കോച്ചിങ് സെന്ററിലുണ്ടായ വെള്ളക്കെട്ടിൽ മലയാളി ഉൾപ്പെടെ മൂന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിന് പിന്നാലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് കത്തെഴുതി വിദ്യാർത്ഥി. നേരിടുന്ന ദുരിത ജീവിതം തുറന്ന് പറഞ്ഞാണ് കത്ത്. രാജേന്ദ്ര നഗർ, മുഖർജി നഗർ, തുടങ്ങിയ ഏരിയകളിൽ ഓടകളുടെ നിർമ്മാണത്തിലെ പ്രശ്നങ്ങളും മുൻസിപ്പൽ കോർപ്പറേഷന്റെ അവഗണനയുമാണ് പ്രദേശം നേരിടുന്ന വെള്ളക്കെട്ടിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയ കത്തിൽ വിദ്യാർത്ഥികളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ടു. അവിനാഷ് ദുബെ എന്ന വിദ്യാർത്ഥിയാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്. കത്ത് ഹർജിയായി പരിഗണിക്കണോ എന്ന കാര്യത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനമെടുത്തിട്ടില്ല.
മുനിസിപ്പൽ കോർപ്പറേഷന്റെ അനാസ്ഥ കാരണം എല്ലാ വർഷവും മുഖർജി നഗറിലും രാജേന്ദ്രനഗറിലും വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാണ്. കാൽമുട്ട് വരെ മുങ്ങുന്ന അഴുക്ക് വെള്ളത്തിലൂടെ വേണം ഞങ്ങൾക്ക് നടക്കാൻ. നരക ജീവിതം ജീവിച്ചാണ് ഞങ്ങളെപ്പോലെയുള്ള വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതെന്നും കത്തിൽ അവിനാഷ് ദുബെ പറയുന്നു.
ഓടകളുടെ അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ മഴ പെയ്താൽ വെള്ളവും ഓടയിലെ അഴുക്കും കൂടിക്കലർന്ന് റോഡ് വെള്ളക്കെട്ടിലാകുന്നു. ഈ മലിനജലം വീടുകളിലേക്കും കയറുന്നുണ്ടെന്നും ദുബെ ചൂണ്ടിക്കാട്ടി. കൃമികളെപ്പോലെയുള്ള ജീവിതം ജീവിക്കാൻ മുൻസിപ്പൽ കോർപ്പറേഷനും ഡൽഹി സർക്കാരും ഞങ്ങളെ നിർബന്ധിതരാക്കുകയാണ്… ആരോഗ്യകരമായ ജീവിതം മുന്നോട്ട് നയിച്ചുകൊണ്ട് പഠനം നടത്തുക എന്നത് ഞങ്ങളുടെ മൗലികാവകാശമാണ്. സംഭവത്തിൽ നടപടി സ്വീകരിക്കാൻ സർക്കാരിന് ഉത്തരവ് നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
English Summary: like hell; Student’s Letter to Chief Justice
You may also like this video