Site iconSite icon Janayugom Online

ഡല്‍ഹിയില്‍ തീകായുന്നതിനിടെ ശ്വാസംമുട്ടി 4 പേര്‍ മരിച്ചു

ഡല്‍ഹിയില്‍ ശൈത്യം രൂക്ഷമാകുന്നു. തീ കായുന്നതിനിടെ കൽക്കരി പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. വടക്കൻ ഡൽഹിയിലെ അലിപൂരിലെ ഖേദ മേഖലയിലാണ് സംഭവം. മരിച്ചവരിൽ ഏഴും എട്ടും വയസുള്ള രണ്ട് കുട്ടികളും ഉൾപ്പെടുന്നു.

തണുപ്പകറ്റാൻ കൽക്കരി കത്തിക്കുകയും, മുറിയിൽ പുക നിറഞ്ഞതോടെ ശ്വാസം മുട്ടി മരിക്കുകയുമായിരുന്നുവെന്നാണ് നിഗമനം. നാലുപേരുടെയും മൃതദേഹങ്ങൾ ഒരേ മുറിയിൽ നിന്നാണ് കണ്ടെടുത്തത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഉത്തരേന്ത്യയിൽ കൊടും ശൈത്യമാണ് അനുഭവപ്പെടുന്നത്. കനത്ത മൂടൽമഞ്ഞ് കാരണം പല സംസ്ഥാനങ്ങളിലും ​ഗതാ​ഗതം താറുമാറായി. വരും ദിവസങ്ങളിലും സ്ഥിതി തുടരുമെന്നാണ് മുന്നറിയിപ്പ്. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പുലർച്ചെ മുതൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. 22 തീവണ്ടികൾ വൈകി. ഡല്‍ഹിയിലിറങ്ങേണ്ട 8 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഭാരത് ജോഡോ ന്യായ് യാത്രക്കായി രാഹുൽ ​ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ പോകാനിരുന്ന വിമാനവും മണിക്കൂറുകളോളം വൈകി. 11 മണിക്ക് ശേഷമാണ് സ്ഥിതി മെച്ചപ്പെട്ടത്. 3.4 ഡി​ഗ്രി സെൽഷ്യസാണ് ഡല്‍ഹിയിയിൽ ഇന്ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില. 5 ദിവസം കൂടി സ്ഥിതി തുടരുമെന്നാണ് മുന്നറിയിപ്പ്.

Eng­lish Sum­ma­ry: Lit Angithi to Sur­vive Win­ters, Fam­i­ly of 4 Die
You may also like this video

Exit mobile version