയ്ക്കുളള സാധ്യത കൂടുതലാണെന്ന് ഹിമാചല്‍ പ്രദേശ് പൊലീസ് ആസ്ഥാനം മുന്നറിയിപ്പ് നല്‍കി. എല്ലാ ജില്ലാ എസ്പിമാര്‍ക്കും എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുകളെ സജീവമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുന്നിന്‍ ചെരുവുകളിലേക്കും ജലാശയങ്ങളിലേക്കുമുളള അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്.

Exit mobile version