Site iconSite icon Janayugom Online

ഓണം ലക്ഷ്യമിട്ട് മദ്യ ശേഖരം; വല്പനക്കായി സൂക്ഷിച്ച 37 ലിറ്റർ മദ്യവുമായി ഒരാളെ എക്‌സൈസ് പിടികൂടി

ഓണത്തോടനുബന്ധിച്ച് വില്പനയ്ക്കായി ശേഖരിച്ച് വച്ചിരുന്ന മദ്യം പിടിച്ചെടുത്ത് എക്‌സൈസ് സംഘം. മദ്യവുമായി അമ്പലവയൽ ആയിരംകൊല്ലി പ്രീത നിവാസിൽ എ സി പ്രഭാത് (47)നെ പിടികൂടി. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വയനാട് എക്‌സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യവുമായി പ്രതിയെ പിടികൂടിയത്. പ്രതിയുടെ അമ്പലവയലിൽ ആയിരംകൊല്ലിയിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന 37 ലിറ്റർ മദ്യവും എക്‌സൈസ് കണ്ടെടുത്തിട്ടുണ്ട്.

എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ സി ഡി സാബു, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സി വി ഹരിദാസ്, പ്രിവന്റീവ് ഓഫീസർമാരായ പി കൃഷണൻകുട്ടി, എ എസ് അനീഷ്, പി ആർ വിനോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം രഘു, കെ മിഥുൻ, എം സുരേഷ്, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ്, വനിത സിവിൽ എക്സൈസ് ഓഫീസർ ടി ഫസീല എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഓണാഘോഷത്തിന്റെ പശ്ചാതലത്തിൽ ജില്ലയിലുടനീളം കർശന പരിശോധനകൾ തുടരുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എ ജെ ഷാജി അറിയിച്ചു.

Exit mobile version