Site iconSite icon Janayugom Online

മിന്നലാക്രമണം; പകരച്ചുങ്കത്തില്‍ സമ്പദ്ഘടനകള്‍ ഉലയുന്നു

ഉയര്‍ന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കുള്ള യുഎസിന്റെ പകരച്ചുങ്കത്തില്‍ ലോക സമ്പദ്ഘടനകള്‍ ഉലയുന്നു. ലോകരാജ്യങ്ങള്‍ തമ്മിലുള്ള വന്‍ വ്യാപാരയുദ്ധത്തിനാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി തുടക്കമിട്ടിരിക്കുന്നത്. ആഗോള ഓഹരിവിപണിയില്‍ ഇന്നലെ മുതല്‍ ഇതിന്റെ പ്രതിഫലനം ദൃശ്യമായി. നിക്ഷേപകർ യുഎസ് ഓഹരി വിപണിയിൽ നിന്ന് പലായനം ചെയ്തതിനൊപ്പം ആഗോള വിതരണ ശൃംഖലകളെ ആശ്രയിക്കുന്ന കമ്പനികളുടെ ഓഹരികളും ഇടിവ് നേരിട്ടു. യുഎസിനെ കൂടാതെ ഏഷ്യയിലെയും ഓസ്ട്രേലിയയിലേയും ഓഹരി വിപണികളിൽ ഇടിവുണ്ടായി. ബിഎസ്ഇ സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു. ഐടി ഓഹരികള്‍ രണ്ടു ശതമാനമാണ് ഇടിഞ്ഞത്. ജപ്പാനിൽ നിക്കെെ മൂന്നര ശതമാനം ഇടിഞ്ഞു. ചെെനീസ് വിപണിയും താഴ്ന്നു. നിഫ്‌റ്റി 23,169.7 പോയിന്റിലാണ്‌ വ്യാപാരം തുടങ്ങിയത്‌. ഐടി സൂചിക രണ്ട്‌ ശതമാനത്തിലേറെ ഇടിവ്‌ നേരിട്ടു. യൂറോപ്യൻ വിപണികളെല്ലാം നഷ്ടത്തിൽ ക്ലോസ് ചെയ്തു.

സാമ്പത്തികരംഗത്തെ മിന്നലാക്രമണമായി ഇന്ത്യക്കുമേല്‍ 26 ശതമാനം തത്തുല്യ ചുങ്കമാണ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. അമേരിക്കയില്‍ എത്തുന്ന എല്ലാ ഉല്പന്നങ്ങള്‍ക്കും 10 ശതമാനം തീരുവയാണ് ചുമത്തിയത്. ചൈനക്ക് 34 ശതമാനം പ്രതികാരച്ചുങ്കം ചുമത്തി. നിലവില്‍ 20 ശതമാനം ഇറക്കുമതി ചുങ്കം ചൈനയ്ക്ക് മേലുണ്ട്. യൂറോപ്യന്‍ യൂണിയന്‍ 20, ജപ്പാന്‍ 24, വിയറ്റ്‌നാം 46, ദക്ഷിണ കൊറിയ 25 ശതമാനം എന്നിങ്ങനെയാണ് നിരക്കുകള്‍. ബംഗ്ലാദേശിന് 37, ശ്രീലങ്കയ്ക്ക് 44, പാക്കിസ്ഥാന് 29 ശതമാനവും നികുതി ചുമത്തിയിട്ടുണ്ട്. വിദേശ നിര്‍മ്മിത ഓട്ടോമൊബൈല്‍ ഉല്പന്നങ്ങള്‍ക്കും 25 ശതമാനം നികുതി ചുമത്തി.
ഓരോ രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന്റെ അളവ് കണക്കിലെടുത്തായിരുന്നു പരസ്പര താരിഫ് നിര്‍ണയിച്ചതെന്നാണ് വിവരം. ഇന്ത്യക്കുമേല്‍ ചുമത്തിയ 26 ശതമാനം പരസ്പര താരിഫ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. 10 ശതമാനം തീരുവ ഈ മാസം അഞ്ച് മുതലും കൂടിയ തീരുവ ഒമ്പതിനുമാണ് പ്രാബല്യത്തില്‍ വരിക. മരുന്നുകള്‍, ഊര്‍ജം, ചില ധാതുക്കള്‍ എന്നിവയെ ഒഴിവാക്കി. ഇത് ഇന്ത്യയിലെ ജനറിക് മെഡിസിന്‍ വ്യവസായത്തിന് ആശ്വാസം നല്‍കും. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സാധനങ്ങള്‍, ഇതിനകം താരിഫ് ചെയ്ത സ്റ്റീല്‍, അലുമിനിയം, ഓട്ടോ ഭാഗങ്ങള്‍ എന്നിവ, ഭാവിയില്‍ താരിഫുകള്‍ക്ക് വിധേയമായേക്കാവുന്ന വസ്തുക്കള്‍, സ്വര്‍ണം, വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങള്‍, ചെമ്പ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, സെമികണ്ടക്ടറുകള്‍, തടി വസ്തുക്കള്‍ എന്നിവയ്ക്ക് പ്രതികാരച്ചുങ്കം ബാധകമാകില്ല. 

Exit mobile version