വാഹനാപകടത്തിൽ മരിച്ച അഞ്ജന ഷാജനും അൻസി കബീറും ഉൾപ്പെടെയുള്ളവർ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18’ ഹോട്ടൽ തുടർച്ചയായി നിയമലംഘനം നടത്തിയിരുന്നതായി എക്സൈസ്. അനുമതി നൽകിയിരിക്കുന്ന സമയം കഴിഞ്ഞ് ഹോട്ടലിൽ മദ്യവിൽപ്പന നടന്നിരുന്നു. ഇക്കാര്യത്തിൽ ലഭിച്ച പരാതിയിൽ അന്വേഷണം നടത്തി മുന്നറിയിപ്പ് അടക്കമുള്ള നിർദേശങ്ങൾ നൽകിയെങ്കിലും നിശ്ചിത സമയം കഴിഞ്ഞുള്ള മദ്യ വിതരണം പിന്നീടും തുടർന്നുവെന്നാണ് എക്സൈസ് ജില്ലാ മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നത്.
മോഡലുകൾ അപകടത്തിൽ മരിച്ച ദിവസവും നിശ്ചിത സമയം കഴിഞ്ഞ് ഹോട്ടലിൽ മദ്യം വിതരണം ചെയ്തുവെന്നാണ് കണ്ടെത്തൽ. ഒക്ടോബർ 31 പുലർച്ചെയാണ് ഇവർ അപകടത്തിൽ മരിച്ചത്. ഒക്ടോബർ 23ന് സമയം ലംഘിച്ചു മദ്യം വിളമ്പിയതായി പരാതി ലഭിച്ചിരുന്നു. ബാർ നടത്തിപ്പിൽ തുടർച്ചയായി പരാതികൾ ഉയർന്നതോടെയാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമ്മിഷണർ നിർദേശം നൽകിയത്.
നിശ്ചിത സമയം കഴിഞ്ഞും മദ്യ വിൽപ്പന പതിവായതോടെ ഹോട്ടലിന്റെ ബാർ ലൈസൻസ് തൽക്കാലത്തേക്ക് മരവിപ്പിച്ചിരുന്നു. എന്നാൽ, ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് കൊണ്ട് മാത്രം ഫലമുണ്ടാകില്ലെന്നും കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നുമാണ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഹോട്ടലുടമ റോയി വയലാറ്റിനെ എക്സൈസ് ചോദ്യം ചെയ്തേക്കും.
അതേസമയം, ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് തുടരുകയാണ്. പ്രതികൾ ചൂണ്ടിക്കാട്ടിയ സ്ഥലത്താണ് ഫയര്‍ ആന്‍റ് റസ്ക്യൂ സർവ്വീസിലെ ആറ് മുങ്ങല്‍ വിദ്ഗധര്‍ തെരച്ചിൽ നടത്തിയത്. അപകടത്തിന് പിന്നാലെ ഈ ഹാർഡ് ഡിസ്ക്കുകൾ കായലിൽ വലിച്ചെറിഞ്ഞെന്നാണ് ഹോട്ടൽ ജീവനക്കാരായ വിഷ്ണു കുമാറിന്റെയും മെൽവിന്റെയും മൊഴി. കാർ പിന്തുടർന്ന സൈജു തങ്കച്ചനുമായും റോയിയുമായും യുവതികൾ തർക്കിച്ചെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും റൂഫ് ടോപ്പിലെയും പാർക്കിങ് ഏരിയയിലെയും സിസിടിവി ക്യാമറുകളുടെ ഹാർഡ് ഡിസ്ക് ഊരി മാറ്റി ബ്ലാങ്ക് ഡിസ്ക് ഘടിപ്പിച്ച നിലയിലായിരുന്നു.
english summary; Liquor delivery at the hotel on the day the models died; Excise
you may also like this video;